Tuesday 15 June 2021 11:42 AM IST

നഗ്നനായി അവർക്കു മുമ്പിൽ നിൽക്കണം, ആദ്യ രാത്രിയിലെന്ന പോലെ പെരുമാറണം! ഹൃദയം തകർത്ത ആ ദിവസം: ഓർമകളിൽ ഞെട്ടി ജോ

V.G. Nakul

Sub- Editor

jo-adoor

പരിഹാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ വഴികൾ താണ്ടി, കരിയറിലും ജീവിതത്തിലും വിജയിച്ചയാളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജോ. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പ്രിയപ്പെട്ട ചമയക്കാരനായി വളർന്ന ജോയുടെ പിന്നിട്ട കാലം അപമാനങ്ങളുടേതും വേദനകളുടേതുമായിരുന്നു. അടങ്ങാത്ത പോരാട്ടവീര്യവും ‘എനിക്കു ജയിക്കണം’ എന്ന തീരുമാനവുമാണ് ജോയെ ഇപ്പോഴത്തെ നിലയിലേക്കെത്തിച്ചത്.

പത്തനംതിട്ട ജില്ലയിലെ അടൂരിൽ, കുഞ്ഞൂഞ്ഞ്–അന്നാമ്മ ദമ്പതികളുടെ മക്കളിൽ നാലാമനായി ജനിച്ച ജോ, തന്റെ ശരീരഭാഷയുടെ പേരിൽ ചെറുപ്പം മുതൽ പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടു തുടങ്ങിയതാണ്. ‘നീ ഗേ ആണോ ? ’, ‘ട്രാൻസ് ആകുമോ ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഇപ്പോഴും ജോയുടെ നേരെ നീളുന്നു. തന്റെ സെക്ഷ്വല്‍ ഐഡന്റിറ്റി ചിലരുടെ ഉറക്കം കെടുത്തുന്നുവെന്നാണ് ജോ പറയുന്നത്.

jo-makeup-2

‘‘എന്റെ ശരീരപ്രകൃതത്തിന്റെയും രീതികളുടെയും പേരിൽ ജീവിതത്തിൽ പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ ഒരിക്കലും മറക്കാനാകാത്തത് ബാംഗ്ലൂരിൽ നഴ്സിങ് പഠിക്കാൻ പോയപ്പോൾ നേരിട്ട ക്രൂരമായ റാഗിങ്ങാണ്.

സ്കൂളിൽ പഠിക്കുമ്പോൾ ഒത്തിരി കളിയാക്കലുകളും പ്രശ്നങ്ങളുമൊക്കെയുണ്ടായി. പ്ലസ് വൺ, പ്ലസ് ടൂ കാലത്ത് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്തുണയ്ക്കുന്ന അധ്യാപകരുണ്ടായിരുന്നു.

2003 ൽ ആണ് ഞാൻ ബാംഗ്ലൂരിലെ കോളജിൽ നഴ്സിങ്ങിന് ചേർന്നത്. ഹോസ്റ്റലിൽ ആയിരുന്നു താമസം. റാഗിങ് വളരെ മോശമായിരുന്നു. ഡിസ് കണ്ടിന്യൂ ചെയ്ത് തിരിച്ചു പോരേണ്ടി വന്നു. ഓർക്കുമ്പോൾ ഇപ്പോഴും ഭയം തോന്നും.

വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ സങ്കടത്തോടെയാണ് ഹോസ്റ്റലിൽ എത്തിയത്. ലോൺ എടുത്താണ് കോഴ്സിന് ചേർന്നത്. നഴ്സിങ് പഠിക്കുക, ആ മേഖലയിൽ ജോലി ചെയ്യുക എന്നതൊക്കെ എന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. അതൊക്കെ ആദ്യ ദിവസം തന്നെ തല്ലിക്കെടുത്തുന്ന തരം റാഗിങ്ങായിരുന്നു അവിടെ. വൈകുന്നേരം തുടങ്ങി പിറ്റേന്ന് വെളുപ്പിനെ 3 മണി വരെയൊക്കെ റാഗ് ചെയ്യുകയെന്നു വച്ചാൽ സഹിക്കാനാകുമോ.

