ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യമെത്തുക മനോഹരമായ ഒരുപിടി ഗാനങ്ങളാണ്. നിനക്കായ്, ഓർമയ്ക്കായ്, ആദ്യമായ് തുടങ്ങി, ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ വിജയൻ ഒരുക്കിയ മിക്ക ആൽബങ്ങളും മലയാളത്തിലെ എക്കാലത്തേയും ഹിറ്റുകളാണ്. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ സിനിമയിലും തന്റെ കയ്യൊപ്പിട്ട ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധായകനാകുന്ന പുതിയ ചിത്രമാണ് ‘കള്ളനും ഭഗവതിയും’. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം മാർച്ച് 31 നു തിയറ്ററുകളിലെത്തും. കെ.വി അനിലിന്റെ കഥയ്ക്ക്, സംവിധായകനും കെ.വി.അനിലും ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കിയ ചിത്രം പേരിന്റെ കൗതുകത്താലും ട്രെയിലറും പാട്ടുകളും സൃഷ്ടിക്കുന്ന ആകാംക്ഷയാലും ഇതിനോടകം പ്രേക്ഷക ശ്രദ്ധയിലേക്കെത്തിക്കഴിഞ്ഞു.
‘‘2019 ൽ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങൾ’ എന്ന ചിത്രത്തിനു ശേഷം ഞാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ഒന്നാമത്, സിനിമ എന്റെ മുഖ്യമേഖലയല്ല. മറ്റു പലതും ചെയ്യുന്നതിനിടെയാണ് സിനിമയ്ക്കായും സമയം നീക്കി വയ്ക്കുന്നത്. അതിനാലാണ് പലപ്പോഴും ഇടവേളകളുണ്ടാകുന്നതും.
എന്റെ മറ്റു സിനിമകളെപ്പോലെയല്ല, തുടക്കം മുതൽ ‘കള്ളനും ഭഗവതി’ക്കും നല്ല പ്രചാരം കിട്ടിയിട്ടുണ്ടെന്നാണ് വിശ്വാസം. അതിനു പല കാരണങ്ങളുണ്ട്. ഒന്ന് ചിത്രത്തിന്റെ പേരാണ്. ‘കള്ളനും ഭഗവതിയും’ എന്നു കേൾക്കുമ്പോൾ ആളുകൾക്ക് ഒരു ആകാംക്ഷയുണ്ടാകും. ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ എത്തിയപ്പോൾ, അതെല്ലാം ആളുകളെ സ്വാധീനിച്ചു എന്നാണ് മനസ്സിലാകുന്നത്’’. – വിജയൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

മാറ്റിയെഴുതിയ തിരക്കഥ
കെ.വി അനിൽ വന്ന് ഈ കഥ പറഞ്ഞപ്പോൾ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതിനു മുമ്പേ അനിൽ ഈ കഥ വിഷ്ണു ഉണ്ണികൃഷ്ണനോട് പറയുകയും അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തതാണ്. അനിൽ പിന്നീട് തിരക്കഥയുമായി വന്നു. എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം തിരക്കഥ വീണ്ടും പൊളിച്ചെഴുതിക്കൊണ്ടുവന്നപ്പോഴും അതിൽ ധാരാളം മാറ്റങ്ങൾ വേണ്ടി വരുമെന്ന് എനിക്കുറപ്പായിരുന്നു. കഥ എടുക്കാം എന്നാൽ തിരക്കഥയിൽ ധാരാളം മാറ്റങ്ങൾ വേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനും സമ്മതമായിരുന്നു. പിന്നീട് അനിലിന് സമയക്കുറവിനാൽ സഹകരിക്കാനായില്ല. തുടർന്ന് ഞാൻ മാത്രമാണ് തിരുത്തലുകൾ വരുത്തിയത്. അനിലിന്റെ തിരക്കഥയിലെ ഒരുപാട് സീനുകൾ ഒഴിവാക്കുകയും പുതിയ സീനുകൾ എഴുതിച്ചേർക്കുകയും ചെയ്തു. സംഭാഷണത്തിന്റെ എൺപത് ശതമാനവും മാറ്റി.
കൽക്കത്തയിൽ നിന്നൊരു ഭഗവതി
ഭഗവതിയെ കണ്ടെത്തുകയെന്നത് നിസ്സാര പരിപാടിയായിരുന്നില്ല. പാളിപ്പോകാവുന്ന ഒരു കഥാുപാത്രമാണ്. ഈ വേഷങ്ങളൊക്കെ അണിഞ്ഞ് കിരീടവും വച്ച് നിൽക്കുമ്പോൾ കൃത്യമായ മുഖമല്ലെങ്കിൽ നന്നാകില്ല. മലയാളത്തില്‍ പലരെയും നോക്കിയെങ്കിലും ശരിയായില്ല. അങ്ങനെയിരിക്കെയാണ് ഒരു കാസ്റ്റിങ് ഡിറക്ടർ വഴി മോക്ഷയുടെ ഫോട്ടോ കണ്ടതും അവരെ ബന്ധപ്പെട്ടതും. കഥയുടെ സംഗ്രഹം അയച്ചുകൊടുത്തപ്പോഴേ അവർ സമ്മതം അറിയിച്ചു. ബംഗാളിയിലെ ശ്രദ്ധേയയായ നാടക – ചലച്ചിത്രതാരമാണ് മോക്ഷ. തുടക്കത്തിൽ, ഭാഷ വഴങ്ങുമോയെന്ന ചില ആശങ്കകള്‍ അവർക്കുണ്ടായിരുന്നുവെങ്കിലും ഈ കഥാപാത്രത്തിനു യോജിച്ച മറ്റൊരാളില്ലെന്ന തോന്നലാണ് എനിക്കുണ്ടായത്.
അതേ പോലെ അനുശ്രീയുടെ പ്രിയാമണി എന്നകഥാപാത്രവും ഏറെ പ്രാധാന്യമുള്ളതാണ്. വളരെയധികം ഡപ്തുള്ള റോൾ. അവർ അത് മനോഹരമാക്കിയിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും പതിവു പോലെ തന്റെ വേഷം ഗംഭീരമാക്കി.
വിവാദത്തിനു വഴിയില്ല
കള്ളനും ഭഗവതിയും എന്ന പേര് കേൾക്കുമ്പോൾ തോന്നുന്ന ‘വിവാദസാധ്യത’ എന്ന ആശങ്ക അനാവശ്യമാണ്. ഏതെങ്കിലും ഒരു മതത്തെയോ വിശ്വാസത്തെയോ പുകഴ്ത്താനോ ഇകഴ്ത്താനോ ചിത്രത്തിൽ ഒരിടത്തും ശ്രമിച്ചിട്ടില്ല. ഒരാൾക്കുപോലും വിവാദപരമായി ചിന്തിക്കാനുള്ള അംശങ്ങൾ സിനിമയിലെങ്ങുമില്ല.

സലിം കുമാർ,ജോണി ആന്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രതീഷ് റാം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം, കലാ സംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് അജി മസ്‌ക്കറ്റ്. കൊറിയോഗ്രഫി കല മാസ്റ്റർ, ആക്‌ഷൻ മാഫിയ ശശി. ചിത്രം മാർച്ച് 31നു തിയറ്ററുകളിലെത്തും.