Monday 17 August 2020 11:01 AM IST

‘പലരും ചോദിക്കുന്നു, വിഗ്ഗ് ആണോന്ന്...ഇതെന്റെ സ്വന്തം മുടി തന്നെ..! ഈ ‘സുന്ദരിക്കുട്ടനെ’ മനസ്സിലായോ ?

Lakshmi Premkumar

Sub Editor

eric

ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ഈ മുഖം എവിടെയെങ്കിലും പരിചയമുണ്ടോ? കണ്ടാൽ സിനിമയിൽ അഭിനയിക്കുന്ന എസ്തറിന്റെ കട്ട് ഉണ്ടല്ലേ... പക്ഷെ എസ്തർ അല്ല. ഹമ്പട... പിന്നെ ആരാണിവൾ എന്നാണ് ഓർക്കുന്നതെങ്കിൽ ആ സ്ത്രീ ഒരു കള്ള ചിരിയിൽ പറയും " ഇതു ഞാനാണ്. എറിക്. എസ്തറിന്റെ അനിയൻ. ഡീ അല്ല ഡാ... ഡാ...

കോവിഡ് കാലം തുടങ്ങിയതോടെ പുറത്ത് ഇറങ്ങാനോ സ്കൂളിൽ പോവാനോ കഴിയുന്നില്ല. പിന്നെ ഓരോ ദിവസവും കളർ ആക്കാൻ ഇങ്ങനെ എന്തെങ്കിലുമൊക്കെ പരിപാടികൾ ഒപ്പിക്കും. എല്ലാത്തിനും ക്ലാപ്പടിച് ചേച്ചി എസ്തർ കൂടിയുണ്ടെങ്കിൽ സംഭവം ഉഷാർ.

പനമ്പള്ളി നഗറിലെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് എറിക്. സ്കൂളിൽ മുടി നീട്ടുന്നത് ശരിയായ രീതി അല്ലല്ലോ. അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ മുതൽ നീട്ടിയ മുടിയാണ്. അച്ഛനാണ് മുടി നീട്ടാൻ ഫുൾ സപ്പോർട്ട്. നീട്ടി കഴിഞ്ഞപ്പോൾ എനിക്കും നന്നായി ഇഷ്ടപ്പെട്ടു. പെൺകുട്ടിയാവാൻ വേണ്ടി ജസ്റ്റ്‌ ഒന്ന് സ്ട്രൈറ്റ് ചെയ്തു. വേറെ ഒന്നും ചെയ്തില്ല. പലരും ചോദിക്കുന്നു ഹെയർ വിഗ്ഗ് ആണോ ന്ന്. അല്ലെന്നേ .. ഇതെന്റെ സ്വന്തം മുടി തന്നെ. മുടി വട്ടത്തിൽ കറക്കി നാണം കുണുങ്ങി എറിക് പറയുന്നു.

ചേച്ചിയെ പോലെ തന്നെ സിനിമാ സ്വപ്നങ്ങളാണ് എറിക്കിനും. പരസ്യങ്ങളിൽ വളരെ സജീവമാണ്. അവസാനം അഭിനയിച്ച പരസ്യത്തിൽ മുടി ഒരു പ്രശ്നം ആകുമോ എന്ന് പേടി ഉണ്ടായിരുന്നു. പക്ഷെ ഡയറക്ടർ പറഞ്ഞു മുടി തൊടുകയേ വേണ്ടെന്ന്.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാവിലെ തോന്നിയ ഐഡിയ ആണ് ഈ പെൺ വേഷം. അച്ഛന്റെ സഹോദരന്റെ മോളുടെ ഡ്രസ്സ് ആണ്. ചെറിയൊരു ടച്ച്‌ അപ്പും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. പക്ഷെ ഫോട്ടോ എടുത്തു വന്നപ്പോൾ ഇച്ചിരി ലിപ്സ്റ്റിക് കൂടി ആകാമായിരുന്നു എന്ന് തോന്നി. കാര്യമെന്തായാലും സോഷ്യൽ മീഡിയയിൽ അച്ഛൻ അനിൽ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പല വിധ കമന്റുകളുമായി സുഹൃത്തുക്കളും ഒപ്പം കൂടി.

ഇനി എസ്തറിനു അനിയത്തിയായി അഭിനയിക്കാൻ ആരെങ്കിലും വേണെങ്കിൽ ദേ... ഇങ്ങോട്ട് നോക്കിയാൽ മതി. എറിക്ക ഈസ് റെഡി