Wednesday 02 September 2020 02:08 PM IST

ഇത് അമ്മയുടെ അവസാന പിറന്നാൾ ആകുമെന്ന് എന്റെ മനസ്സ് പറഞ്ഞു, അന്ന് ഞങ്ങൾ പതിവിലേറെ ഫോട്ടോ എടുത്തു! ഇടവേള ബാബു ഒടുവിൽ ഒറ്റയ്ക്കായി

V.G. Nakul

Sub- Editor

b1

‘അമ്മ പോയപ്പോൾ മുതൽ ഞാൻ ഇടയ്ക്കിടെ അറിയാതെ ആഗ്രഹിക്കും, മരണത്തിന്റെ തണുപ്പിൽ നിന്ന് ‘ബാബുവേ...’ എന്നു വിളിച്ച് അമ്മ എന്റെ അടുത്തേക്ക് തിരിച്ചു വന്നിരുന്നു എങ്കിൽ. എനിക്ക് എന്റെ അമ്മ മാത്രമല്ലേ ഉള്ളൂ... അമ്മയ്ക്കും ഞാൻ ഒറ്റയ്ക്കാണെന്ന ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്.’– അമ്മ ശാന്താ രാമന്റെ ഓർമകൾക്ക് മുന്നിൽ ഒരുനിമിഷം ഇടവേള ബാബു നിശബ്ദനായി. ശബ്ദം ഇടറി. ഒറ്റപ്പെട്ടവന്റെ വേദന വാക്കുകളിൽ നിറഞ്ഞു.

ഉത്രാട ദിനത്തിലാണ് ഇടവേള ബാബുവിന്റെ അമ്മ ശാന്താ രാമൻ (78) മകനെ തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞത്. ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌ക്കൂളിലെ സംഗീത – നൃത്താധ്യാപികയായി വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ശാന്തരാമന്‍. ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്‍ ഉൾപ്പടെയുള്ളവരുടെ പ്രിയപ്പെട്ട ടീച്ചറായിരുന്നു.

ബാബുവിന്റെ അച്ഛൻ വെള്ളാട്ട് രാമൻ കേരളാ പൊലീസിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. എ.ജയചന്ദ്രൻ ആണ് ബാബുവിന്റെ സഹോദരൻ.

b3

പിറന്നാൾ ആഘോഷത്തിന്റെ ആഹ്ളാദം

‘മരണത്തിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാൾ. ഞങ്ങൾ മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഉറങ്ങാന്‍ കിടന്നത്. പുലർച്ചെ ഒരു മണിയോടെ ടോയ്ലെറ്റിൽ പോയി തിരിച്ചു വരുമ്പോൾ കട്ടിലിനരികില്‍ കുഴഞ്ഞുവീണു. ശബ്ദം കേട്ട് സഹോദരന്‍ ജയചന്ദ്രന്‍ ഓടിയെത്തി. പത്തു മിനിറ്റിനുള്ളില്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.’– സംഭവിച്ചത് പറയുമ്പോൾ ബാബുവിന്റെ വാക്കുകളിൽ പതർച്ച.

‘‘അമ്മയായിരുന്നു എന്റെ ലോകം. അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി തുടരുന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ അത് സംഭവിക്കാതെ പോയി എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാലും അമ്മയ്ക്ക് ഞാൻ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം. അടുത്തിടെയായി ഞാൻ എപ്പോഴും അടുത്ത് വേണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ലോക്ക് ഡൗൺ ആയതോടെ അമ്മയുടെ ആ ആഗ്രഹവും നിറവേറ്റാൻ കഴിഞ്ഞു.

b5

ശിഷ്യരുടെ പ്രിയപ്പെട്ട ടീച്ചർ

ഒരുപാട് അനുഭവസമ്പത്തും ശിഷ്യരുമുള്ള ആളാണ് അമ്മ. ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന കെ.രാധാകൃഷ്ണൻ സാറുൾപ്പടെ, നാല് പതിറ്റാണ്ടിന്റെ ഒരു വലിയ ശിഷ്യനിര അമ്മയ്ക്കുണ്ട്. അമ്മ പഠിപ്പിച്ചവരും സംഗീതം പഠിപ്പിച്ചവരും നൃത്തം പഠിപ്പിച്ചവരുമുൾപ്പടെ എത്രയോ പേർ. എന്നെ നൃത്തം പഠിപ്പിച്ചത് അമ്മയാണ്. പല തലമുറയ്ക്ക് അമ്മ ഗുരുവായിരുന്നു. അമ്മ ഇരിങ്ങാലക്കുട ടൗണിലേക്കിറങ്ങിയാൽ ശാന്തടീച്ചറേന്ന് വിളിച്ച് എത്ര പേരാണ് ഓടിവരുക.

