ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ‘ജയ് ഗണേഷ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിത്ത് വിവാദം കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗത്ത് വലിയ വിവാദമായി മാറുമ്പോൾ, ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ്, വേദിയിൽ സംസാരിക്കുന്നതിനിടെ ഉണ്ണി ചിത്രം പ്രഖ്യാപിച്ചത്. ടൈറ്റിൽ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
‘ജയ് ഗണേഷിന്റെ തിരക്കഥ പൂർത്തിയായ ശേഷം ഒരു നടനായി കാത്തിരിക്കുകയായിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതെ, കൃത്യമായ തിരക്കഥയ്‌ക്കായി കാത്തിരിക്കുക ആയിരുന്നു ഉണ്ണിയും. ഞങ്ങൾ ജയ് ഗണേഷിനെ കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. ഞാൻ എന്റെ നടനെയും കണ്ടെത്തി. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദ്യകരമാകുമെന്ന് പ്രതീക്ഷിക്കുന്നു’.– ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് രഞ്ജിത് ശങ്കർ കുറിച്ചു.
രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തു വരും. നവംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കും.