Wednesday 14 July 2021 10:48 AM IST

‘പഴയ ലാലേട്ടനെ പ്രണവിൽ കാണാം, ‘ചിത്ര’ ത്തിലെ ലുക്ക് റീ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല’: ‘ഹൃദയം’ നിറച്ച പോസ്റ്റർ: നിർമാതാവ് പറയുന്നു

V.G. Nakul

Sub- Editor

Lal

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാല്‍ നായകനാകുന്ന ‘ഹൃദയം’.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റർ എത്തിയത് – താരത്തിന്റെ പിറന്നാൾ ദിനത്തിൽ. കയ്യിൽ ക്യാമറയുമായി കുസൃതിച്ചിരിയോടെ നിൽക്കുന്ന പ്രണവാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. എന്നാൽ പോസ്റ്ററും പ്രണവിന്റെ ലുക്കുമൊക്കെ കണ്ട് പ്രേക്ഷകർ ആദ്യം പറഞ്ഞത് ‘ചിത്രത്തിലെ ലാലേട്ടന്‍’ എന്നാണ്. പ്രിയദർശന്‍ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ചിത്ര’ത്തിൽ മോഹൻലാലിന്റെ കഥാപാത്രം ഒരു ഫൊട്ടോഗ്രഫറാണ്. അതില്‍ മോഹൻലാല്‍ ക്യാമറയുമായി നിൽക്കുന്ന രംഗങ്ങളുമായാണ് പ്രണവിന്റെ സ്റ്റില്ലിനെ ആരാധകർ ചേർത്തു നിർത്തിയതും ചർച്ചയായതും.

‘‘മനപൂർവം ഈ സാമ്യത ലക്ഷ്യം വച്ച് ചെയ്ത പോസ്റ്ററല്ല. സിനിമയിലെ ഒരു സീനിൽ നിന്നു പകർത്തിയതാണ് പ്രണവിന്റെ ഈ ചിത്രം. അല്ലാതെ ‘ചിത്ര’വുമായി പോസ്റ്ററിനോ ലുക്കിനോ ഒരു ബന്ധവുമില്ല. ‘ചിത്ര’ത്തിലെ ലാലേട്ടന്റെ ലുക്ക് പുനർനിർമിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. ഫസ്റ്റ് ലുക്ക് തയാറാക്കാൻ സ്റ്റില്ലുകൾ നോക്കിയപ്പോൾ ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്ന് എന്ന രീതിയിലാണ് ഇതു തിരഞ്ഞെടുത്തത്’’. – ‘ഹൃദയ’ത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘പഴയ ലാലേട്ടനെ പ്രണവിൽ കാണാം. വളരെ ക്യൂട്ടാണ്. പോസ്റ്റർ ചെയ്തപ്പോൾ ഞങ്ങൾക്കും അതു തോന്നി. ഇത്തരമൊരു ലുക്കിൽ പ്രണവിനെ മുൻപ് കണ്ടിട്ടില്ലാത്തതിന്റെ കൗതുകവും പോസ്റ്ററിനുണ്ട്. ഇങ്ങനെയൊരു ചിരിയോടെ പ്രണവിനെ അവതരിപ്പിക്കമെന്ന് ഞങ്ങൾ‌ക്കും ആഗ്രഹമുണ്ടായിരുന്നു. അല്ലാതെ ‘ചിത്ര’ത്തിലെ ലുക്ക് റീ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല’’. – വിശാഖ് പറയുന്നു.

മറ്റൊരു പ്രണവിനെയാകും ഹൃദയത്തിൽ കാണുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാകും. 18 വയസ്സുമുതൽ 30 വയസ്സു വരെയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഹൃദയം.

പ്രണവും ഞാനുമൊക്കെ ഒന്നിച്ച് കളിച്ചു വളർന്നവരാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമാണ്. എന്റെ അപ്പൂപ്പന്റെ കാലം മുതലുള്ള ബന്ധം. അപ്പുവിനെ നായകനാക്കി ഒരു സിനിമ നിർമിക്കണമെന്നും വിനീത് ശ്രീനിവാസന്‍ അതു സംവിധാനം ചെയ്യണമെന്നും എന്റെ വലിയ ആഗ്രഹമായിരുന്നു. ഒടുവിൽ എല്ലാം കൃത്യമായി വന്നപ്പോള്‍ ‘ഹൃദയം’ സംഭവിക്കുകയായിരുന്നു. കല്യാണി, പ്രണവ്, ഞാൻ... ഞങ്ങളുടെ ഒരു ഫാമിലി റീ യൂണിയനാണ് ‘ഹൃദയം’.

മെരിലാന്‍ഡ് സുബ്രഹ്മണ്യം മുതലാളിയുടെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.

അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ‘ഹൃദയ’ത്തിലെ മറ്റു പ്രധാനതാരങ്ങള്‍.