Monday 29 November 2021 03:31 PM IST

‘എനിക്ക് പോയത് 40000, ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുണ്ട്’: ‘സിനിമാച്ചതി’യുടെ കഥ പറഞ്ഞ് ‘ജലസിംഹം’ താരം

V.G. Nakul

Sub- Editor

jo-1

സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ‘ജലസിംഹ’മാണ് ജോമോൻ ജ്യോതിർ. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ‘നരസിംഹ’ത്തിന്റെ സ്പൂഫ് കോമഡിയിലെ ഇന്ദുചൂഢനായി വന്ന് മലയാളികളുടെ ഇഷ്ടം നേടി ഈ ചിറയൻകീഴുകാരൻ. ചലച്ചിത്ര പ്രവർത്തകരുടെയടക്കം ശ്രദ്ധ കവർന്ന്, ഇതിനോടകം ഒരു മില്യണിലധികം കാഴ്ചക്കാരെ ‘ജലസിംഹം’ സ്വന്തമാക്കിക്കഴിഞ്ഞു. തന്റെ എക്കാലത്തെയും വലിയ സ്വപ്നമായ സിനിമയിൽ കൂടുതൽ‌ അവസരങ്ങള്‍ ലഭിക്കുന്നതിന്റെയും തങ്ങളുടെ പുതിയ ചാനൽ കൂടുതൽ കാഴ്ചക്കാരിലേക്കെത്തുന്നതിന്റെയും സന്തോഷത്തിലാണ് ജോമോൻ ഇപ്പോൾ.

‘‘ലോക്ക് ഡൗൺ കാലത്താണ് ‘ജലസിംഹം’ ചെയ്തത്. ഞാനും അഖിൽ,സുബിൻ, ശ്രീരാജ് എന്നീ സുഹൃത്തുക്കളും ചേർന്നാണ് തിരക്കഥ തയാറാക്കിയത്. വിഡിയോ റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നല്ല റീച്ച് കിട്ടി. അത് കണ്ടിട്ടാണ് ജൂഡ് ആന്തണി സാറിന്റെ ‘സാറാസ്’ൽ എനിക്കൊരു വേഷം കിട്ടിയത്. ‘ജലസിംഹ’ത്തിനൊപ്പം അതേ ടീം ‘ബിഗ് ബി’യുടെ സ്പൂഫും ചെയ്തിരുന്നു. അതും ശ്രദ്ധിക്കപ്പെട്ടു’’. – ജോമോൻ ‘വനിത ഓൺലൈനോട്’ പറയുന്നു.

ഇതിനോടകം നിരവധി ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരിസുകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച ജോമോന്റെ ആദ്യ ചിത്രം ‘പതിനെട്ടാം പടി’യാണ്. മോഹൻലാലിന്റെ ആരാധകനായ ഹരിലാൽ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ. ‘ഗൗതമന്റെ രഥം’, ‘സാറാസ്’, ‘പത്രോസിന്റെ പടപ്പുകള്‍’ എന്നിവയാണ് ജോമോൻ അഭിനയിച്ച മറ്റു ചിത്രങ്ങൾ.

പ്ലസ് ടൂ മുതൽ ജോമോന്റെ യാത്ര സിനിമ എന്ന ലക്ഷ്യത്തിനു പിന്നാലെയാണ്. അക്കാലം മുതൽ ഓഡിഷനൊക്കെ പങ്കെടുക്കാൻ തുടങ്ങി. ജേണലിസത്തിൽ ബിരുദം നേടിയ ശേഷം പൂർണമായും ഇതിലേക്കിറങ്ങി. ടിക് ടോക് വിഡിയോയിലൂടെയാണ് സജീവമായത്. ഒപ്പം സിനിമയിൽ ചാൻസ് ചോദിക്കലും. സിനിമയിൽ ചാൻസ് കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു വലിയ ചതിയിലും ജോമോൻ പെട്ടിട്ടുണ്ട്. അക്കഥ ഇങ്ങനെ:

