Monday 26 October 2020 03:26 PM IST

ഷമ്മിയും ഷെരീഫും ഒരേ സ്വഭാവക്കാർ, പക്ഷേ രണ്ടാമന്‍ അൽപം ഭേദമാണ്... കാരണം! ഹലാൽ ലവ് സ്റ്റോറിയുടെ വിശേഷങ്ങളുമായി ഗ്രേസ് ആന്റണി

Unni Balachandran

Sub Editor

gy Photo : alan_psycoz

പഴയ മലയാളം സിനിമകളിൽ ഉർവശി ചെയ്തിരുന്ന ഭാര്യാ കഥാപാത്രങ്ങളുടെ ന്യൂജനറേഷൻ പതിപ്പായിരുന്നു കുമ്പളങ്ങിയിലെ സിമി. അനാവശ്യമായി ഒച്ചയെടുത്ത ഭർത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച പുതിയ കാലത്തിലെ പെണ്ണ്. കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഭർത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമാണ് ഹലാൽ ലവ് സ്റ്റോറിയിലെ സുഹറ. സിമിയ്ക്ക് പിന്നാലെ സുഹറയെയും ഗംഭീരമാക്കിയ ഗ്രെയ്സ് ആന്റണി ‘ഹലാൽ ലവ് സ്റ്റോറി’യുടെ വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

എങ്ങനെ ഈ സിനിമയിലേക്ക് എത്തി?

ഹലാൽ ലവ് സ്റ്റോറിയിലെ സുഹറയായി സക്കരിയയാണെന്നെന്നെ വിളിച്ചത്. സുഡാനിക്ക് ശേഷമൊരു സിനിമ ചെയ്യുന്നുണ്ട്, ഡിസംബറിൽ ഫ്രീ ആയിരിക്കുമോന്ന് ചോദിച്ചു. ആ ചോദ്യം തന്നെ വലിയ സന്തോഷമായിരുന്നു. ഞാൻ സമ്മതിച്ചു. പിന്നെയാണ് സ്ക്രിപ്റ്റ് അയച്ചു തന്നത്. അത് കൂടെ വായിച്ചപ്പോൾ എക്സൈറ്റ്മെൻറ് ഇരട്ടിയായി. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിൽ വരുന്നത്. ഇന്ദ്രജിത്തിന്റെയും ജോജുവിന്റെയും ഭാര്യമാരുടെ വേഷങ്ങൾ. ഇതിലേതായിരിക്കും എന്റേതെന്ന് അറിയാനൊരു ആകാംക്ഷയായിരുന്നു. സക്കറിയ എന്നോട് ചോദിച്ചപ്പോൾ, സുഹറയുടെ റോൾ ആണ് ഇഷ്ടമെന്ന് പറയുകയും ചെയ്തു. തീരുമാനം ഫൈനലൈസ് ചെയ്ത് വിളിക്കാമെന്ന് പറഞ്ഞ സക്കരിയ, പിന്നെ വിളിച്ചത് സുഹറയെ എനിക്ക് തരാനായിരുന്നു.

gy55



മലപ്പുറം ഭാഷ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടിയോ?

അവരുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നു. ഒരു മാസം ഞാനവരെ എന്നെകൊണ്ടാകുന്ന തരത്തിൽ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവര് തട്ടം ഇടുന്നത്, അള്ളാ എന്ന് ഉച്ചരിക്കുന്നമൊക്കെ എങ്ങനെയാണെന്ന് ശ്രദ്ധിച്ചു. പക്ഷേ, ഒബ്സർവ് ചെയ്തപ്പൊ ഏറ്റവും കൂടുതൽ ശ്രദധയിൽപ്പെട്ടത് നമ്മളെവരെ ശ്രദ്ധിക്കുമ്പോൾ അവര് എത്രമാത്രം കോൺഷ്യസാകുന്നുവെന്നാണ്. നമ്മളൊന്ന് നോക്കിയാൽ അവര് വല്ലാതെ സ്വയം ചെക് ചെയ്യും. ഈയൊരു സവിശേഷത , സ്വന്തം വീട്ടിൽ ഷൂട്ടിങ് നടത്തുമ്പോൾ സുഹറയ്ക്ക് ഉണ്ടാകുമെന്നും, അത് ക്യാരക്ടറിന് ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നു. പിന്നെ, തിരക്കഥാകൃത്തുകളായ സക്കരിയയുടെയും മുഹ്സിന്റെയും നാടാണത്. അവരുടെ നാടിനെ സിനിമയിൽ കാണിക്കുമ്പോൾ വേണ്ടുന്ന കറക്ഷനെല്ലാം, അവര് തന്നെ തരുന്നുണ്ടായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട് മലപ്പുറത്തുള്ളവരൊക്കെ വിളിച്ചിരുന്നു. അവരുടെനാട് സിനിമയിൽ കണ്ടതിന്റെ സന്തോഷത്തെ പറ്റി പറയുന്നത് കേട്ടപ്പൊ, എനിക്ക് വലിയ ആശ്വാസമായിരുന്നു, നന്നായി ചെയ്യാൻ പറ്റിയല്ലോന്നോർത്ത്.

