Wednesday 28 September 2022 10:43 AM IST

ഐ.വി ശശി എന്ന ‘ഷോ മാന്‍’: താരപദവി സ്വന്തമാക്കിയ സംവിധായകൻ

V.G. Nakul

Sub- Editor

IV

‘സംവിധാനം: ഐ.വി ശശി’

ടെറ്റിൽ കാർഡിൽ ഇതു തെളിയുമ്പോൾ തിയറ്ററുകളിൽ കൈയടിയുടെയും ആരവങ്ങളുടെയും പെരുമ്പറ മുഴങ്ങിയിരുന്നു. അതുകൊണ്ടാണല്ലോ, ശശിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഫോട്ടോ കവർപേജിൽ ഉൾപ്പെടുത്തിയ ഒരു വാരിക അതോടൊപ്പം ഇങ്ങനെ ചേർത്തതും –

‘ഉത്സവം കഴിഞ്ഞു’!

ഐ.വി ശശി എന്ന മനുഷ്യന്റെയും കലാകാരന്റെയും ജീവിതത്തെയും അതിന്റെ വിരാമത്തയും അടയാളപ്പെടുത്താൻ ഇതിലും മികച്ച മറ്റൊരു വിശേഷണം ഇല്ല.

ഇരുപ്പം വീടു ശശിധരന്‍ എന്ന ഐ.വി ശശി: മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഷോ മാന്‍. താരപദവി സ്വന്തമാക്കിയ സംവിധായകൻ. വന്‍ വിജയങ്ങളുടെയും വലിയ പരാജയങ്ങളുടെയും കയറ്റിറക്കങ്ങള്‍ കടന്ന മൂന്നു പതിറ്റാണ്ടുകള്‍. അംഗീകാരങ്ങളുടെയും ജനപ്രീതിയുടെയും ‘ഉത്സവകാലം’. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഒടുവിലും എണ്‍പതുകളിലുമായി യുവത്വം കടന്ന ഒരു തലമുറയുടെ സിനിമാനുഭവങ്ങളെ ആഘോഷമാക്കിയ മനുഷ്യൻ. അക്കാലത്തെ ഏതൊരു താരത്തിനും കിട്ടാവുന്നിടത്തോളം ജനകീയത. മറ്റൊരു സംവിധായകനും ഒരു കാലത്തും ലഭ്യമായിട്ടില്ലാത്ത, പ്രതീക്ഷിക്കുവാനാകാത്ത താപപ്രഭ...അങ്ങനെയങ്ങനെ ഒരു സിനിമ പോലെ സംഘര്‍ഷങ്ങളും വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു, 2017 ഒക്ടോബർ 24നു മരണപ്പെടും വരെയുള്ള ഐ.വി ശശിയുടെ 69 വര്‍ഷത്തെ ജീവിതം.

‘ഐ.വി ശശി’ എന്നതു മാത്രം അദ്ദേഹത്തിന്റെ സിനിമകളുടെ പരസ്യവാചകമായിരുന്ന കാലം. നായകനോ നായികയോ ആരുമാകട്ടേ, ശശിയുടെ സിനിമയെങ്കിൽ തിയറ്ററുകളിൽ ജനം കയറിയിരുന്നു. ഒരു വര്‍ഷം പത്തും പതിനഞ്ചും സിനിമകള്‍. ഒരേ സമയം ഒന്നിലധികം സിനിമകള്‍. അവയില്‍ ഭൂരിപക്ഷവും വന്‍ വിജയങ്ങളും. അക്കാലത്ത് താരങ്ങളുടെ ഡേറ്റിനു വേണ്ടിയായിരുന്നില്ല, ശശിയുടെ ഡേറ്റിനു വേണ്ടിയായിരുന്നു നിര്‍മ്മാതാക്കളുടെ ശ്രമം. മലയാള സിനിമ ഐ.വി ശശിയെന്ന പേരിലേക്കു ചുരുങ്ങിയ, ആര്‍ക്കും ഒന്നിനും ശശിക്കു പകരമാകുവാനാകാത്ത ഒരു യുഗം.

