Wednesday 29 March 2023 03:37 PM IST : By B. Sreerekha

ഹൃദയത്തോട് അത്രമേൽ ചേർത്തു വയ്ക്കുന്ന ഓർമകൾ; ‘കൂടെയുള്ളവരെ ചിരിപ്പിക്കുന്നതായിരുന്നു ഇന്നസെന്റ് ചേട്ടന്റെ സന്തോഷം’: നടി ഉ‍ർവശി

innocent-tribute-urvasi-cover

മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, തലയണമന്ത്രം, മിഥുനം... ഇന്നസെന്റും ഉർവശിയും ഓന്നിച്ച് അഭ്രപാളികളിൽ മലയാളികളെ വിസ്മയിപ്പിച്ച ഒട്ടേറെ സിനിമകളുണ്ട്. സ്ക്രീനിൽ മാത്രമായിരുന്നില്ല ഇന്നസെന്റ് തന്റെ നർമബോധം കൊണ്ട് കൂടെയുള്ളവരെ ചിരിപ്പിച്ചത്. ജീവിതത്തിലെ വേദനനിറഞ്ഞ സന്ദർഭങ്ങളെ പോലും ചിരിയിൽ പൊതിഞ്ഞ് കൂടെയുള്ളവരോടു പങ്കിടുന്ന ആളായിരുന്നു ഇന്നസെന്റ് എന്ന് നടി ഉർവശി ഓർക്കുന്നു.

‘‘ഇന്നസെന്റ് ചേട്ടനെപ്പോലെ, ഓർമകളെ അത്രമേൽ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന മറ്റൊരാളെയും ഞാൻ കണ്ടുമുട്ടിയിട്ടില്ല. കുട്ടിക്കാലം തൊട്ടുള്ള സംഭവങ്ങളെയെല്ലാം അത്ര തെളിച്ചത്തോടെ ഓർത്തെടുത്തു പൊടിപ്പും തൊങ്ങലും വച്ചു വിവരിച്ചു കൂടെയുള്ളവരെ ചിരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. അദ്ദേഹം അരികിലുള്ള നിമിഷങ്ങളിൽ ചിരിക്കാതിരിക്കാനായിരുന്നു ഏറ്റവും വലിയ പ്രയാസം.

വർഷങ്ങൾക്കു മുമ്പ് ചട്ടക്കാരിയുടെ തമിഴ് റീമേക്കിൽ നായികയായി അഭിനയിക്കുന്ന സമയത്തു ചെന്നൈയിൽ വച്ച് ഇന്നസെന്റ് ചേട്ടനെ ആദ്യമായി നേരിൽ കണ്ട നിമിഷം ഇന്നലെയെന്ന പോലെ മനസ്സിലുണ്ട്. അന്നൊക്കെ ചെന്നൈയിൽ താമസിക്കുന്ന മലയാളി സിനിമാക്കാർ തമ്മിൽ കുടുംബാംഗങ്ങളെ പോലൊരു അടുപ്പമുണ്ടായിരുന്നു. എന്റെ അച്ഛനമ്മമാർ പറ‍‌ഞ്ഞ് അദ്ദേഹത്തെ കുറിച്ചു ഞാൻ നേരത്തെ കേട്ടിട്ടുമുണ്ടായിരുന്നു. പക്ഷേ, ആദ്യമായി കാണുന്നത്, വിജയവാഹിനി സ്റ്റുഡിയോയുടെ ഒൻപതാം നിലയിൽ വച്ച് ആ സിനിമയിലെ പാട്ടിന്റെ ഷൂട്ടിങ്ങിന്റെ ഒരുക്കം നടക്കുന്ന സമയത്തായിരുന്നു. ഞാനും മോഹനും ആയിരുന്നു അതിൽ നായികാ നായകന്മാർ. കമൽ സാ‌ർ പാടിയ പാട്ടിന്റെ ഷൂട്ടായിരുന്നു. മറ്റൊരു നായകനു വേണ്ടി കമൽ സാർ പാടിയ പാട്ട് എന്ന കൗതുകവും ആവേശമുമായിരുന്നു എല്ലാവർക്കും. അന്ന് കുറേ കാഴ്ചക്കാരുമുണ്ടായിരുന്നു.

