Wednesday 23 February 2022 12:59 PM IST

‘നല്ല ക്ഷീണമുണ്ടായിരുന്നു, ചേച്ചിയെ ആ അവസ്ഥയിൽ കണ്ടപ്പോൾ വലിയ സങ്ക‍ടം തോന്നി’: ജയകുമാർ പറയുന്നു

V.G. Nakul

Sub- Editor

jayakumar-1

മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിത വിടപറയുമ്പോൾ ഓരോ പ്രേക്ഷകരുടെയും മനസ്സിലേക്ക് ഇരമ്പിയെത്തുന്നത് അവർ അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളാണ്. ബിഗ് സ്ക്രീനിലെന്ന പോലെ മിനി സ്ക്രീനിലും ആ പ്രതിഭ മലയാളികൾ കണ്ടതാണ്. അതിലൊരു കഥാപാത്രം മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലെ മായാവതി അമ്മ എന്ന കഥാപാത്രമാണ്. മകൻ അർജുനനും മരുമകൾ മോഹനവല്ലിയും അവരുടെ മക്കളുമൊക്കേച്ചേർന്ന കുടുംബത്തിന്റെ എല്ലാമെല്ലാമായ മായാവതിയമ്മയെ കെ.പി.എ.സി ലളിത മനോഹരമാക്കി.

‘‘ഞാനും ചേച്ചിയും ഒന്നിച്ചഭിനയിക്കാന്‍ തുടങ്ങിയിട്ട് പത്ത് വർഷമാകുന്നു. അതിനു മുമ്പ് ചേച്ചിയെ പരിചയമില്ല. 2012 ജൂലായ് മാസത്തിൽ, ‘തട്ടീം മുട്ടീം’ ചിത്രീകരണം തുടങ്ങുമ്പോഴാണ് ഞാൻ ചേച്ചിയെ ആദ്യം പരിചയപ്പെട്ടത്. ആ സ്നേഹവും കരുതലും അവസാന കാലം വരെയുമുണ്ടായിരുന്നു’’.– പരമ്പരയിൽ അർജുനനായി അഭിനയിക്കുന്ന പ്രശസ്ത നടൻ ജയകുമാർ തന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചിയെക്കുറിച്ച് ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘ചേച്ചിയുടെ മകനായി ഇത്രയും ദീർഘകാലം അഭിനയിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണ്. മാസത്തിൽ ഒരാഴ്ചയെങ്കിലും ഞങ്ങൾ ഒന്നിച്ചുണ്ടാകുമായിരുന്നു. ഒരു അനിയനോടെന്ന പോലെയാണ് എന്നെ പരിഗണിച്ചിരുന്നത്. ഞാനും ചേച്ചിയും അടുത്തടുത്ത നാട്ടുകാരുമാണല്ലോ. ചേച്ചി കായംകുളവും ഞാന്‍ കരുനാഗപ്പള്ളിയും. എന്റെ വീട്ടിൽ ചേച്ചി വന്നിട്ടുണ്ട്. ഞാനും ഭാര്യയും ചേച്ചിയുടെ വീട്ടിൽ ചെന്നു താമസിച്ചിട്ടുമുണ്ട്’’. – ജയകുമാർ പറഞ്ഞു.

jayakumar-3

പകരക്കാരില്ലാത്ത പ്രതിഭ

എന്നെ ആരും അധികം അറിയാത്ത കാലത്ത് ചേച്ചിയെപ്പോലെ ഒരു വലിയ ആർട്ടിസ്റ്റിന്റെ ഒപ്പം അഭിനയിക്കാൻ ഒരു അവസരം കിട്ടുകയെന്നത് നിസ്സാരമല്ലല്ലോ. ചേച്ചിയോടൊപ്പം അഭിനയിക്കുമ്പോള്‍ അതിന്റെ ഗുണം നമുക്കും കിട്ടും. അഭിനയത്തില്‍ വളരെയധികം അതു സഹായിച്ചിട്ടുണ്ട്. ചേച്ചിയുടെ മരണം വളരെയധികം വേദനിപ്പിക്കുന്നതാണ്...പകരമൊരാളില്ലാത്ത പ്രതിഭയാണല്ലോ...

jayakumar-2

അവസാനം കണ്ടത്

ചേച്ചി വയ്യാതെ കിടന്നപ്പോൾ പോയി കാണാനാകുന്ന സാഹചര്യമായിരുന്നില്ല. കോവിഡിന്റെ പ്രശ്നങ്ങളുണ്ടല്ലോ. സന്ദർശകരെ അനുവദിച്ചിരുന്നില്ല. ചേച്ചിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മറ്റും എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നു. നേരിട്ട് കണ്ടില്ലെന്നേയുള്ളൂ.

അവസാനം ചേച്ചിയെ കണ്ടത് 2021 ആഗസ്റ്റിലാണ്. ഒരു ദിവസത്തെ വർക്കിന് ചേച്ചി വന്നു. അന്നു ചേച്ചിക്ക് തീരെ വയ്യ. ശരീരവും മുഖവുമൊക്കെ വല്ലാതായിരുന്നു. അസുഖത്തിന്റെ തുടക്കമായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. വളരെ എനർജറ്റിക്കായ ചേച്ചിയെ ആ അവസ്ഥയിൽ കണ്ടപ്പോൾ വലിയ സങ്ക‍ടം തോന്നി.