1

മലയാളത്തിലെ എക്കാലത്തേയും മികച്ച 10 സംവിധായകരെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ ഐ.വി ശശിയാകും. 1975 ല്‍ ‘ഉത്സവം’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയുടെ നടപ്പു വഴികളെ നിരാകരിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രതിനായക കഥാപാത്രങ്ങളില്‍ കുടുങ്ങിയ ഉമ്മറിനെയും രണ്ടാം നിരക്കാരായിരുന്ന സുധീറിനെയുമൊക്കെ നായകനിരയില്‍ ഉള്‍പ്പെടുത്തിയ ‘ഉത്സവം’ പ്രേം നസീര്‍ താരസിംഹാസനത്തിൽ എതിരാളികളില്ലാതെ ഉറച്ചിരുന്ന കാലത്തെ ഏറ്റവും ധൈര്യമുള്ള പരീക്ഷണമായിരുന്നു. ആഖ്യാനത്തിലും ആശയത്തിലും ‘ഉത്സവം’ അക്കാലത്തെ സിനിമാഭാവങ്ങളെ നിരാകരിച്ചു.

തുടര്‍ന്നു, അനുഭവവും ആലിംഗനവും അഭിനിവേശവും ആ നിമിഷവും ആനന്ദം പരമാനന്ദവും അന്തര്‍ ദാഹവും തുടങ്ങി ‘അവളുടെ രാവുകള്‍’ എന്ന ക്ലാസിക്കിേലക്കെത്തിയ ശശിയുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ സ്വാഭാവികവും ശാന്തവുമായ പുരോഗതിയുടേതായിരുന്നു. ‘അവളുടെ രാവുകള്‍’ ലെ നായികയായെത്തിയ സീമ പിന്നീടു ശശിയുടെ ജീവിതസഖിയായി. സീമയുടെ കരിയറില്‍ ഏണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങള്‍ ഐ.വി ശശിയുടെ സിനിമകളിലായിരുന്നു. ‘അവളുടെ രാവുകള്‍’ ലെ രാജി എന്ന വേശ്യ സീമയെ മലയാള സിനിമയുടെ പ്രിയങ്കരിയാക്കി. തുടർന്നു വന്ന കപട സദാചാര ബോധത്തിന്റെ നെറുകംതലയിലായിരുന്നു ഈ കഥാപാത്രത്തെ ഉപയോഗിച്ചുള്ള ശശിയുടെ അടി.

ആള്‍ക്കൂട്ടത്തിന്റെ ആവേശത്തെ മലയാള സിനിമയുടെ ചെറിയ വട്ടത്തില്‍ സമാനതകളില്ലാതെ പകര്‍ത്തുന്നതായിരുന്നു മറ്റൊരു ‘ശശി സ്റ്റൈൽ’. ജനസാഗരമാകുന്ന ഫ്രെയിമുകള്‍ എന്നും പറയാം... ‘മാസ്’ എന്ന സിനിമയിലെ പുത്തൻ വാണിജ്യ വിശേഷണത്തെ ഏറ്റവും വിജയകരമായി അവതരിപ്പിച്ചതിന്റെ പൂര്‍വകാല ഉദാഹരണങ്ങളായിരുന്നു ഐ.വി ശശിയുടെ വന്‍ ഹിറ്റുകളിൽ പലതും. അങ്ങാടി, ഈ നാട്, അഹിംസ, വാര്‍ത്ത, അടിമകള്‍ ഉടമകള്‍... ‘മാസ്’ എന്ന വാക്കിനെ അര്‍ത്ഥവത്താക്കുന്ന കഥാ സന്ദര്‍ഭങ്ങളും അവതരണ രീതിയും ഈ സിനിമകളിലൊക്കെ ധാരാളമുണ്ടായിരുന്നു. ‘അങ്ങാടി’യിലെ നായകനായ ജയന്റെ ചില ഡയലോഗുകൾ ഇപ്പോഴും മലയാളികളുടെ നാവിന്‍ തുമ്പിൽ തുടിക്കുന്നുണ്ടല്ലോ...