ആ സമയത്താണ് പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് വന്നു പറ‍ഞ്ഞത്. ‘അമ്മാ ഇത് നിങ്ങളുടെ നാട്ടുകാരനാണ്. പ്രൊഡ്യൂസർ, നടികർ, എല്ലാമാണ്. ഉങ്ക ഫാമിലിയെല്ലാം തെരിയുംന്ന് ശൊല്ലുന്നു. ഇന്നസെന്റ് എന്നു പേര്...’ ‍ അങ്ങനെയൊരു പേര് ആദ്യമായിട്ടാണു ‍ഞാൻ കേൾക്കുന്നതെന്നു പറ‍ഞ്ഞപ്പോൾ ഇന്നസെന്റ് ചേട്ടൻ പൊട്ടിച്ചിരിച്ചു.. ‍‘‘ഞാൻ മാത്രമേയുള്ളൂ ലോകത്ത് ഇതു പോലൊരാൾ... അതു കൊണ്ടാണ് ഇങ്ങനെയൊരു പേര്.’’ ശരിയാണ്. അദ്ദേഹത്തെ പോലെ മറ്റാരുമുണ്ടായിരുന്നില്ല.

അന്നൊക്കെ നായികയ്ക്കും നായകനും അവരുടെ പേരെഴുതിയ ടവൽ വിരിച്ച കസേര സെറ്റിൽ നൽകുമായിരുന്നു. പാട്ടിന്റെ ഷൂട്ടിങ്ങായിരുന്നതിനാൽ അടുത്തെങ്ങും വേറെ കസേരയും കാണാനുണ്ടായിരുന്നില്ല. അതിനാൽ ഞാൻ വേഗം എന്റെ കസേര അദ്ദേഹത്തിനായി നീക്കിയിട്ടു കൊടുത്തു. ഇങ്ങോട്ടിരുന്നാട്ടെയെന്നു എന്നു ബഹുമാനത്തോടെ പറഞ്ഞു. അന്ന് ഒരുപാട് കാര്യങ്ങൾ ‍അദ്ദേഹം സംസാരിച്ചു. എന്റെ അച്ഛനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ടു.

സാലിഗ്രാമത്തിലാണ് ‍ഞാൻ താമസിക്കുന്നതെന്നു പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ വീടും അവിടെ തന്നെയാണല്ലോയെന്ന് ഓർമിപ്പിച്ചത്. എന്റെ വീടിന്റെ മൂന്നു വീടിനപ്പുറത്താണ് അദ്ദേഹം താമസിക്കുന്ന വീടെന്ന് അപ്പോഴാണ് അറിയുന്നത്. പിന്നീട് ആ വഴി പോകുമ്പോഴെല്ലാം ഞങ്ങളുടെ വീടിന്റെ ഗേറ്റിനരികിൽ ആരെയെങ്കിലും കണ്ടാൽ വർത്തമാനം പറയാതെ പോകില്ല. അമ്മൂമ്മയോടു മുതൽ എന്റെ ഇളയ അനുജനോട് വരെ ഒരേ അടുപ്പത്തോടെ സംസാരിക്കുമായിരുന്നു അദ്ദേഹം. വലിപ്പച്ചെറുപ്പമോ പ്രായഭേദമോ നോക്കാതെ ആരെയും സംസാരിച്ചു കൈയിലെടുക്കുന്ന ആ കഴിവ് മറ്റാരിലും കണ്ടിട്ടില്ല. അക്കാലം തൊട്ട് ഒരു അടുത്ത ബന്ധുവിനോടെന്ന പോലെയുള്ള അടുപ്പമായിരുന്നു എനിക്കദ്ദേഹത്തിനോട്.

