Thursday 14 April 2022 11:28 AM IST

‘എനിക്ക് പ്രായം 61 ആയി, അച്ഛന് 96 വയസ്സുണ്ട്...അമ്മയ്ക്ക് 90’: ഇവൻ കളിയാക്കും, അച്ഛൻ ഡൈയാണ് എന്നൊക്കെ...

V.G. Nakul

Sub- Editor

g-venugopal

താഴത്തുവീട്ടിലെ ‍ജീനിൽ സംഗീതമുണ്ട്. പറൂർ സിസ്റ്റേഴ്സിലും അവരുടെ അനിയത്തിയും സംഗീത അധ്യാപികയു മായ സരോജിനിയിലും മകൻ ജി. വേണുഗോപാലിലും ആ തുടർച്ചയുണ്ട്. കുടുംബാംഗങ്ങളിൽ സുജാത മോഹനും ശ്വേത മോഹനും രാധികാ തിലകും ഉൾപ്പെടെ മലയാളത്തിന്റെ മനം കവർന്ന ഗായകരെത്രയോ ആണ്. ആ പരമ്പരയിലെ പുതിയമുഖമാണ് അരവിന്ദ്. മലയാളത്തിന്റെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെയും രശ്മിയുടെയും മകൻ.

‘ഹൃദയം’ സിനിമയിലെ ‘നഗുമോ...’ എന്ന കീർത്തനം പാട്ടു പഠിച്ചിട്ടില്ലാത്ത അരവിന്ദിനെ മലയാളിയുവത്വത്തിന്റെ പ്രിയഗായകനാക്കിയെങ്കിൽ അതിന്റെയൊക്കെ ആരൂഢം താഴത്തുവീടാണ്. അവിടുത്തെ സംഗീതചിട്ടകളാണ്.

സിനിമാപ്പാട്ടിന്റെ 38 ാം വർഷത്തിലാണ് ജി. വേണുഗോപാൽ. സിനിമയെന്ന മോഹമാണ് അരവിന്ദിനെ നയിക്കുന്നത്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നു സിനിമ പഠിച്ചെത്തി. ‘കൂടെ’, ‘ഹൃദയം’ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി. ഇപ്പോൾ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള തയാറെടുപ്പിലും.

‘വനിത’യുടെ വിഷുപ്പതിപ്പിനു വേണ്ടി വേണുഗോപാലും അരവിന്ദും ചേർ‌ന്നുള്ള സംഭാഷണം രസകരമായിരുന്നു. അച്ഛനും മകനും എന്നതിനപ്പുറം രണ്ടു സുഹൃത്തുക്കളെപ്പോലെയായിരുന്നു ഇരുവരും പാട്ടും സിനിമയും നിറഞ്ഞ നിമിഷങ്ങൾ പങ്കുവച്ചത്.

വേണുഗോപാൽ: എനിക്ക് പ്രായം 61 ആയി. ഇവൻ കളിയാക്കും. അച്ഛൻ ഡൈയാണ് എന്നൊക്കെ പറഞ്ഞ്. എന്റെ അച്ഛന് ഇപ്പോൾ 96 വയസ്സുണ്ട്. പല്ലോ മുടിയോ ഒന്നും പോയിട്ടില്ല. അമ്മയ്ക്ക് 90 ആയി. ചിട്ടയായുള്ള ജീവിതശൈലിയാണ് രണ്ടുപേരുടേതും.

g-venugopal-2 അമ്മ സരോജിനിയമ്മ, അച്ഛൻ ആർ.ഗോപിനാഥൻ നായർ, സഹോദരി രാധിക എന്നിവർക്കൊപ്പം വേണുഗോപാൽ

അരവിന്ദ്: അച്ഛനും നല്ല ചിട്ടയുള്ള ആളാണ്. എനിക്കും അതാണ് താൽപര്യം. ഞാൻ നല്ല ഫൂഡിയാണ്. അമ്മയുണ്ടാക്കുന്ന ദോശയും ചിക്കൻകറിയുമാണ് പ്രിയവിഭവങ്ങള്‍.

വേണുഗോപാൽ: എനിക്കു ദോശയും ഇഡ്ഡലിയും ബിരിയാണിയുമാണ് കൂടുതൽ പ്രിയം. രാവിലെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പോയി വ്യായാമം ചെയ്യും. യോഗയാണ് പ്രധാനം. ശബ്ദത്തിനു വേണ്ടി യുള്ള പരിശീലനമൊന്നും ഇപ്പോഴില്ല.

വേണുഗോപാൽ: ഒരു ഏപ്രില്‍ എട്ടിന് വിഷുക്കാലത്തായിരുന്നു എന്റെയും രശ്മിയുടെയും കല്യാണം. കുട്ടിക്കാലത്ത് വീട്ടിൽ വിഷു ആഘോഷിച്ചിരുന്നു. പിന്നീട് ആ സമയത്ത് പ്രോഗ്രാമിന്റെ തിരക്കായിരിക്കും. പണ്ട് കൈനീട്ടം ഇങ്ങോട്ടു കിട്ടുമായിരുന്നു. ഇ പ്പോൾ അങ്ങോട്ടു കൊടുക്കണം.

വേണുഗോപാൽ പറഞ്ഞു തീർന്നതും അരവിന്ദിന്റെ മറുപടി വന്നു – ‘‘കാശില്ലെങ്കിൽ ജി പേ ചെയ്താല്‍ മതി’’!