Thursday 15 April 2021 11:54 AM IST

‘വേദന കാരണം ചേച്ചി വയറ്റില്‍ പിടിച്ചാണ് ഇരിക്കുക, നടക്കാൻ പോലും വയ്യാത്ത അവസ്ഥ’! ഇനിയും ആ പാവത്തിനെ ഇല്ലാക്കഥകൾ മെനഞ്ഞ് ക്രൂശിക്കരുത്: ഇഷാൻ പറയുന്നു

V.G. Nakul

Sub- Editor

ishan-dev-1

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം കേരളത്തെയാകെ ഞെട്ടിച്ചതാണ്. അദ്ദേഹം വിട പറഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ആ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല.

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ച വാഹനം പള്ളിപ്പുറത്തിനടുത്തു വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചത്. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിൽസയിലിരിക്കെയും മരിച്ചു. ഭാര്യ ലക്ഷ്മിക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റു.

ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്, പലഘട്ടങ്ങളിലും ലക്ഷ്മിയുടെ പേര് പലരും അനാവശ്യമായി വലിച്ചിഴയ്ക്കുകയും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അവരെ തുടർച്ചയായി വിമർശിക്കുകയും െചയ്തു.

എന്നാൽ ഇത് ക്രൂരമായ നിലപാടാണെന്നാണ് ബാലഭാസ്ക്കറിന്റെ കുടുംബസുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ ദേവ് പറയുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മിയെക്കുറിച്ച് ഇഷാൻ മുൻപെഴുതിയ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചിരുന്നു. അതിനു താഴെയും ചിലർ ലക്ഷ്മിയെ കുറ്റപ്പെടുത്തി കമന്റുകളുമായെത്തി.

ഇതിന്റെ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിലെ വിചാരണകളോടും സൈബർ ആക്രമണങ്ങളോടും ‘വനിത ഓൺലൈനിലൂടെ’ പ്രതികരിക്കുകയാണ് ഇഷാൻ.

‘‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് ബാലഭാസ്കർ. അദ്ദേഹത്തിന്റെ കുടുംബവുമായും അതേ ബന്ധമാണ്. കോളജ് കാലം മുതൽ തുടങ്ങിയ സൗഹൃദമാണ്. എന്റെ സീനിയറായിരുന്നു. സംഗീതത്തിൽ ഗുരുസ്ഥാനീയനും. എന്റെ മകളെ എഴുത്തിനിരുത്തിയത് ബാലഭാസ്ക്കറാണ്. ഒരു സംഗീത ഉപകരണം പോലും ബാലഭാസ്കർ അറിയാതെ ഞാൻ വാങ്ങിയിട്ടില്ല. അത്ര അടുപ്പമായിരുന്നു. അദ്ദേഹത്തിനും അങ്ങനെയായിരുന്നു.

ishan-dev-4

ലക്ഷ്മിച്ചേച്ചിയുമായും അതേ സൗഹൃദമാണ്. സ്വാഭാവികമായും പ്രിയസുഹൃത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഇത്തരത്തില്‍ ഒരു ആക്രമണം നേരിടുമ്പോൾ അവർക്കൊപ്പം നിൽക്കുക എന്റെയും എന്റെ കുടുംബത്തിന്റെയും കടമയാണ്’’. – ഇഷാൻ പറയുന്നു.

മനുഷ്യത്വപരമായി ചിന്തിക്കൂ

കേസും മറ്റും അവിടെ നിൽക്കട്ടെ. പക്ഷേ, മാന്യത എന്നൊന്നുണ്ടല്ലോ. ബാലഭാസ്ക്കറിന്റെ മരണം ശേഷം അദ്ദേഹത്തെ നെഗറ്റീവ് ആയി ചിത്രീകരിക്കാനാണ് പലരും ശ്രമിച്ചത്. സുഹൃത്തെന്ന നിലയിൽ അതു വലിയ വേദനയുണ്ടാക്കുന്നു. പലപ്പോഴും ഈ വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലുമാകാറില്ല. ലക്ഷ്മിച്ചേച്ചിയും അങ്ങനെയൊരു അവസ്ഥയിലാണ്. അവരുടെ നഷ്ടം അവർക്കു മാത്രമാണ് മനസ്സിലാകുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധത വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് തെളിയിക്കേണ്ടി വരുകയെന്നത് എത്ര കഷ്ടമാണ്. മനുഷ്യത്വ പരമായി ചിന്തിക്കൂ, ലക്ഷ്മിച്ചേച്ചിയോടുള്ള സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ നിലപാട് തീർത്തും മര്യാദകേടാണ്.

