ADVERTISEMENT

മലയാള സിനിമയുടെ ചരിത്രത്തിൽ ക്ലാസിക്ക് എന്നു രേഖപ്പെടുത്തപ്പെടുന്ന മികച്ച ചിത്രങ്ങളിലെ നായികയായായാണ് ജലജ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, മികച്ച കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച്, ജലജ താരമായി. ഇപ്പോഴിതാ, നീണ്ട 26 വർഷത്തിനു ശേഷം മലയാളത്തിന്റെ ഈ പ്രിയ അഭിനേത്രി അഭിനയരംഗത്തേക്കു മടങ്ങിയെത്തിയിരിക്കുന്നു – ‘മാലിക്’ ലെ ജമീല എന്ന കഥാപാത്രത്തിലൂടെ. ജലജയുടെ മടങ്ങിവരവിനൊപ്പം ജലജയുടെ മകള്‍ ദേവിയും മാലിക്കിലൂടെ സിനിമയിലേക്കെത്തിയിരിക്കുന്നു. ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് ദേവിയാണ്.

തന്റെ മടങ്ങിവരവും മകളുടെ അരങ്ങേറ്റവും പുതുതലമുറയിലെ പ്രതിഭാശാലിയായ സംവിധായകരിലൊരാളുടെ സിനിമയിലൂടെയായതിന്റെ സന്തോഷത്തിലാണ് ജലജ. സിനിമയിലെ അരങ്ങേറ്റം അമ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തിലൂടെയായതിന്റെ സന്തോഷം ദേവിയിലും നിറയുന്നു.

jalaja-new-3
ADVERTISEMENT

‘‘തിരുവനന്തപുരത്ത് ഒരു ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് മഹേഷിനെ പരിചപ്പെട്ടത്. ‘ടേക്ക് ഓഫ്’ കണ്ടപ്പോൾ മഹേഷ് ഒരു നല്ല സംവിധായകനാണെന്ന് ഉറപ്പായിരുന്നു. മാലിക്കിലെ റോള്‍ ഞാൻ തിരഞ്ഞെടുത്തു എന്നതിനേക്കാൾ ആ റോളിലേക്ക് മഹേഷ് എന്നെ തിരഞ്ഞെടുത്തു എന്നു പറയുന്നതാണ് ശരി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഞാന്‍ കേരളത്തിലേക്കെത്തിയത് മകൾക്ക് അഭിനയ രംഗത്തേക്കെത്തണമെന്ന ആഗ്രഹം കാരണമാണ്. മഹേഷ് എന്നെ വിളിച്ചപ്പോൾ ഞാന്‍ ആദ്യം കരുതിയത് മോളെ സിനിമയിലേക്ക് ക്ഷണിക്കാനാണെന്നാണ്. ‘ദേവിക്ക് എന്താ റോൾ ?’എന്നു ചോദിച്ചപ്പോഴാണ്, ‘ദേവിക്കല്ല, ചേച്ചിക്കാണ് റോൾ’ എന്നു മഹേഷ് പറഞ്ഞത്. മഹേഷ് വന്നു കഥ പറഞ്ഞു. തിരക്കഥ തന്നു. ഇഷ്ടപ്പെട്ടു. ചെയ്യണോ, ചെയ്യാൻ പറ്റുമോ എന്നൊക്കെ സംശയങ്ങളുണ്ടായെങ്കിലും ഒടുവിൽ ചെയ്യാൻ തീരുമാനിച്ചു’’. – ജലജ ‘വനിത ഓൺലൈനോട്’ പറയുന്നു.

ADVERTISEMENT

ഇതായിരിക്കും നല്ലതെന്നു തോന്നി

നേരത്തെയും പല അവസരങ്ങളും വന്നിരുന്നെങ്കിലും എനിക്കു താൽപര്യം തോന്നിയില്ല. ചെയ്യുന്നെങ്കിൽ ഒരു നല്ല റോൾ വേണം എന്നു തീരുമാനിച്ചിരുന്നു. ഇത്ര വലിയ ഒരു ബ്രേക്കിനു ശേഷം വരുമ്പോൾ വെറുതേ എന്തെങ്കിലും ചെയ്തിട്ടു കാര്യമില്ലല്ലോ. മാലിക്കിന്റെ കഥ കേട്ടപ്പോൾ ഇതായിരിക്കും രണ്ടാം വരവിനു നല്ലതെന്നു തോന്നി. കുറച്ചേ ഉള്ളൂവെങ്കിലും വളരെ കരുത്തുള്ള, പ്രാധാന്യമുള്ള വേഷമാണ്.

