Wednesday 07 December 2022 09:37 AM IST : By സ്വന്തം ലേഖകൻ

‘മീറ്റിങ്ങിന് ഒടുവിൽ മഞ്ജു എന്നോട് ചോദിച്ചു, ചേച്ചിയോട് സംസാരിക്കാൻ പറ്റുമോന്ന്...’: മനസ്സ് നിറഞ്ഞ നിമിഷം

manju-warrier

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി സംവിധായകൻ ജി.മാർത്താണ്ഡൻ.

‘മഞ്ജു വാര്യർ. ഇന്ന് മഞ്ജു വാര്യരുമായി നടന്ന മീറ്റിങ് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. മീറ്റിങ്ങിനിടയിൽ കുടുംബസംബന്ധമായ കാര്യങ്ങൾ സംസാരിച്ചു. എന്റെ ചേച്ചിക്ക് അടുത്ത കാലത്ത് ഒരു അസുഖം പെട്ടെന്ന് പിടിപ്പെട്ടു. അതിന്റെ ട്രീറ്റ്മെന്റിൽ ആണ് ചേച്ചി ഇപ്പോൾ. ടിനിടോമും ജോണി ആന്റണി ചേട്ടനും പോലുള്ള എന്റെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണിൽ സംസാരിച്ചത് ചേച്ചിക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു. മഞ്ജുമായിട്ടുള്ള മീറ്റിങ്ങിന് ഒടുവിൽ മഞ്ജു എന്നോട് ചോദിച്ചു, ചേച്ചിയോട് സംസാരിക്കാൻ പറ്റുമോന്ന്. ശരിക്കും പറഞ്ഞാൽ ഞാൻ അങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ച ഒരു കാര്യമായിരുന്നു അത്. അതെങ്ങനെ മഞ്ജു എടുക്കുമെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ടാണ് ഇങ്ങോട്ട് ചോദിച്ചത്. അങ്ങനെ ചേച്ചിയുമായി ഒരു പത്തു മിനിറ്റോളം മഞ്ജു വിഡിയോ കോൾ സംസാരിച്ചു. ചേച്ചിയുടെ മുഖത്തെ സന്തോഷം ഞാൻ അപ്പോ കണ്ടറിയുന്നുണ്ടായിരുന്നു. ശരിക്കും വല്ലാത്തൊരു മോട്ടിവേഷൻ ആയിരുന്നു അത്.ചേച്ചിയോടും എന്നോടും ഉള്ള മഞ്ജുവിന്റെ കരുതലിനും സ്നേഹത്തിനും ഒരുപാട് നന്ദി’.– മാർത്താണ്ഡൻ ഫെയ്സ്ബുക്കിൽ കുറിച്ചു.