അവർ അങ്ങനെയാണ്

പറയേണ്ട കാര്യങ്ങൾ ലക്ഷ്മിച്ചേച്ചി പറയേണ്ടിടത്തൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെന്താ, ലക്ഷ്മിച്ചേച്ചി ചാനലിൽ വിന്നിരുന്ന് കരഞ്ഞോണ്ട് ഇന്റർവ്യൂ കൊടുക്കണം, കാലും കയ്യുമൊടിഞ്ഞ പടം വച്ച്, ലക്ഷ്മി അത്യാസന നിലയിൽ എന്നു വാർത്ത വരണം എന്നൊക്കെയാണോ വിമർശകരുടെ ആഗ്രഹം. അതിനൊന്നും അവർക്ക് താൽപര്യമില്ല. അവർ പണ്ടും അങ്ങനെയാണ്. പൊതുവേ അഭിമുഖങ്ങളോട് താൽപര്യമുള്ള ആളല്ല. ലക്ഷ്മിച്ചേച്ചി എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് അവരോട് അടുപ്പമുള്ള ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കറിയാം.

നുണപ്രചരണങ്ങൾ കഷ്ടമാണ്

ഇത്ര വലിയ ഒരു അപകടത്തില്‍ പെട്ട ആൾക്കുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങളും ലക്ഷ്മിച്ചേച്ചിക്കുണ്ട്. കയ്യിലും കാലിലും കമ്പിയിട്ടിരിക്കുകയാണ്. വയറ്റിൽ പരുക്കുണ്ട്. മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നു.

ഇത്രകാലത്തിനിടെ അവരുടെ ചികിത്സയെക്കുറിച്ച്, അതെങ്ങനെ നടന്നു പോകുന്നുവെന്ന് ഇവിടെ ആരെങ്കിലും തിരക്കിയോ. എല്ലാവർക്കും താൽപര്യം അവരുടെ ജീവിതത്തെ മോശമാക്കി ചിത്രീകരിക്കാനും ബാലഭാസ്ക്കര്‍ കള്ളക്കടത്തുകാരനാണോ എന്നു ചികയാനുമാണ്.

ishan-dev-2

ഞാൻ ഒടുവിൽ കാണുമ്പോഴും ചേച്ചിക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം പലവട്ടം കാലില്‍ പിടിക്കും. വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നത്. അത് കണ്ടു നിൽക്കാനാകില്ല. അത്ര സങ്കടകരമാണ്. ഇപ്പോൾ ചേച്ചി സ്വന്തം വീട്ടിലാണ്. ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ഒന്ന് ഊഹിച്ചു നോക്കൂ. അതിനിടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ. ചേച്ചിക്കതിൽ വളരെ വേദനയുണ്ട്. ഇതൊക്കെ ന്യൂസ് മാത്രമാണ്, വിട്ടുകള ചേച്ചീ എന്ന് ആശ്വസിപ്പിക്കുകയാണ് ഞങ്ങൾ. എന്റെ ഭാര്യ എന്നും വിളിച്ചു സംസാരിക്കും. ചേച്ചി അവളോട് പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. ചിലപ്പോള്‍ കരയും. ആരോഗ്യത്തെക്കുറിച്ച് പറയും. ഇപ്പോഴും ചേച്ചി ചികിത്സിയിലാണ്. മാനസികമായും ശാരീരികമായും അവര്‍ വളരെയധികം വേദന അനുഭവിക്കുന്നുണ്ട്. അപ്പോഴാണ് മനുഷ്യത്വമില്ലാത്ത കുറേയേറെപ്പേരുടെ ഇത്തരം നുണപ്രചരണങ്ങൾ. കഷ്ടമാണ്. അവരെ ഇനിയെങ്കിലും വെറുതെ വിടണം. അഭ്യർഥനയാണ്.