ഒന്നിച്ചഭിനയിച്ച സിനിമകൾ

innocent-tribute-urvasi-mazhavilkavadi

ഇന്നസെന്റ് ചേട്ടനൊപ്പം എത്രയോ സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. സത്യേട്ടന്റെ സിനിമകളാണു മനസ്സിൽ ഏറ്റവും സജീവമായി നിൽക്കുന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണ മന്ത്രം ഒക്കെ... പൊന്മുട്ടയിടുന്ന താറാവിൽ എന്റെ അച്ഛനായിട്ടായിരുന്നു ഇന്നസെന്റ് ചേട്ടൻ. തൃശൂരാണ് അന്നു ഞങ്ങളെല്ലാം താമസിച്ചിരുന്നത്. ഗുരുവായൂരിനും തൃശൂരിനും ഇടയ്ക്ക്കുള്ള ഗ്രാമപ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്. എന്നും വെളുപ്പിനെ ഞാനും ലളിതച്ചേച്ചിയും ഗുരുവായൂരമ്പലത്തിൽ തൊഴാൻ പോകും. ആ സമയത്ത് ഇന്നസെന്റ് ചേട്ടൻ റിസപ്ഷനിൽ ഉണ്ടാകും. അദ്ദേഹം ലളിതച്ചേച്ചിയെ കളിയാക്കും. ‘ഉള്ള നുണയും കൊതിയും പറയാൻ ഗുരുവായൂരപ്പനെ കാണാൻ പോവാണല്ലോ... കുട്ടി ഇതിൽ വീഴേണ്ടാട്ടോ..’ എന്ന് എന്നോടു പറയും. ഞാൻ കുട്ടിയായിരുന്നതിനാൽ എന്നെ അധികം കളിയാക്കാറില്ലായിരുന്നു. ലളിതച്ചേച്ചിയും വിട്ടു കൊടുക്കില്ല.

innocent-tribute-urvasi-ponmuttayidunna-tharavu

കുട്ടിക്കാലത്തെ അനുഭവങ്ങളെല്ലാം നർമത്തിൽ പൊതിഞ്ഞ കഥകളാക്കി അദ്ദേഹം പറയുമ്പോൾ ‍ഞാൻ വിസ്മയിച്ചിട്ടുണ്ട്. എന്തൊരു തെളിച്ചമാണ് അദ്ദേഹത്തിന്റെ ഓർമകൾക്ക്. നമ്മുടെയൊന്നും കുട്ടിക്കാലത്തെ ഒരു കാര്യങ്ങളും ഇത്രമാത്രം കൃത്യതയോടെ ഓർത്തെടുക്കാനോ രസകരമായി പറയാനോ നമുക്കു സാധിക്കുന്നില്ലല്ലോ. എന്റെ ബാല്യകാലത്തെക്കാൾ വ്യക്തതയോടെ എന്റെ മനസ്സിൽ ഒരുപക്ഷേ, പതിഞ്ഞു കിടക്കുന്നത് ഇന്നസെന്റേട്ടൻ പറഞ്ഞ അദ്ദേഹത്തിന്റെ കുട്ടിക്കാലക്കഥകളാണ്. അതായിരുന്നു ആ സംസാരത്തിന്റെ മാജിക്ക്. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഒരു മാഷിന്റെ ക്ലാസിലിരിക്കുന്ന സമയത്ത് സദാ ഇക്കിൾ വരുമായിരുന്നതും അതിന്റെ പേരിൽ തന്നെ ക്ലാസിനു പുറത്താക്കിയതും.. പിന്നീട് എപ്പോൾ ഇക്കിൾ വന്നാലും ആ സാറിന്റെ മുഖം മനസ്സിൽ വരുന്നതും.. ആ കഥകളൊക്കെ കേട്ട് ഞാൻ ഒത്തിരിയൊത്തിരി ചിരിച്ചിട്ടുണ്ട്..

അദ്ദേഹത്തിനൊപ്പം അഭിനയിച്ച സീനുകളിൽ ആ നർമത്തിൽ ലയിച്ച് ഞാൻ ചിരിയടക്കാൻ പാടുപെട്ട് നിന്നുപോയ ഒരുപാടു നിമിഷങ്ങളുണ്ട്. തലയണമന്ത്രത്തിന്റെ സെറ്റ് ആണ് പെട്ടെന്നോർമ വരുന്നത്. അതിൽ ശ്രീനിയേട്ടൻ കാറോടിക്കുമ്പോൾ അപകടത്തിൽ പെട്ടിട്ട് ഇന്നസെന്റേട്ടൻ ആശുപത്രിയിൽ കാണാൻ വരുന്ന സീൻ. മാമുക്കോയയുടെ അടി കിട്ടിക്കഴിയുമ്പോൾ ഇന്നസെന്റേട്ടെന്റ മുഖത്തു വരുന്ന ചില എക്സ്പ്രഷൻസ് ഉണ്ട്. അന്നു സെറ്റിൽ വച്ച് അതു കണ്ട് എനിക്കു ചിരിയടക്കാൻ പറ്റാതെ വന്നിരുന്നു. പലപ്പോഴും എന്റെ ചിരി കാരണം സീനുകൾ പലവട്ടം റീടേക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. സത്യേട്ടൻ എന്നെ വഴക്കു പറയുമായിരുന്നു. അതുപോലെ, പൊന്മുട്ടയിടുന്ന താറാവിൽ ലളിതച്ചേച്ചിയോട് മുഖം കഴുകുന്നതിനിടെ വർത്തമാനം പറയുന്ന സീൻ. അത്തരം രംഗങ്ങളിലൊക്കെ ഇന്നസെന്റേട്ടന്റെ അഭിനയം കണ്ട് അത്ഭുതത്തോടെയും ചിരിമയർത്തിപിടിച്ചും നിന്നുപോയിട്ടുണ്ട് ‍‍‍ഞാൻ.