ADVERTISEMENT

ഞാൻ സമ്മതമറിയിച്ചപ്പോൾ, ഈ കഥാപാത്രത്തിന്റെ ചെറുപ്പകാലം ദേവി അവതരിപ്പിക്കാമോ എന്നു മഹേഷാണ് ചോദിച്ചത്. മോളോടു പറഞ്ഞപ്പോള്‍ അവൾക്കും സന്തോഷമായി. ‘ചെറുതാണെങ്കിലും അമ്മയുടെ കഥാപാത്രത്തിന്റെ ചെറുപ്പമല്ലേ, മഹേഷേട്ടന്റെ പടമല്ലേ...ഭാഗ്യമാണ്’ എന്നാണ് അമ്മു (ദേവി) പറഞ്ഞത്.

ചലഞ്ചിങ്ങായ റോള്‍

ഞാൻ 26 വർഷം മുമ്പ് അഭിനയം നിർത്തുമ്പോഴുള്ള സിനിമയല്ല ഇപ്പോൾ. ടെക്നോളജിയും രീതികളുമൊക്കെ മാറി. പക്ഷേ, മഹേഷിനൊപ്പം പ്രവർത്തിക്കുമ്പോൾ അപരിചിതത്വം തീരെയും തോന്നിയില്ല. നല്ല സംവിധായകനും നല്ല മനുഷ്യനുമാണ് മഹേഷ്.

എനിക്ക് ചലഞ്ചിങ്ങായ ഒരു റോളാണ്. പരിചിതമല്ലാത്ത പശ്ചാത്തലത്തിലുള്ള, ഇത്രയും പ്രായമുള്ള ഒരു കഥാപാത്രമാണല്ലോ. പക്ഷേ, ഈ റോൾ ഞാൻ തന്നെ ചെയ്യണം എന്ന് മഹേഷിന് നിർബന്ധമായിരുന്നു. അതായിരുന്നു എന്റെ ഊർജം. ചിത്രം കണ്ട് ഒരുപാടു പേര്‍ വിളിക്കുന്നു. വളരെ സന്തോഷം. ഇത്തരം നല്ല റോളുകൾ കിട്ടിയാൽ ഇനിയും സിനിമയിലുണ്ടാകും.

jalaja-new-2

വളരെ സന്തോഷം

മാലിക്ക് തിയറ്റർ എക്സ്പീരിയൻസിനു വേണ്ടി ഒരുക്കിയ ചിത്രമാണ്. അതിനു സാധിക്കാത്തതിൽ എല്ലാവർക്കും വിഷമമുണ്ട്. സാഹചര്യം മനസ്സിലാക്കുമ്പോൾ, ഇതല്ലാതെ വേറെ വഴിയില്ല. പടത്തിന് ഗംഭീര റിപ്പോർട്ടാണ്. അതിന്റെ സന്തോഷം വളരെ വലുതാണ്. മഹേഷിന് നന്ദി.

എക്കാലത്തും വലിയ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാനായിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം വരവിലും ഫഹദിനെപ്പോലെ പുതിയ തലമുറയിലെ മികച്ച നടനൊപ്പം പ്രവർത്തിക്കാനായി. ഇതും ഒരു പുതിയ തുടക്കമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ എഴുതി സംവിധാനം ചെയ്ത മാലിക് ഒ.ടി.ടിയിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഫഹദിന്റെ അമ്മയുടെ റോളാണ് ജലജയ്ക്ക്. നിമിഷ സജയനാണ് നായിക. വിനയ് ഫോർ‍ട്ട്, ജോജു ജോർജ് എന്നിവരും മറ്റ് പ്രധാന റോളുകളിലുണ്ട്. ആന്റോ ജോസഫ് ആണ് നിർമാണം.

ADVERTISEMENT