പിറന്നാൾ ആഘോഷം കഴിഞ്ഞാണ് അമ്മ പോയത്. ഇത്തവണ അമ്മയുടെ ജൻമദിനാഘോഷത്തിന് പതിവിൽ കൂടുതൽ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇനി ഒരു പിറന്നാൾ ആഘോഷത്തിന് അമ്മ ഉണ്ടായില്ലെങ്കിലോ എന്നൊരു തോന്നല്‍ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് സത്യമായപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ.

ലാലേട്ടന്റെ സ്നേഹം

25–ാം തീയതിയായിരുന്നു അമ്മയുടെ പിറന്നാൾ. അന്നായിരുന്നു ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി. അതിനാൽ എനിക്ക് അമ്മയോടൊപ്പം ഊണ് കഴിക്കാൻ സാധിച്ചില്ല. ഇക്കാര്യം പങ്കുവച്ചപ്പോൾ അമ്മയെ കണക്ട് ചെയ്യാൻ ലാലേട്ടൻ പറഞ്ഞു. വിഡിയോ കോളിൽ ലാലേട്ടനും ജയസൂര്യയും ഹണി റോസും രചന നാരായണൻ കുട്ടിയും അമ്മയുമായി സംസാരിച്ചു. അമ്മയ്ക്ക് വലിയ സന്തോഷമായി. ലോക്ക് ഡൗൺ കാലത്തും അമ്മയുമായി ലാലേട്ടൻ സംസാരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് ദാസേട്ടനും സുജാതച്ചേച്ചിയുമൊക്കെ എനിക്ക് അയച്ച വോയിസ് ക്ലിപ്പ് കേട്ട് ഒരു സംഗീത അധ്യാപികയെന്ന നിലയിൽ അമ്മയ്ക്ക് എന്നെക്കുറിച്ച് വലിയ അഭിമാനം തോന്നിയെന്ന് പറഞ്ഞിരുന്നു. എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു എല്ലാം.

അമ്മ എല്ലാവരേയും മനസ്സ് തുറന്ന് സ്നേഹിച്ച ആളാണ്. അച്ഛനും കലാസ്നേഹിയായിരുന്നു. പൊലീസിൽ ആയിരുന്ന അച്ഛൻ പിന്നീട് 12 വർഷത്തോളം പാറമേക്കാവ് ദേവസ്വത്തിന്റെ മാനേജരായിരുന്നു. ആനയും പൂരവും ഒക്കെയായി കലാകാരൻമാർ നിറഞ്ഞുനിന്ന വീടാണ് എന്റെത്.

b2

അഞ്ചു രൂപ ടീച്ചർ

ഗുരുനാഥൻമാരെ ബഹുമാനിക്കാൻ‌ ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്. കല ഒരിക്കലും സാമ്പത്തിക നേട്ടത്തിനായി അമ്മ ഉപയോഗിച്ചിട്ടില്ല. അടുത്തകാലം വരെ അമ്മ ഡാൻസ് പഠിപ്പിച്ചിരുന്നത് വെറും അഞ്ചു രൂപ കൈനീട്ടം വാങ്ങിയാണ്. ഞാൻ ചില സിനിമകളുടെ പ്രതിഫലക്കാര്യം സംസാരിക്കുമ്പോൾ, കലയ്ക്ക് കണക്ക് പറയരുത് മക്കളേന്ന് അമ്മ പറയും. അതിനാൽ പലപ്പോഴും ഞാനും തർക്കിക്കാറില്ല.

ലോക്ക് ഡൗൺ കാലത്ത് കഴിഞ്ഞ ആറേഴ് മാസമായി അമ്മയോടൊപ്പമായിരുന്നു. അതിനിടെ വല്ലപ്പോഴും ചില യാത്രകൾക്കിറങ്ങുമ്പോൾ, ‘നീ എപ്പോ തിരിച്ച് വരും..’ എന്ന് അമ്മ ചോദിക്കുമായിരുന്നു, ഞാൻ അമ്മയോടൊപ്പം വേണമായിരുന്നു എന്ന് അമ്മ ആഗ്രഹിച്ചിരുന്നു എന്ന പോലെ...’’