ജയനും സോമനും സുകുമാരനും രതീഷും രവീന്ദ്രനും മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി ശശിയുടെ സിനിമകളിലൂടെ താരപദവി നേടിയെവരെത്രയോ. കാന്തവലയവും മീനും അങ്ങാടിയും കരിമ്പനയും ജയനെ താരബിംബമാക്കി.

2

രതിയും പ്രണയവും പ്രതികാരവും പ്രതിഷേധവും നിരാശയും ഉള്‍പ്പടെ ഒരു മനുഷ്യന്റെ സ്വഭാവികമായ എല്ലാ വൈകാരികതകളും ഐ.വി ശശിയുടെ കഥാപാത്രങ്ങൾക്കുണ്ടായിരുന്നു. കലാമേൻമയുള്ള സിനിമകളുടെ പ്രചാരകര്‍ അധികമൊന്നും പരാമർശിക്കാത്ത ആരൂഢവും ആള്‍ക്കൂട്ടത്തില്‍ തനിയെയുമൊക്കെ ശശിയുടെ സിനിമകളാണെന്നതും മറക്കാവുന്നതല്ലല്ലോ. അപ്പോഴും കള്ളികളില്‍ കുടുങ്ങാത്ത സംവിധായകനായി ശശി കുതറിക്കൊണ്ടേയിരുന്നു...

1976 ല്‍ (മൃഗയ) സംസ്ഥാനത്തെ മികച്ച സംവിധായകനായും 1976 ല്‍ (അനുഭവം) മികച്ച കലാസംവിധായകനായും 1988 ല്‍ (1921) ജനപ്രിയ സിനിമയുടെ സംവിധായകനായും 1984 ല്‍ (ആള്‍ക്കൂട്ടത്തില്‍ തനിയെ) മികച്ച രണ്ടാമത്തെ സിനിമയുടെ സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ട ശശി, 1982 ല്‍ (ആരൂഢം) മികച്ച ദേശീയോത്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. 1977 ലും (ഇതാ ഇവിടെ വരെ) 1978 ലും (ഈറ്റ) മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും 2015 ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റു അവാര്‍ഡും ശശിയെ തേടിയെത്തി. അതേ വര്‍ഷം (2015) കേരള സര്‍ക്കാരിന്റെ പരേമാന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡും ശശിയുടെ സിനിമാ ജീവിതത്തിനുള്ള അംഗീകാരമായി.

ഐ.വി ശശിയുടെ സിനിമകളെ 3 ഘട്ടങ്ങൾ ആയി തിരിക്കാം. ഇത്സവം മുതല്‍ ഇതാ ഇവിടെ വരെയും ഇതാ ഒരു മനുഷ്യനും വാടകയ്ക്ക് ഒരു ഹൃദയവും ഈറ്റയും അവളുടെ രാവുകളും അനുഭവങ്ങളേ നന്ദിയുമടക്കം അങ്ങാടി വരെ, അങ്ങാടി മുതല്‍ കാന്തവലയവും കരിമ്പനയും മീനും തുഷാരവും തൃഷ്ണയും ഈ നാടും ഇണയും ആരൂഢവും ഉയരങ്ങളിലും അതിരാത്രവും ആള്‍ക്കൂട്ടത്തില്‍ തനിയെയും അടിയൊഴുക്കുകളും കാണാമറയത്തും അങ്ങാടിക്കപ്പുറത്തും ഇടനിലങ്ങളും കരിമ്പിന്‍ പൂവിനക്കരയും വാര്‍ത്തയും ആവനാഴിയും അടിമകള്‍ ഉടമകളുമടക്കം അബ്കാരി വരെ, അബ്കാരി മുതല്‍ 1921 ഉും അക്ഷരത്തെറ്റും മൃഗയയും ഇന്‍സ്പക്ടര്‍ ബല്‍റാമും നീലഗിരിയും ദേവാസുരവും വര്‍ണ്ണപ്പകിട്ടുമടങ്ങുന്ന അവസാന ഘട്ടം വരെയും. ഇതില്‍ രണ്ടാം ഘട്ടമായിരുന്നു ശശിയുടെ പ്രഭാവ കാലം. ആലപ്പി ഷെരീഫും എം.ടി വാസുദേവന്‍ നായരും പി. പത്മരാജനും ടി. ദാമോദരനും ലോഹിതദാസുമുള്‍പ്പെടെ പ്രഗൽഭരായ തിരക്കഥയെഴുത്തുകാർക്കൊപ്പം ശശി ചേർന്നു നിന്ന കാലം...

