Thursday 22 October 2020 04:34 PM IST

നഷ്ടപ്പെട്ട മധുരസംഗീതം ജീവിതത്തിനു തിരിച്ചു കിട്ടും പോലെ ... ; 'പുത്തം പുതു കാലൈ ' മനസ്സിനെ തൊട്ടുണർത്തുമ്പോൾ ഗൗതം മേനോൻ സംസാരിക്കുന്നു.

Sreerekha

Senior Sub Editor

gou1

'അവരും നാനും - അവളും നാനും.. ' ഇതു വരെ പറയാത്ത ശൈലിയിൽ ഒരു പ്രണയ കഥയുമായി എത്തിയിരിക്കുകയാണ് ഗൗതം മേനോൻ വീണ്ടും. കോവിഡിന്റെ ഭീഷണിക്കാലത്ത്, ലോക് ഡൗൺ സമയത്ത് വർഷങ്ങളായി അകന്നു കഴിയുന്ന മുത്തച്ഛനെ കാണാനെത്തുന്ന പെൺകുട്ടിയുടെ കഥ. അവളും മുത്തച്ഛനും തമ്മിലുള്ള ഹൃദയബന്ധവും അതിനിടയിലൂടെ ഒളിപ്പിച്ചു വച്ച് പല അടരുകളിലൂടെ പറയുന്ന അവളുടെ അമ്മയുടെ പ്രണയ കഥയും. കഴിഞ്ഞയാഴ്ച ഒടിടിയിലൂടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'പുത്തം പുതു കാലൈ ', ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും പ്രതീക്ഷയും സ്നേഹവും പുതുവെളിച്ചവും പകരുന്ന അനുഭവമാകുന്നു. അതിൽ രണ്ടാമത്തെ ഷോർട് ഫിലിം 'അവരും നാനും - അവളും നാനും' ആണ് ഗൗതം മേനോൻ ഒരുക്കിയിരിക്കുന്നത്. തമിഴിലെ ശ്രദ്ധേയ നടൻ എം. എസ്. ഭാസ്കറും യുവ നടി ഋതു വർമ്മയും ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഹ്രസ്വചിത്രമാണെങ്കിലും, പതിവു പോലെ സംഗീതത്തിന്റെ മധുരവും അലിഞ്ഞു ചേർന്നതാണ് ഈ ജി വി എം സിനിമയും. പി. സി. ശ്രീറാമിന്റെ ക്യാമറ ഫ്രെയിമുകളെ അതിസുന്ദരമാക്കുന്നു.

'പുത്തം പുതു കാലൈ ' യിലെ ഷോർട് ഫിലിമുകളെല്ലാം തന്നെ പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും അനു ഭവങ്ങളും ചിന്തകളും ആണു മുന്നോട്ട് വയ്ക്കുന്നത്. എല്ലാം ഒരുക്കിയിരിക്കുന്നത് കഴിഞ്ഞ മാർച്ച് മാസത്തിലെ 21 ദിവസത്തെ ലോക് ഡൗണിന്റെ പശ്ചാത്തലത്തിലാണ്. കോവിഡിന്റെ ചുറ്റുപാടിലും ശുഭചിന്തയുടെ ഉണർവും ചെറുപുഞ്ചിരിയും പ്രേക്ഷകരിൽ ഉണർത്താൻ കഴിയുന്നുവെന്നതാണ് ഈ ആന്തോളജിയുടെ സവിശേഷത.

gou45

'കാർത്തിക് ഡയൽ സെയ്ത യെൻ' ചെയ്ത ശേഷം ഒരുക്കിയ 'അവരും നാനും - അവളും നാനു ' മിനെ കുറിച്ച് സംവിധായകൻ ഗൗതം മേനോൻ സംസാരിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ നിരാശ ചുറ്റും പടരുന്ന സാഹചര്യത്തിലും ശുഭപ്രതീക്ഷ പകരുന്ന തീം വച്ച് ഇങ്ങനെയൊരു ആന്തോളജി ചെയ്യാമെന്ന ആശയം വന്നതെങ്ങനെയായിരുന്നു?