സിനിമയിലെ കരച്ചിൽ സീനിന് വേണ്ടി എന്തെങ്കിലും സ്പെഷൽ തയ്യാറെടുപ്പ് നടത്തിയോ?


നമ്മുടെ ഇമോഷൻസിനെ ചെയ്യുന്ന സീനിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എനിക്ക് വിലപ്പെട്ടത്. അതുകൊണ്ട് കരയുവാണെങ്കിൽ കരഞ്ഞും, ചിരിക്കുവാണെങ്കിൽ ചിരിച്ചും അഭിനയിക്കാനാണ് എനിക്കിഷ്ടം.  പണ്ട് വിദേശ സിനിമകളൊക്കെ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഇവരെങ്ങനെയാ ഇങ്ങനെ നാച്യറലായി കരയുകയും ചിരിക്കുകയും ചെയ്യുന്നതെന്ന്. അപ്പൊ ഞാൻ തന്നെ കണ്ടുപിടിച്ചതാണ് ഈ  സുത്രപ്പണി. സ്വന്തം ജീവിതത്തിലെ ഇമോഷൻസിനെ ,നമ്മൾ അഭിനയിക്കുന്ന സീനിലേക്കും ഉപയോഗിക്കാൻ നോക്കുകയെന്നത്. പാർവതിയുടെ ക്യാരക്ടർ സിനിമയിൽ പറഞ്ഞത് തന്നെയാണ് ഞാനും ചെയ്തത്. എനിക്ക് ഏറ്റവും വിഷമം തോന്നുന്ന കാര്യമങ്ങ് ആലോചിച്ചും. പിന്നെ കരച്ചില് നിർത്താൻ മാത്രമേ പാടുപെടേണ്ടി വന്നുള്ളൂ.എല്ലാവരും ഏറ്റവുമധികം അഭിനന്ദിച്ച സീനാണത്.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയുണ്ടോ ?

നല്ല പേടിയുണ്ടായിരുന്നു. കാരണം കുമ്പളങ്ങിയിലും ഇപ്പൊ ഹലാലിലും ഭാര്യാ വേഷമാണ് കിട്ടിയത്. 23 വയസ്സേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോൾ ചെയ്താൽ എന്റെ പ്രായത്തിന് ചേരുന്ന റോള് കിട്ടാതിരിക്കുമോ എന്നൊക്കെ ആലോചിച്ചു. പക്ഷേ, ക്യാരക്ടർ ചെയ്തു തുടങ്ങി , ആ കഥാപാത്രത്തിന് എത്രമാത്രം പെർഫോം ചെയ്യാനുള്ള സ്പേസുണ്ടെന്ന് മനസിലാക്കുമ്പോൾ ഈ പേടിയെല്ലാം പോകും. അതുകൊണ്ട് ഇനിയാണെങ്കിലും ഇത്തരം നല്ല റോളുകൾ വന്നാൽ ചെയ്യാൻ തന്നെയാണ് തീരുമാനം.

gy2



ഷമ്മിയാണോ ഷെരീഫാണോ കൂടുതൽ പ്രശ്നക്കാരനായ ഭർത്താവ്?

ഷമ്മിയും ഷെരീഫും. രണ്ട് പേരും അത്ര നല്ല ഭർത്താക്കൻമാരല്ല. സ്വന്തം ചേട്ടനെ പോലെ നിന്നിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഷമ്മിയും, നിനക്കീ വീട്ടിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഷെരീഫും ഏകദേശം ഒരേ കയറിൽ കെട്ടാവുന്ന ആളുകളാണ്. ഷമ്മി ഭാര്യക്ക് സ്പേയ്സ് തരുന്നേയില്ല. പക്ഷേ, ഷെരീഫിന്റെ കാര്യത്തിൽ പരസ്പരം സ്പെയ്സ് കിട്ടാതെ പോകുന്നതിന്റെ പ്രശ്നങ്ങളാണ് കൂടുതലും. അങ്ങനെ നോക്കിയാൽ ഷമ്മിയേക്കാളും ഭേദപ്പെട്ടയാളാകും ഷെരീഫ്.