innocent-tribute-urvasi-movie

മിഥുനത്തിന്റെ സെറ്റും മനസ്സിലെ മായാത്ത ഓർമയാണ്. അതിലെ ഓരോ ആർട്ടിസ്റ്റുകളോടും അത്രയ്ക്ക്കും അടുപ്പമായിരുന്നു. ശങ്കരാടിച്ചേട്ടൻ, ഇന്നസെന്റേട്ടൻ, ലളിതച്ചേച്ചി, നെടുമുടിവേണുച്ചേട്ടൻ, എത്ര മഹാരഥന്മാരായ ആർട്ടിസ്റ്റുകൾ. കാരവാൻ ഒന്നും വരാത്ത കാലത്ത് എല്ലാവരും വീട്ടിലെന്ന പോലെ ഇടപഴകിയിരുന്ന കാലം. അതുപോലെ ഒരന്തരീക്ഷം ഇനി മലയാള സിനിമയിൽ സ്വപ്നം മാത്രമായിരിക്കും. അത്തരം ഒരു കാലത്തിന്റെ ഭാഗമായത് എന്റെ മഹാഭാഗ്യമായിട്ടാണിന്നു തോന്നുന്നത്.

ചെന്നൈ എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്കു ഫ്ളൈറ്റിൽ പോകുമ്പോൾ മിക്കവാറും ഇന്നസെന്റേട്ടൻ കാണും. എയർഹോസ്റ്റസിനോടു പറ‍ഞ്ഞ് എന്നെ അടുത്തുള്ള സീറ്റിൽ ഇരുത്തും. പിന്നെ കഥകൾ പറഞ്ഞ് പേടിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിനോദം... ഫ്ള്ളൈറ്റ് ഉയരാൻ നേരം ഞാൻ കണ്ണടച്ചു പ്രാർഥിക്കുന്ന പതിവുണ്ടായിരുന്നു.. അപ്പോ ഇന്നസെന്റേട്ടൻ ചോദിക്കും..

‘എന്തൂട്ടാ നീയിപ്പോ പ്രാർഥിച്ചത്’

‘എല്ലാവരേയും രക്ഷിക്കാനാ പ്രാർഥിച്ചത്.’ ഞാൻ പറയും.

‘എല്ലാവരേയും രക്ഷിക്കാൻ പ്രാ‍ർഥിക്കാൻ നീയെന്താ ദൈവത്തിന്റെ അടുത്തയാളാ? നീ നിന്നെ മാത്രം രക്ഷിക്കണേയെന്നല്ലേ പ്രാർഥിച്ചത്’ അദ്ദേഹം കളിയാക്കും. പിന്നെ വീണ്ടും പേടിപ്പിക്കും. ‘ഇപ്പോ ഈ ഫ്ളൈറ്റ് ആടി താഴോട്ട് വീണാൽ നീയെന്തു ചെയ്യും?’ അയ്യോ അങ്ങനെ നെഗറ്റീവായി പറയല്ലേ എന്നു ഞാൻ പേടിയോടെ പറയും. ‘പറ‍ഞ്ഞാലെന്തൂട്ടാ?’ അദ്ദേഹം ചിരിയോടെ ചോദിക്കും. പിന്നീട് ഇന്നസെന്റേട്ടൻ കൂടെയുള്ളപ്പോഴൊക്കെ ഫ്ളൈറ്റ് യാത്രകളിൽ വലിയൊരു ധൈര്യമായിരുന്നു.