പുതിയ പ്രതീക്ഷ, പുതിയ തുടക്കം, പുതിയൊരു പ്രഭാതം... ഇങ്ങനെയൊരു ആശയം അടിസ്ഥാനമാക്കി ഒരു ആന്തോളജി സിനിമ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച് ആമസോണിൽ നിന്ന് ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു. ലോക്ഡൗൺ സമയത്ത് മിനിമം ക്രൂ വച്ചിട്ട് സുരക്ഷിതമായി ചെയ്യാൻ പറ്റുന്ന സിനിമ ആയിരിക്കണം, പൊസിറ്റീവ് ചിന്ത പകരുന്ന സിനിമ ആയിരിക്കണം... അതായിരുന്നു അവർ മുന്നോട്ടു വച്ച ഐഡിയ. ഇപ്പോൾ പൊതുവെ വരുന്ന പുതിയ സിനിമകളെല്ലാം തന്നെ കുറച്ച് ‍‍ഡാർക് ആണ്. ആ സമയത്ത് അതിൽ നിന്നു വ്യത്യസ്തമായി പ്രേക്ഷകരിൽ പൊസിറ്റിവിറ്റിയും ഹോപ്പും പകരുന്ന ആശയം പ്രതിഫലിപ്പിക്കുന്ന സിനിമ ചെയ്യാമോയെന്ന് അവർ ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷ, പുതുജീവിതം എന്ന അവരുടെ ബേസിക് ഐഡിയ വച്ച് ഞങ്ങളെല്ലാം എഴുതുകയായിരുന്നു.

സുധ കൊങ്കാര, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്... ഞാൻ - ഇതിലെ അഞ്ച് സംവിധായകരെയും തീരുമാനിച്ചതും അവർ തന്നെ ആണ്. എല്ലാ സംവിധായകരുമായും അവർ ബന്ധപ്പെട്ടു.

എനിക്ക് ഈ ആശയം കേട്ടപ്പോൾ തന്നെ ഇതു ചെയ്യാൻ താൽപര്യം തോന്നി. എന്റെ എഴുത്തിലെ പാർട്ണർ ആയ രേഷ്മയുടെ അടുത്ത് ഇങ്ങനെയൊരു ആശയം ഉണ്ടായിരുന്നു. ഒരു പെൺകുട്ടിയും മുത്തച്ഛനും തമ്മിലുള്ള ഹൃദയബന്ധം പ്രതിപാദിക്കുന്ന സബ്ജക്ട്. ഞങ്ങളതിൽ കുറച്ചു വർക്ക് ചെയ്തു വികസിപ്പിച്ചെടുത്തു. ആമസോണിൽ സബ്മിറ്റ് ചെയ്തപ്പോൾ ഈ ഐഡിയ അവർക്ക് ഇഷ്ടമായി. സിനിമാട്ടോഗ്രഫി പി. സി. ശ്രീറാം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും സന്തോഷത്തോടെ താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ മിനിമം ക്രൂ വച്ചിട്ട് ചെയ്യുകയായിരുന്നു.

ഷൂട്ടിങ് വിശേഷങ്ങൾ?

മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. കുറച്ചു ലോക്കേഷൻ നോക്കിയിട്ടാണ് ഇതിലെ വീട് കണ്ടെത്തിയത്.

gou366

കാസ്റ്റിങ് ഞാനും രേഷ്മയും കൂടി ആലോചിച്ച് തീരുമാനിച്ചതാണ്. എം. എസ്. ഭാസ്കർ തന്നെ മതി, അതിനേക്കാളും സൂപ്പർ താര ഇമേജുള്ള ആക്ടർ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അദ്ദേഹം വളരെ ബ്രില്യന്റ് ആക്ടർ ആണ്. അദ്ദേഹത്തിന്റെയൊപ്പം വർക് ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഋതുവിന്റെ കൂടെ 'ധ്രുവ നക്ഷത്ര'ത്തിൽ മുൻപ് വർക് ചെയ്തിട്ടുണ്ട്. 'കണ്ണും കണ്ണും കൊള്ളയടിത്താലി'ൽ ഞാൻ ഋതുവിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. അവർ നല്ല പെർഫോമർ ആണ്. ഋതു ചെയ്താൽ ഈ കഥാപാത്രം നന്നാവുമെന്ന് തോന്നി. അങ്ങനെയാണ് ആ കാസ്റ്റിങ്ങിലേക്കു വന്നത്.

ഇതിൽ പറയുന്ന പ്രണയം ഡിഫറന്റ് ആണ്. പെൺകുട്ടിയുടെ അമ്മയും അച്ഛനും തമ്മിലുള്ള പ്രണയം ആ കഥാപാത്രങ്ങളെ ഒരിക്കലും കാണിക്കാതെയാണല്ലോ പ്രതിപാദിക്കുന്നത്?

