Wednesday 21 December 2022 11:47 AM IST

ആത്മീയ വഴിയിലും മനസ്സിൽ നിറഞ്ഞു സിനിമ: ‘ഒഥല്ലോ’യുടെ ചലച്ചിത്രഭാഷ്യമായി ‘ഋ’

V.G. Nakul

Sub- Editor

fr-varghese-lal

പ്രിയപ്പെട്ടവരുടെ ആഗ്രഹത്തിനൊപ്പം നിന്നു വൈദികജീവിതത്തിലേക്കു കടന്നെങ്കിലും ആ മനസ്സിൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമുണ്ടായിരുന്നു. സെമിനാരിയിലെ പഠനകാലത്തും തുടർന്നുമൊക്കെ ഹ്രസ്വചിത്രങ്ങളൊരുക്കി തന്റെയുള്ളിലെ സിനിമാപ്രേമിയെ എക്കാലവും പ്രവർത്തനനിരതനാക്കിയിരുന്നു ഫാദർ വർഗീസ് ലാൽ. ഇപ്പോഴിതാ ആ മോഹം ആദ്യ ഫീച്ചർ ഫിലിമെന്ന സാഫല്യത്തിലെത്തി നിൽക്കുന്നു.

‘ഋ’ എന്നു പേരിട്ടിരിക്കുന്ന ഫാദർ വർഗീസ് ലാലിന്റെ ആദ്യ സംവിധാന സംരംഭം ജനുവരിയിൽ തിയറ്ററുകളിലെത്തും.

മഹാനായ നാടകകൃത്ത് വില്യം ഷേക്‌സ്‌പിയറിന്റെ മാസ്റ്റർ പീസുകളില്‍ ഒന്നായ ‘ഒഥല്ലോ’യുടെ അനുകൽപ്പനമാണ് ‘ഋ’. സുരേഷ് ഗോപിയെയും മഞ്ജു വാരിയരെയും പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് ഒരുക്കിയ ‘കളിയാട്ടം’ എന്ന ശ്രദ്ധേയ ചലച്ചിത്രം ‘ഒഥല്ലോ’യുടെ അനുകൽപ്പനമായിരുന്നു. ‘കളിയാട്ടം’ തിയറ്ററുകളിലെത്തി 25 വർഷം തികയുമ്പോഴാണ് മറ്റൊരു ‘ഒഥല്ലോ’ അനുകൽപ്പനമായ ‘ഋ’ തിയറ്ററുകളിലെത്തുന്നതെന്നത് യാദൃശ്ചികം.

fr.varghese-lal-3

‘‘മലയാളത്തിലെ മാറ്റി നിർത്തപ്പെട്ട ഒരു അക്ഷരം പോലെയാണല്ലോ ‘ഋ’ നെ പരിഗണിക്കുന്നത്. എന്നാൽ ഞാൻ മനസ്സിലാക്കിയതനുസരിച്ച്, മലയാളത്തിൽ സ്വന്തമായി അർഥമുള്ള ഒരു അക്ഷരം ‘ഋ’ ആണ്. സിനിമയ്ക്ക് എന്തുകൊണ്ടാണ് ഈ പേര് വന്നതെന്നു ചോദിച്ചാൽ, ഇതിലെ നായകന്റെ പേര് ഋഷി എന്നാണ്. അതിന്റെ ഒരു സൂചനയെന്ന നിലയിലും ഭാഷാപരമായ പ്രത്യേകതകൾ പരിഗണിച്ചുമാണ് ഇങ്ങനെയൊരു ടൈറ്റിൽ തീരുമാനിച്ചത്. എന്റെ അറിവിൽ, മലയാളത്തിലെ ആദ്യ ഒറ്റ അക്ഷര സിനിമയുമാകും ‘ഋ’ എന്നു തോന്നുന്നു’’.– ഫാദർ വർഗീസ് ലാല്‍ ‘വനിത ഓൺലൈനോടു’ പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നു എം.എ സിനിമ ആൻഡ് ടെലിവിഷൻ മൂന്നാം റാങ്കോടെ പാസ്സായ ഫാദർ വർഗീസ് ലാല്‍, ‘സിനിമയുടെ കാലബോധം’ എന്ന വിഷയത്തിൽ എം.ഫിൽ പൂർത്തിയാക്കി. ഇപ്പോൾ, ‘സിനിമയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ഗവേഷണത്തിനൊപ്പം ഒരു ആര്‍ട്സ് ആൻഡ് സയൻസ് കോളജിൽ മീഡിയ സ്റ്റഡീസിന്റെ എച്ച്.ഒ.ഡിയായും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിലെ പുത്തൂർ ആണ് നാട്. കുടുംബത്തോടൊപ്പം കോട്ടയത്ത് താമസം. ഭാര്യ – ജിസ പി.തമ്പി, മകൻ – ധ്യാൻ. ഇതിനോടകം ഫാദർ വർഗീസ് ലാല്‍ 20 ഹ്രസ്വചിത്രങ്ങൾ ഒരുക്കി. ഇതി ‘ടാഗ്’ ഏറെ ശ്രദ്ധേയമായി.

‘‘കുട്ടിക്കാലം മുതൽ സിനിമ എന്നെ ഏറെ ആകർഷിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ആത്മീയ വഴിയിലേക്കു തിരിയുകയായിരുന്നു. എനിക്കും ഇഷ്ടമായിരുന്നു. എന്നാൽ സിനിമാ മോഹവും വിട്ടില്ല. ഇതു രണ്ടും രണ്ടു തലമാണല്ലോ. ഇപ്പോഴും ഞാൻ സിനിമ ചെയ്യുന്നു എന്നു കേൾക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. എന്റെ കാഴ്ചപ്പാടിൽ കലയില്ലാതെ ഒരു മതവുമില്ല. മതത്തിൽ കലയില്ലെങ്കിൽ അതു വളരെ വിരസമാകും. കലയും ഈശ്വരനെ അറിയാനുള്ള ഒരു വലിയ മാർഗമാണ്’’.– ഫാദർ വർഗീസ് ലാല്‍ പറയുന്നു.

fr.varghese-lal-2

പ്രണയത്തോടൊപ്പം വർണ രാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ‘ഋ’ ക്യാംപസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. എം.ജി. യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.ജോസ്.കെ.മാനുവലിന്റേതാണ് തിരക്കഥ.

‘‘ഡോ.ജോസ്.കെ.മാനുവലിന്റെ കീഴിലാണ് ഞാൻ പി.എച്ച്.ഡി ചെയ്യുന്നത്. ഞങ്ങൾ ഒന്നിച്ച് നെടുമുടി വേണുവിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതു പലകാരണങ്ങളാൽ നടന്നില്ല. പിന്നീടാണ് ഈ സബ്ജക്ടിലേക്ക് എത്തിയത്’’.

ചിത്രത്തിന്റെ എഡിറ്റിങ്ങും ക്യാമറയും പ്രമുഖ സംവിധായകനും നടനുമായ സിദ്ധാർഥ്‌ ശിവ. ഗിരീഷ്‌ റാം കുമാർ, ജോർജ് വർഗീസ്, മേരി റോഡ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. രാജീവ് രാജനും നയന എൽസയുമാണ് നായികാ നായകൻമാർ. രഞ്ജി പണിക്കർ, ഡെയിൻ ഡേവിസ്, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് താരനിരയിലെ പ്രമുഖർ‌.

മികച്ച നവാഗത സംവിധായകനും മികച്ച തിരക്കഥയ്ക്കുമുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇതിനോടകം ‘ഋ’ നേടിക്കഴിഞ്ഞു.