ഫ്ളൈറ്റ് പൊട്ടിവീണാലോയെന്ന് തമാശ പറ‍ഞ്ഞു പേടിപ്പിക്കുമ്പോഴും സ്വന്തം ജീവനിൽ ലേശവും ഭയമില്ലാത്ത മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കാൻസറെന്ന മഹാരോഗത്തിനെ നേരിടുമ്പോഴും ഭയമില്ലാത്ത ആ ചങ്കൂറ്റം നമ്മൾ കണ്ടതാണ്.

അദ്ദേഹത്തിന്റെ രോഗ വിവരം ഞാൻ വളരെ വൈകിയാണ് അറി‍ഞ്ഞത്. അദ്ദേഹത്തെ വിളിക്കാൻ അപ്പോൾ മടിയായിരുന്നു. രോഗവിവരം ചോദിക്കാനും. എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കാറുള്ള അദ്ദേഹം സങ്കടത്തോടെ സംസാരിക്കുന്നതു കേൾക്കാനുള്ള മടി. പക്ഷേ, പിന്നീട് ഞാൻ വിളിച്ചപ്പോഴും അദ്ദേഹം സാധാരണ മട്ടിലാണ് സംസാരിച്ചത്. ഇതൊക്കെ ഒരോ അനുഭവങ്ങളല്ലേ മനസ്സു കൊണ്ട് നമ്മെ തോൽപിക്കാൻ ഒന്നിനും സാധിക്കില്ലെന്ന കൂസലില്ലാത്ത മനസ്സോടെ.

എന്റെ വ്യക്തിജീവിതത്തിൽ ചില സങ്കടങ്ങൾ വന്ന സമയത്തും ഇന്നസെന്റേട്ടൻ വിളിച്ച് ആശ്വസിപ്പിച്ചിട്ടുണ്ട്. എല്ലാം ശരിയാകും എന്ന് പറഞ്ഞു സമാധാനിപ്പിക്കും. ഒമർ ലുലുവിന്റെ ധമാക്കയെന്ന സിനിമയിലായിരുന്നു ഞങ്ങൾ അവസാനം ഒന്നിച്ചഭിനയിച്ചത്. അന്നും പഴയ കാലത്തെ കഥകൾ പറഞ്ഞ് അദ്ദേഹം എന്നെ ഒത്തിരി ചിരിപ്പിച്ചു.

മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും സംഭവങ്ങൾ.. സ്കൂൾ പഠനം പൂർത്തിയാക്കാതെ ഇറങ്ങിയത്.. തീപ്പെട്ടിക്കമ്പനിയിൽ ജോലി ചെയ്ത കാലത്തെ അനുഭവങ്ങൾ. പട്ടിണിയുടെ നാളുകൾ... എല്ലാം ഒരു കള്ളവും ചേർക്കാതെ അത്രയ്ക്ക്കും സത്യസന്ധതയോടെയാണ് അദ്ദേഹം വിവരിച്ചത്.. പൊള്ളുന്ന അനുഭവങ്ങളെയും നർമത്തിൽ പൊതി‍ഞ്ഞു പിടിച്ചു. മറ്റൊരു ന‍ടന്റെയും ജീവിതാനുഭവങ്ങൾ മലയാളികൾക്ക് ഇത്രയ്ക്ക്കും ഒരു തുറന്ന പുസ്തകം പോലെ പരിചിതം ആയിരിക്കില്ല. അദ്ദേഹമെഴുതിയ തന്റെ കൊച്ച് കൊച്ച് അനുഭവക്കുറിപ്പുകൾ വായിച്ചവർക്കൊക്കെ വിസ്മയമാണ്.... അവ കുട്ടികൾക്കു പഠിക്കാനുള്ള പാഠ പുസ്തകത്തിൽ പോലും വന്നു... ‍ഞാനോർക്കുകയാണ്. ഇന്നസെന്റ് ചേട്ടനെ നമുക്കിനി കാണാനാവില്ല, സംസാരിക്കാനാവില്ല എന്നെയുള്ളൂ... അദ്ദേഹം പറഞ്ഞ കഥകളും അനുഭവങ്ങളും അഭിനയിച്ച വിസ്മയിപ്പിക്കുന്ന മുഹൂർത്തങ്ങളുമെല്ലാം നമ്മുടെ മുന്നിൽ അതേ ജീവിതത്തുടിപ്പോടെയുണ്ട്. മനസ്സിൽ ഇന്നസെന്റ് ചേട്ടൻ ജീവനോടെ ചിരിച്ച് നിൽക്കുകയാണ്.’’