gou2

മുത്തച്ഛന്റെയും കൊച്ചു മകളുടെയും സംഭാഷണത്തിലൂടെയാണ് ആ കഥാപാത്രങ്ങളുടെ പ്രണയം കടന്നു വരുന്നത്. പക്ഷേ, അമ്മയുടെ പാസ്റ്റ് വിഷ്വൽസ് ഒന്നും കാണിക്കുന്നില്ല. അതു വേണ്ട എന്നു വച്ചിട്ടാണ് ഇങ്ങനെ കാണിച്ചത്. അമ്മയുടെ ചെറുപ്പകാല സ്റ്റോറി വേണമെങ്കിൽ കാണിക്കാമായിരുന്നു. പക്ഷേ, അതില്ല... ചുവരിലെ ഏതാനും ഫോട്ടോസ് മാത്രമേയുള്ളൂ. മുത്തച്ഛന്റെ സംഭാഷത്തിലൂടെയാണ് അമ്മയുടെ പ്രണയം, ആ വിവാഹം, അത് അച്ഛനും മകളുമായുള്ള ബന്ധത്തിലുണ്ടാക്കിയ മുറിവ്... എല്ലാം പറയുന്നത്. പിന്നെ മകളിലെ സംഗീതം എന്ന അനുഗ്രഹം, അവളുടെ സ്വരം, വിവാഹത്തോടെ നഷ്ടപ്പെട്ടുവെന്ന അച്ഛന്റെ തീരാ നൊമ്പരം.

നേരിട്ടു കാണിക്കാതെ തന്നെ, പല പല അടരുകളിലായി ഇതിലെ രണ്ട് കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെ പഴയ കാലം തെളിഞ്ഞു വരുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടണം. അങ്ങനെ വിചാരിച്ചു. പിന്നെ കുറച്ച് മ്യൂസിക്കൽ ആയും ചെയ്യണമെന്ന് വിചാരിച്ചിരുന്നു. കാരണം, പെൺകുട്ടിയുടെ അമ്മ നേരിട്ടു വരുന്നില്ലെങ്കിലും അവരുടെ സംഗീതം ഈ കഥയിലെ പ്രമുഖ സാന്നിദ്ധ്യമാണ്.

ഈ ചിത്രത്തിലും സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടല്ലോ?

എന്തായാലും ഞാൻ ചെയ്യുന്ന സിനിമയിലെല്ലാം തന്നെ സംഗീതത്തിന് പ്രാധാന്യമുണ്ടാകാറുണ്ട്. ഈ കഥയിലും മ്യൂസിക്കിന് നല്ല സ്കോപ് ഉണ്ടായിരുന്നു. ഇതിൽ ഒരു സോങ്ങിന് സ്കോപ്പ് ഉണ്ടായാൽ നന്നായിരിക്കും എന്ന് ചിന്തിച്ചാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ഗോവിന്ദ് വസന്തിന്റെ കൂടെ വർക് ചെയ്യണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഓൺലൈനിലൂടെ യായിരുന്നു ഞങ്ങളുടെ ഡിസ്കഷനുകളെല്ലാം. ഡിഫറന്റ് ആയൊരു കർണാടിക് സോങ് വേണം എന്ന് ഞാൻ പറ‌ഞ്ഞു. അങ്ങനെ ഗോവിന്ദ് ട്യൂൺ ഒരുക്കി. കാർകി ലിറിക്സ് എഴുതി. അങ്ങനെയാണിതിലെ മനോഹര ഗാനം പിറന്നത്.

'പുത്തം പുതു കാലൈ 'യിലെ ഷോർട്ട് ഫിലിമുകളിൽ മിക്കതിലും പ്രായമേറിയ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. സാധാരണ ഫീച്ചർ ഫിലിമുകളിൽ നിന്നു വ്യത്യസ്തമായി അവരുടെ മനസ്സും ലോകവും കാണാൻ ശ്രമിക്കുന്നുണ്ടല്ലോ?

gou777

നാലു സിനിമകളിലും അങ്ങനെ വന്നിട്ടുണ്ട്. അതു യാദൃച്ഛികമായി സംഭവിച്ചതാണ്. ഇതിൽ ഞങ്ങൾക്ക് മറ്റു സംവിധായകർ ചെയ്യുന്ന തീം എന്താണെന്നു പോലും അറിയില്ലായിരുന്നു. പാൻഡമിക് സമയം ആയതു കൊണ്ട് മറ്റ് സംവിധായകരുമായി അവർ ചെയ്യുന്ന വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അവസരമോ സമയമോ കിട്ടിയിരുന്നില്ല. പക്ഷേ, ഒരു കോയിൻസിഡൻസ് പോലെ ആ ആംഗിളും വന്നിട്ടുണ്ട്.

സാധാരണ ഫീച്ചർ ഫിലിം ചെയ്യുന്നതും ഇപ്പോൾ ഒടിടി റിലീസിനായി ഷോർട്ട് ഫിലിം ചെയ്യുന്നതും തമ്മിൽ എന്തു വ്യത്യാസമാണ് അനുഭവപ്പെടുന്നത്?