സിനിമയിലെ ഏറെ പ്രിയപ്പെട്ട സീനുകൾ?

ജോജു ചേട്ടൻ മകൾക്കായി സൈക്കിൾ വാങ്ങി വരുന്ന സീനെനിക്ക് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു. പണ്ടെന്റെ പപ്പാ ചോക്ലേറ്റുമായിവരുന്നത് കാത്ത് നിൽക്കാറുള്ളതാണ് എനിക്കത് കണ്ടപ്പൊ ഓർമവന്നത്. അതുപോലെ സ്വന്തം ഭാര്യയെ അഭിനയിക്കാൻ എടുത്തതിന്റെ പേരിൽ മാത്രം, കൂടെ അഭിനയിക്കാൻ അവസരം കിട്ടിയ ഷെരീഫിന്റെയൊരു നടത്തമുണ്ടായിരുന്നു. ഇന്ദ്രേട്ടന്റെ ആ സീനും എന്റെ ഫേവറിറ്റാണ്.

സിനിമയുടെ രാഷ്ട്രീയ നിലപാടിനെ സംബന്ധിച്ച് പല ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നുണ്ടല്ലോ?

എന്നെ സംബന്ധിച്ചിടത്തോളം സിനിമയെപറ്റി ആളുകള് സംസാരിക്കുന്നുവെന്നതാണ് വല്യ കാര്യം. തീർച്ചയായും എഴുത്തുകാരന്റെയും സംവിധായകന്റെയും രാഷ്ട്രീയം സിനിമയിലേക്ക് വരാം. ചർച്ചചെയ്യപ്പാടാൻ കൂടിയാവാം അവരത് സിനിമയിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴത്തെ സിനിമാ പ്രേമികൾ ഓരോ കാര്യങ്ങളും സസൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണെല്ലോ. പക്ഷേ, ഇതൊന്നും എന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. സിനിമ ചർച്ചചെയ്യപെടണമെന്നത് മാത്രമാണ് എന്റെ രാഷ്ട്രീയം.

ഡാൻസും സിനിമയും?

സിനിമയിലഭിനയിക്കാൻ വേണ്ടി ഡാൻസ് പഠിക്കാൻ പോയതാണ്.അങ്ങനെ ബിഎ ഭരതനാട്യം ചെയ്തു. ടീച്ചറായി ജോലി ചെയ്യുന്ന സമയത്ത് സിനിമ വന്നുവിളിച്ചു ചാടിയിറങ്ങിയത്. ചെറുപ്പം മുതലേയുള്ള ക്രേസായിരുന്നു സിനിമ. ക്ലാസിലെ ടീച്ചർമാരെ അനുകരിച്ചായിരുന്നു തുടക്കം. വൈകിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പൊ കയ്യിലൊരു വടിയെടുത്ത്, വഴിയിലുള്ള ചെടികളെയെല്ലാം അടിക്കും. ഓരോ ടീച്ചറും കുട്ടിയെ അടിക്കുന്ന സ്റ്റൈലിലായിരിക്കും ഞാനും ഓരോ ചെടിയെയും അടിക്കുക. അനുകരണം പിന്നീട് അഭിനയമോഹമായി. അച്ഛൻ ആന്റണിയും അമ്മ ഷൈനിയും ചേച്ചി സെലീനയും ഭർത്താവ് ഫെലിക്സും മകൻ ഹിഗ്വൈനുമടങ്ങുന്ന വീട്ടിലെ എല്ലാവരുടെയും സപ്പോർട്ടാണ് ഇപ്പോ സിനിമാ ജീവിതം കിടിലനാക്കി നിർത്തുന്നത്.

gy3

പുതിയ പ്രൊജക്ട് ?

ശ്രീനാഥ് ഭാസിയുടെ കൂടെ ‘സിംപ്ലി സൗമ്യയും’ നിവിൻ പോളിയുടെ കൂടെ ‘കനകം കാമിനി കലഹ’വും ആണ് ഇനി വരാനുള്ള പ്രൊജക്ടുകൾ.

Tags:
  • Movies