Monday 23 August 2021 01:05 PM IST

‘അത്തരം കാര്യങ്ങളിൽ ഒലിവർ ട്വിസ്റ്റിന്റെ അവസ്ഥയാണ് എനിക്ക്’: പ്രേക്ഷകരെ തൊട്ട ‘ഹോം’: ഇന്ദ്രൻസ് പറയുന്നു

V.G. Nakul

Sub- Editor

indrans-new-1

നമുക്കു ചുറ്റുമുള്ള ഒരുപാടു പേരുടെ പ്രതിനിധിയാണ് ഒലിവർ ട്വിസ്റ്റ്. സ്നേഹനിധിയായ മകൻ, ഭർത്താവ്, അച്ഛൻ... തന്റെ വേദനകളെയും താൻ നേരിടുന്ന അവഗണനകളെയും നേർത്ത ചിരിയോടെ നേരിടുന്നയാൾ. എല്ലാ നൊമ്പരങ്ങളെയും തനിക്കുള്ളിലൊതുക്കുന്ന പരാതികളില്ലാത്ത മനുഷ്യൻ.

‘ഹോം’ എന്ന മനോഹര ചിത്രം കണ്ടവരാരും ഈ കഥാപാത്രത്തെ മറക്കില്ല. അത്രത്തോളം ആഴത്തിൽ ഒലിവറും അയാളുടെ ജീവിതവും പ്രേക്ഷകരെ തൊട്ടു.

മലയാളത്തിന്റെ മഹാനടൻ ഇന്ദ്രൻസിന്റെ മികവാർന്ന മറ്റൊരു പകർന്നാട്ടമാണ് ഒലിവറിന്റെ ജീവൻ. നോട്ടത്തിൽ, ചിരിയിൽ, നൊടിയിടയിൽ മിന്നിമായുന്ന ഭാവങ്ങളിൽ, സൂക്ഷ്മ ചലനങ്ങളിലൊക്കെ ഒലിവറിനെ അനുഭവിപ്പിക്കാൻ ഇന്ദ്രൻസിനായി.

‘‘വ്യക്തിപരമായി ഒലിവറിനെ എനിക്കു കുറേയൊക്കെ മനസ്സിലാക്കാനായി. ഒരുപാട് അന്യമല്ലെന്നു തോന്നിയ ഒരു കഥാപാത്രമാണ്. ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളവരെ എനിക്കറിയാം. അവരുടെയൊക്കെ ജീവിതവുമായി ചെറിയ ചെറിയ സമാനതകള്‍ ഒലിവറിന്റെ ജീവിതത്തിൽ ഉടനീളമുണ്ട്. അതുകൊണ്ടു തന്നെ തിരക്കഥ വായിക്കുമ്പോൾ വലിയ സുഖം തോന്നി. കാണുന്നവർക്കും ഏതെങ്കിലും ഒരു രീതിയിൽ അനുഭവമുള്ള മുഹൂർത്തങ്ങൾ സിനിമയിലുണ്ട്. അതാണ് ചിത്രത്തിന്റെ വിജയം’’. – ഇന്ദ്രൻസ് ‘വനിത ഓൺലൈനോട്’ പറയുന്നു.

indrans-new-4

ഒതുക്കമുള്ള ഒലിവർ

ഒലിവറിന്റെ രീതികളെക്കുറിച്ച് സംവിധായകൻ കൃത്യമായി പറഞ്ഞിരുന്നു. അതിനനുസരിച്ചാണ് കഥാപാത്രത്തെ ഉൾക്കൊണ്ടത്. ഒലിവറിനെ സംബന്ധിച്ച് അയാൾ ഹാപ്പിയാണ്. തന്റെ ജീവിതത്തിൽ വന്നു പോകുന്ന പ്രശ്നങ്ങളിലൊന്നും അയാൾക്കു വലിയ ആവലാതിയില്ല. മാറി നിന്നു കാണുന്നവർക്കേ അവയുടെ ആക്കം മനസ്സിലാകൂ. അയാൾ നിരന്തരമായി ഇതിനെയൊക്കെ നേരിട്ട് ജീവിതം തുടരുകയാണ്. അപ്പോൾ അയാളുടെ രീതികൾക്കും അതിന്റെതായ ഒതുക്കമുണ്ട്. വലിയ ബഹളങ്ങളൊന്നുമില്ലാതെ, സ്വാഭാവികമായാണ് അയാള്‍ പ്രതികരിക്കുക. അതിനാൽ ജീവിക്കുകയെന്നേയുണ്ടായിരുന്നുള്ളൂ. അഭിനയിക്കേണ്ടി വന്നില്ല.

indrans-new-3

വളരെ കുറച്ചു ലൊക്കേഷനുകളില്‍ ചിത്രീകരിച്ചതെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു വീടിനുള്ളിലാണ് മിക്ക സീനുകളും. കാണികൾക്ക് മുഷിയാത്ത രീതിയിൽ ഓരോ സീനും സമയമെടുത്താണ് ഷൂട്ട് ചെയ്തത്. നല്ല ഫ്രെയിമുകളും കളർഫുള്ളായ പശ്ചാത്തലവുമൊക്കെ സിനിമയുടെ ഭംഗി കൂട്ടി.