എന്റെ ആദ്യ രാത്രിയിൽ ഞാൻ മറ്റേയാളോട് എങ്ങനെയാണ് ബിഹേവ് ചെയ്യുകയെന്ന് കാണിച്ചു കൊടുക്കാനാണ് പറഞ്ഞത്. ഞാൻ ഡ്രസ് മാറ്റി ഒരാളുടെ മുമ്പിൽ നിൽക്കണം. എന്നിട്ട് അവർ പറയുന്നത് അനുസരിക്കണം. എനിക്കത് ചിന്തിക്കാൻ പോലും പറ്റില്ല. നഗ്നനായോ അടിവസ്ത്രം മാത്രം ധരിച്ചോ അവരുടെ മുമ്പിൽ നിൽക്കുന്നത് എനിക്ക് അംഗീകരിക്കാനാകില്ല. മദ്യപിച്ചും മറ്റു പലതരം ലഹരികള്‍ ഉപയോഗിച്ചും നിൽക്കുന്ന സീനിയർ വിദ്യാർത്ഥികളാണ് ചുറ്റും. ഞാൻ എതിർത്തപ്പോൾ അവർ ഉപദ്രവിക്കാൻ തുടങ്ങി. ചെയ്തേ പറ്റൂ എന്നായി. ഭക്ഷണം കഴിക്കാൻ പോലും വിട്ടില്ല. പുറത്ത് ഭയങ്കര മഴയും. ഒരു റൂമിലാണ് ഈ പീഡനങ്ങളൊക്കെ നടന്നത്. ഒടുവില്‍ ഞാൻ എങ്ങനെയൊക്കെയോ അവിടുന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി. പിന്നീട് കോളജിൽ സംസാരിച്ചാണ് തിരികെ ചെന്നത്. അതിനു ശേഷവും റാഗിങ്ങിന്റെ പ്രശ്നങ്ങളുണ്ടായെങ്കിലും അപ്പോഴേക്കും ഞാൻ മെന്റലി ഇതിനെയൊക്കെ നേരിടാൻ തയാറെടുത്തിരുന്നു. ജീവിതത്തിൽ കുറച്ച് കൂടി ധൈര്യത്തോടെ കാര്യങ്ങളെ സമീപിക്കാൻ ശീലിക്കുകയായിരുന്നു’’. – ജോ പറയുന്നു.

നഴ്സിങ് കോഴ്സ് പൂർത്തിയാക്കി, ആ മേഖലയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് ജോ മേക്കപ്പ് രംഗത്തേക്ക് വന്നത്. വരുമാനം കുറവായതാണ് നഴ്സിങ് ജോലി വിടാൻ കാരണം. മേക്കപ്പ് ഒരു കരിയർ ആയി തിരഞ്ഞെടുത്തപ്പോൾ എല്ലാവരുടെയും മുമ്പില്‍ പരിഹാസ കഥാപാത്രമായി. അതിനെയെല്ലാം മറികടന്ന്, കളിയാക്കുന്നവർക്ക് മുമ്പിൽ വിജയിച്ചു കാണിക്കുകയായിരുന്നു ലക്ഷ്യം.

‘‘ഇപ്പോള്‍ എന്റെ സെക്ഷ്വല്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന തരം പരിഹാസങ്ങൾ ഞാൻ അധികം നേരിടാറില്ല. നാട്ടില്‍ നിന്നുള്ള ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതും ഇപ്പോൾ വളരെയധികം മാറി. ചിലർ എപ്പോഴും അപമാനിച്ചുകൊണ്ടോയിരിക്കും. അതവരുടെ രീതിയാണ്. അവരെ ശ്രദ്ധിക്കാറില്ല. മേക്കപ്പ് മേഖലയിൽ ഒരുപാട് ട്രാൻസ്ജൻഡേഴ്സ് ഉണ്ട്. അപ്പോൾ ഞാനും നാളെ അങ്ങനെയാകും എന്ന് ചിലർ കഥ മെനയുകയാണ്. ഞാൻ ട്രാന്‍സ്ജൻഡർ ആയി ജീവിക്കാൻ താൽപര്യമുള്ള ആളല്ല. പിന്നെ ഗേ ആണോ എന്ന ചോദ്യത്തിന്, എന്റെ സെക്ഷ്വല്‍ ഐഡന്റിറ്റി ഞാൻ തീരുമാനിക്കേണ്ടതാണ് എന്നാണ് മറുപടി. അത് എല്ലാവരെയും അറിയിച്ച് ജീവിക്കേണ്ടതല്ലല്ലോ. മാത്രമല്ല, സമൂഹം മാറി. ജനം പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങി’’. – ജോ പറയുന്നു.

jo

എന്റെ കുടുംബം

എന്റെ വീട്ടിൽ നിന്ന് ഒരിക്കലും എനിക്ക് വലിയ പ്രശ്നങ്ങൾ നേരിട്ടിട്ടില്ല. നഴ്സിങ് വിട്ട കാലത്ത് അതിന്റെതായ ചില ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ കൂടപ്പിറപ്പുകൾക്ക് യാതൊരു കുഴപ്പവുമില്ല. അവർ എനിക്കു വലിയ പിന്തുണയാണ് നൽകുന്നത്.

അടുത്തിടെ ഒരു വിഷമമുണ്ടായി. എന്റെ ഒരു സുഹൃത്ത് എന്നോട് സംസാരിക്കാതായപ്പോൾ ഞാൻ കാരണം തിരക്കി. അവൻ പറഞ്ഞത് ‘‘ജോ ഞാൻ നിന്നോ‍ട് സഹകരിക്കുന്നതിന് ഫ്രണ്ട്സ് കളിയാക്കും. അവരൊക്കെ പറ‍ഞ്ഞത് നീ പെണ്ണുങ്ങളെപ്പോലുള്ളതാ’’ എന്നാണ്. എനിക്കത് വളരെ വിഷമമായി. ഞാൻ ഇങ്ങനെയാണ്. ഇങ്ങനെത്തന്നെ ജീവിക്കാനാ എനിക്കിഷ്ടം. ദൈവം തീരുമാനിച്ചത് മനുഷ്യന് മാറ്റാൻ പറ്റില്ലല്ലോ....