Tuesday 25 August 2020 10:35 AM IST

‘പാട്ടുവണ്ടി പതിയെ പ്രണയവണ്ടിയായി മാറി, ജീവിതത്തിലും ഈ ഷോ തുടരാം എന്നു തീരുമാനിച്ചു’! ജീവയ്ക്കും അപർണയ്ക്കും അഞ്ചാം വിവാഹ വാർഷികം

V.G. Nakul

Sub- Editor

jeeva

മലയാളത്തിനൊപ്പം ഇംഗ്ലീഷ് കലർത്തി ‘മംഗ്ലീഷി’ൽ സംസാരിക്കുന്നവരാണ് ടിവി അവതാരകർ എന്ന ചീത്തപ്പേര് മാറിവരുന്നേയുള്ളൂ. അതിനു സഹായിച്ചവരുടെ കൂട്ടത്തിൽ ഒരു ‘ചുള്ളൻ’ പയ്യനുമുണ്ട് എന്ന് പ്രേക്ഷകർ അടിവരയിട്ടു പറയും. മറ്റാരുമല്ല, സീ ടിവിയിലെ സരിഗമപാ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ജീവ ജോസഫ്. പൊടിപാറുന്ന സിനിമാ ഡയലോഗുകൾ കാച്ചിയും ജഡ്ജസിനെയും ജൂറിയെയും കൗണ്ടറുകളിലൂടെ ‘തലോടി’യും മത്സരാർഥികളെ ധൈര്യപൂർവം ചേർത്തുനിർത്തിയും ടെലിവിഷൻ അവതാരകരെ കുറിച്ചുള്ള പൊതുഅഭിപ്രായം തന്നെ ജീവ മാറ്റിയെഴുതി.

ഇപ്പോൾ ജീവയും നല്ലപാതി അപർണ തോമസും ഒന്നിച്ച് ജീവിതമാരംഭിച്ചിട്ട് അഞ്ച് വർഷം. വേറിട്ട ഒരു ഫോട്ടോഷൂട്ടിലൂടെയാണ് ഇരുവരും തങ്ങളുടെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവച്ചിരിക്കുന്നത്. ജീവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

‘കുറച്ച് വ്യത്യസ്തമാകണം എന്നു മാത്രമേ ക്യാമറാമാൻ പറഞ്ഞുള്ളു. ഇത്രേം ഫ്രഷ് സാധനം പ്രതീക്ഷിച്ചു കാണില്ല. ഈ ഒരുമിച്ചുള്ള കോപ്രായം തുടങ്ങിയിട്ടു നാളെ 5 വർഷം ആകും മക്കളെ
അല്ലെ..’ എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് ജീവ കുറിച്ചത്.

നടി കൂടിയായ അപർണയും ജീവയും പ്രണയിച്ച് വിവാഹിതരായവരാണ്. തങ്ങളുടെ പ്രണയകഥയെക്കുറിച്ച് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ ജീവ പറഞ്ഞിരുന്നു.

‘‘സൂര്യയിൽ 2013 മുതൽ 2019 വരെ പ്രവർത്തിച്ചു. ആദ്യം ചെയ്തത് 100 ലവ് എന്ന പരിപാടിയാണ്. രജിഷ വിജയനായിരുന്നു ഒപ്പം. പിന്നീട് ജാങ്കോ ബോയ്സ്, ഫ്രണ്ട്സ് കോർണർ, പാട്ടു വണ്ടി തുടങ്ങിയ പല ഷോസും ചെയ്തു. പാട്ടുവണ്ടിയിൽ വച്ചാണ് ഞാൻ എന്റെ ഭാര്യയെ കണ്ടുമുട്ടിയത്. എനിക്കൊപ്പം ഷോയിൽ ആങ്കറായി വന്നതാണ് അപർണ തോമസ്. അങ്ങനെ പാട്ടുവണ്ടി പതിയെ പ്രണയവണ്ടിയായി മാറി. എങ്കിൽ പിന്നെ ജീവിതത്തിലും ഈ ഷോ തുടരാം എന്നു തീരുമാനിക്കുകയായിരുന്നു. പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ വീട്ടിൽ പറഞ്ഞു. അവരും സമ്മതിച്ചതോടെ ഉടൻ വിവാഹം നടന്നു. ഇപ്പോൾ പുള്ളിക്കാരി ഖത്തർ എയർവേസിലാണ്. ചേറായിയിലാണ് അപർണയുടെ നാട്’’.– ജീവ മനസ്സു തുറന്നു.