ഫീച്ചർ ഫിലിം, ഷോർട് ഫിലിം, ഒടിടി അങ്ങനെ വേർതിരിച്ച് ഞാൻ കാണുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ 'കാർത്തിക് ഡയൽ സെയ്ത യെൻ' എന്ന ഷോർട് ഫിലിം ഞാൻ ചെയ്യാൻ തീരുമാനിക്കുമായിരുന്നില്ല. നമ്മുടെ ആശയം എത്ര മനോഹരമായി, അതർഹിക്കുന്ന സ്റ്റൈലിൽ ചെയ്യാൻ പറ്റുമെന്നാണ് നോക്കുന്നത്. അതു റിലീസ് ആകാൻ ഒരു പ്ലാറ്റ് ഫോം വേണം. യൂ ട്യൂബോ ഒടിടിയോ.. പ്രേക്ഷകരിലേക്ക് അനായാസം ഇതിന് എത്താൻ കഴിയണം. അതേ ചിന്തിക്കുന്നുള്ളൂ. ഒരു ഫീച്ച‌‌ർ ഫിലിം പോലെ തന്നെ ആണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. ഇത് തിയേറ്ററിൽ ഇട്ടാൽ തീർച്ചയായും ആളുകൾ കാണാൻ വരണം എന്ന ക്വാളിറ്റി മനസ്സിൽ വച്ചു തന്നെയാണ് ചെയ്തത്.

ആഗസ്റ്റിലായിരുന്നു ഷൂട്ടിങ്. സെപ്റ്റംബറിൽ പോസ്റ്റ് പ്രൊഡക്ഷൻ. ഒക്ടോബറിൽ റിലീസ്.

ചിത്രം ഇറങ്ങിയപ്പോഴുള്ള പ്രതികരണങ്ങൾ എങ്ങനെയുണ്ട്?

ഒരുപാട് പേർ കണ്ടിട്ടുണ്ട്. ഇനിയും ആളുകൾ കാണണം എന്ന് ആഗ്രഹിക്കുന്നു. തൊണ്ണൂറു ശതമാനം പ്രതികരണങ്ങളും പൊസിറ്റീവ് ആണ്. ഞാൻ സാധാരണയായി, ക്രിറ്റിക്സ് എഴുതുന്ന നിരൂപണങ്ങളൊന്നും അങ്ങനെ നോക്കാറില്ല. പക്ഷേ, ഫോണിൽ വരുന്ന മെസേജസ്, നമ്മുടെ സുഹൃത്തുക്കളും സിനിമാ സർക്കിളിലെ ആളുകളും പറയുന്നത് ഇതിലൂടെയെല്ലാം പ്രതികരണങ്ങൾ അപ്പോൾ തന്നെ കിട്ടാറുണ്ട്. ഞാൻ ഇതിൽ ഹാപ്പിയാണ്. സത്യത്തിൽ, കല നിരൂപണം ചെയ്യപ്പെടുകയോ റിവ്യൂ ചെയ്യപ്പെടുകയോ ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. എന്തൊക്കെയായാലും, റിവ്യൂസിന്റെ കാര്യത്തിലും ഞാൻ ഓക്കേ ആണ്.

ഒടിടി സിനിമകൾ പുതുതായി ധാരാളം ഇറങ്ങുന്നു. പക്ഷേ, സിനിമാ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ഈ സമയത്തെ കുറിച്ച് എന്തു തോന്നുന്നു?

സേഫ്റ്റിയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായി സിനിമ കാണാൻ പറ്റുന്ന സാഹചര്യമായാലേ ആളുകൾ തിയേറ്ററിലേക്ക് വരൂ. അമ്പതു ശതമാനം കാണികളെ വച്ച് സിനിമ റിലീസ് ചെയ്യാനും തിയേറ്റർ തുറക്കാനും പറഞ്ഞാൽ തീ‍ർച്ചയായും നിർമാതാക്കൾ മടിക്കും. സുരക്ഷിതമായ സമയമെത്താനായി നമ്മൾ കാത്തിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. തീർച്ചയായും അത് വെകാതെ വരും എന്ന് പ്രതീക്ഷിക്കാം. നല്ല നല്ല സിനിമകൾ ഇനിയും ഇറങ്ങും. പ്രേക്ഷകർ തിയേറ്ററുകളിലേക്ക് നിറയെ വരുന്ന ആ കാലം വൈകാതെ വരും... എന്നു തന്നെ ഞാനും പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

പിന്നെ, തിയേറ്ററിൽ പോകാത്ത, വീട്ടിലിരുന്നു സിനിമ കാണുന്ന വലിയൊരു ശതമാനം ആളുകളുമുണ്ട്. അതു കൊണ്ട് തന്നെ ഒടിടി പ്ലാറ്റ് ഫോമിനും തീർച്ചയായും നല്ല സാധ്യത ഉണ്ട്. അതും വർക് ചെയ്യും. ഇനിയും പുതിയ നല്ല കോമ്പിനേഷൻസ് കിട്ടിയാൽ ഇതു പോലെയുള്ള ചിത്രങ്ങൾ ചെയ്യാൻ താൽപര്യമുണ്ടെനിക്ക്.

Tags:
  • Movies