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമടക്കം ഐ.വി ശശി ഒരുക്കിയ 150 ല്‍ അധികം സിനിമകളില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളായിരുന്നു. കമല്‍ഹാസനും രജനീകാന്തും മമ്മൂട്ടിയും മോഹന്‍ലാലും മിഫുന്‍ ചക്രവര്‍ത്തിയും ഉള്‍പ്പടെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ താരങ്ങൾക്കു ആക്ഷന്‍ പറഞ്ഞ സംവിധായകന്‍. കമല്‍ ഹാസനെയും രജനീ കാന്തിനെയും ഒരേ ഫ്രെയിമില്‍ (1978 ല്‍ അലാവുദ്ദീനും അത്ഭുതവിളക്കും) നിര്‍ത്തിയ ശശി, തമിഴിലൊരുക്കിയ ഗുരു (1980) കമലഹാസനും കാളി (1980) രജനീ കാന്തിനും വഴിത്തിരിവായി.

തിരക്കഥാകൃത്തുക്കളിൽ ടി.ദാമോദരനുമായി 25 സിനിമകളില്‍ ശശി ഒന്നിച്ചു: ആലപ്പി ഷെരീഫുമായി തന്റെ ആദ്യ സിനിമയായ ഉത്സവം മുതല്‍ (1975) അനുരാഗി (1988) വരെ 23 സിനിമകളിലും.

3

സംവിധാനത്തിലെ കൈയടക്കവും അവതരണത്തിലെ വേഗതയുമായിരുന്നു ഐ.വി ശശിയുടെ പ്രത്യേകത. വര്‍ണ്ണപ്പകിട്ടിനു ശേഷം മാറിയ കാലത്തിന്റെ വേഗത്തിനൊപ്പം നില്‍ക്കുന്ന ഒരു സിനിമയൊരുക്കുവാൻ അദ്ദേഹത്തിനായില്ല.2009 ല്‍ ‘വെള്ളത്തൂവല്‍’ എന്ന അവസാന സിനിമ വരെ പോയ കാലത്തിന്റെ പ്രഭാവത്തിനൊപ്പം നില്‍ക്കുന്ന ഒരു വിജയം അദ്ദേഹത്തിനുണ്ടായതുമില്ല. എന്നാല്‍ സിനിമയിൽ സജീവമല്ലാതിരുന്ന, മരണം വരെയുള്ള പതിനെട്ടു വര്‍ഷവും ആ പേരും സാന്നിധ്യവും മലയാള സിനിമക്കൊപ്പമുണ്ടായിരുന്നു. മായാതെ മങ്ങാതെ ഇനിയുമതുണ്ടാകും... ഐ.വി ശശി ഒരു അടയാളമാകുന്നു. സിനിമയില്‍ പരിമിതികള്‍ക്കും പരിധികളില്ലായെന്നതിന്റെ...