‘‘അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് എറണാകുളത്ത് ഓഡിഷന് ചെന്നത്. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. ചെന്ന് ഓഡിഷൻ കോടുത്തു തിരിച്ചു വന്നപ്പോൾ അവർ വിളിച്ചു. നന്നായി. സെലക്ട് ആയിട്ടുണ്ടെന്നു പറഞ്ഞു. പിന്നീടാണ് ചിത്രത്തിലേക്ക് കുറച്ച് ഫണ്ട് വേണം അത് മുൻകൂർ തരണം എന്നു പറഞ്ഞത്. അങ്ങനെ ഞാൻ വീട്ടിൽ നിന്നു വാങ്ങി നാൽപ്പതിനായിരം രൂപ കൊടുത്തു. ഇത് പറ്റിപ്പാണെന്ന് അച്ഛനും അമ്മയും അപ്പോഴേ പറഞ്ഞതാണ്. ഞാൻ കേട്ടില്ല. സിനിമ മാത്രമായിരുന്നു മനസ്സിൽ. മറ്റൊന്നും ചിന്തിച്ചില്ല. അത്ര കൺവിൻസിങ്ങായാണ് അവർ സംസാരിച്ചിരുന്നത്. എന്നെപ്പോലെ അതിൽ അഭിനയിച്ച പലരിൽ നിന്നും ഇതേപോലെ പണം വാങ്ങിയിരുന്നു. അക്കൂട്ടത്തിൽ ലക്ഷങ്ങൾ കൊടുത്തവരുണ്ട്. ഷൂട്ട് തുടങ്ങിയപ്പോഴേ ഇത് ഉഡായിപ്പാണെന്ന് തോന്നിയിരുന്നു. ഒരു ലോക്കൽ ക്യാമറയൊക്കെ വച്ച് എന്തൊക്കെയോ ചെയ്തു. ഒടുവിൽ ഷൂട്ടിങ് നിർത്തി അവർ പോയി. ശേഷം ഒരു വിവരവുമില്ല. വിളിച്ചിട്ടും കിട്ടുന്നില്ല. ഞാൻ ആകെ തകർന്നു പോയി. എങ്കിലും വീട്ടുകാർ എന്നെ കുറ്റപ്പെടുത്തിയില്ല. അവരാണ് വലിയ പിന്തുണ. അതാണ് എന്റെ ആത്മവിശ്വാസവും.

എന്റെ അച്ഛന്റെ സുഹൃത്താണ് നിർമാതാവ് ഷാജി നടേശൻ സാർ. അദ്ദേഹം ഈ സംഭവം അറിഞ്ഞു. അങ്ങനെയാണ് ‘പതിനെട്ടാം പടി’യിൽ അവസരം കിട്ടിയത്’’. – ജോമോൻ പറയുന്നു.

jo-2

ഇപ്പോൾ സുഹൃത്തുക്കളായ അഖിൽ, ശ്രീരാജ് എന്നിവർക്കൊപ്പം ചേർന്ന് ഇലവണ്‍ കെ.വി എന്ന പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് ജോമോൻ. മൂന്ന് മാസത്തിനുള്ളിൽ 60000 സബ്സ്ക്രൈബേഴ്സ് ആയി. ‘നരൻ’ന്റെ സ്പൂഫ് ഉൾപ്പടെയുള്ള വിഡിയോകൾ ഈ ചാനലിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. ഇപ്പോൾ സിനിമയിലും കൂടുതൽ അവസരങ്ങൾ തേടിയെത്തിയിരിക്കുന്നു.

അച്ഛന്‍‌ – ജ്യോതിർ‌, അമ്മ – അജിത, അനിയത്തി – ജ്യോതിഷ, ജ്യോതിഷയുടെ ഭർത്താവ് സനൽരാജ് എന്നിവരടങ്ങുന്നതാണ് ജോമോന്റെ കുടുംബം.