ഒലിവർ ട്വിസ്റ്റിന്റെ അവസ്ഥ

ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആളല്ല. അത്തരം കാര്യങ്ങളോടൊന്നും താൽപര്യമില്ല.

വാട്സ് ആപ്പും ഫെയ്സ്ബുക്കും ഒന്നും ഇല്ലാത്തതിന്റെ സ്വസ്ഥതയുമുണ്ട്.

സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട ചെലതൊക്കെ കാണുകയും അറിയുകയും ചെയ്യുമ്പോൾ മടുപ്പു തോന്നുന്നതിനാലാണ് ഇതൊന്നും പഠിക്കുകയേ വേണ്ട എന്നു തീരുമാനിച്ചത്. എന്റെ ഫെയ്സ്ബുക്ക് പേജ് മോനാണ് കൈകാര്യം ചെയ്യുന്നത്. മോനും അനിയന്റെ മോനുമൊക്കെയാണ് അതുമായി ബന്ധപ്പെട്ടവ എന്നെ അറിയിക്കുക. ഇത്തരം കാര്യങ്ങളിൽ ഒലിവർ ട്വിസ്റ്റിന്റെ അവസ്ഥയാണ് എനിക്ക്.

എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്ന രീതി എനിക്കു പറ്റില്ല. പത്രം വായിക്കണമെങ്കിൽ പത്രം തന്നെ കിട്ടണം. അതിന്റെ മണവും വിശാലതയുമൊക്കെ വേണം.

indrans-new-2

രണ്ടു തരം കഥാപാത്രങ്ങൾ

ഹോമിലെ റോളിന് ഒരുപാട് പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. തിയറ്ററിൽ വരുന്ന സിനിമകളേക്കാൾ വേഗത്തിലാണ് ഒ.ടി.ടിയിൽ വരുന്ന സിനിമകൾക്ക് അഭിപ്രായങ്ങൾ ലഭിക്കുന്നത്.

അടുത്തിടെ ‘മാലിക്കിലും’ ഇപ്പോൾ ‘ഹോമിലും’ കിട്ടിയത് തീർത്തും രണ്ട് ദിശകളിൽ നിൽക്കുന്ന കഥാപാത്രങ്ങളെയാണ്.

‘മാലിക്കിലെ’ റോളിന് ശരീരം ഒന്ന് ഉണർത്തി വയ്ക്കേണ്ടതുണ്ടായിരുന്നു. ബാക്കിയൊക്കെ സംവിധായകന്റെ കൈകളിലായിരുന്നു. ആ കഥാപാത്രം എങ്ങനെയാണെന്ന് ഞാൻ കൃത്യമായി കണ്ടത് സിനിമയിലാണ്. അത്രത്തോളം സംവിധായകന്റെ നിയന്ത്രണത്തിൽ വളർന്ന വേഷമാണത്. ഹോമിൽ കുറച്ച് കൂടി ഫ്രീയായി നിന്നാൽ മതി. സംവിധായകന്റെ കൃത്യമായ നിർദേശങ്ങളുമുണ്ടായിരുന്നു. എല്ലാം ഗുരുനാഥൻമാരുടെ അനുഗ്രഹം.

കോമഡി റോളുകൾ ചെയ്യുക എന്നത് മോഹമല്ല, കൊതിയാണ്. അത് വലിയ ഊർജമാണ്. ഇനിയും അത്തരം റോളുകൾ വന്നാൽ തീർച്ചയായും ചെയ്യും.

indrans-new-5

മഞ്ജുവിനൊപ്പം

മഞ്ജു പിള്ള നല്ല നടിയാണ്. അടുത്ത സുഹൃത്തും. മഞ്ജുവിന്റെ ഒപ്പം അഭിനയിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. മുൻപ് സിനിമയിലും സീരിയലിലും ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശബ്ദത്തിലും കണ്ണിലുമൊക്കെ കുഞ്ഞു കുഞ്ഞു ഭാവങ്ങൾ കൊണ്ടു വന്ന് അതിശയിപ്പിക്കാൻ മഞ്ജുവിനാകും. സിനിമയിൽ അർഹിക്കുന്ന വേഷങ്ങള്‍ പലപ്പോഴും മഞ്ജുവിന് കിട്ടുന്നില്ല.

നാരദൻ, മധുരം, മേപ്പടിയാൻ, വിത്ത് ഇൻ സെക്കൻഡ്, മലയൻ കുഞ്ഞ് തുടങ്ങി ഇന്ദ്രൻസ് അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്...