മോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് അബ്രഹാം ഖുറേഷിയുടെ രണ്ടാം വരവിനായി. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘എമ്പുരാനിലൂടെ’ അബ്രഹാം ഖുറേഷി വീണ്ടുമെത്തുമ്പോൾ പ്രേക്ഷക ലക്ഷങ്ങളുടെ പ്രതീക്ഷകൾ വാനോളം. സൂപ്പർസ്റ്റാര്‍ മോഹൻലാലിന്റെ മെഗാമാസ് അവതാരത്തിനായുള്ള കാത്തിരിപ്പുകൾക്ക് വേഗമേറ്റി ഇപ്പോഴിതാ ചിത്രത്തിന്റെ ലോഞ്ച് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിന് സമാരംഭം കുറിച്ചു. എൽ 2 ഇ ദി ലോഞ്ച് എന്ന ടൈറ്റിലോടു കൂടിയാണ് രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ടീസർ പങ്കുവച്ചിരിക്കുന്നത്.
ലൂസിഫർ ബാക്കിവച്ചു പോയ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും എംപുരാനെന്ന് ടീസറിൽ നിന്നും വ്യക്തം. പതിനഞ്ചാം വയസിൽ കാണാതായ സ്റ്റീഫൻ നെടുമ്പള്ളി പിന്നീടുള്ള 26 വർഷം എവിടെയായിരുന്നു എന്ന ചോദ്യം ടീസറിലുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായി തെന്നിന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും, ആശീർവാദ് സിനിമാസുമുണ്ട്. ഒക്ടോബർ 5 മുതലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്
കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പങ്കുവച്ച പോസ്റ്ററും കൗതുകം ജനിപ്പിക്കുന്നതാണ്. ‘ലൂസിഫറി’ല്‍ മോഹന്‍ലാലിന്റെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും ചോരയുടെ പാടുമൊക്കെയായി ആകാംക്ഷ ജനിപ്പിക്കുന്നതാണ് പോസ്റ്റർ.
അതേസമയം സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരം ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് സൂചന. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണത്രേ.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മുരളി ഗോപിയുടേതാണ് ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.