പ്രേക്ഷകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ നൻമയുടെ കരം നീട്ടി ഒപ്പം നിന്നു: മലയാളത്തിന്റെ പ്രിയനടൻ കൈലാസ് നാഥ് ജീവിതത്തിലേക്ക് തിരികെ വരുന്നു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച്, ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ഇന്ന് വീട്ടിലേക്ക് മടങ്ങും. അതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും സ്നേഹിതരും.
‘‘അച്ഛൻ ഇന്ന് ഡിസ്ചാർജ് ആകും. തൽക്കാലം സർജറി ഇല്ല. ഇരുപതു ദിവസം മുമ്പ്, ഇന്റേണല്‍ ബ്ലീഡിങ് ആയിട്ടാണല്ലോ അഡ‍്മിറ്റ് ചെയ്തത്. അതിനു ശേഷം മൂന്നു തവണ അപ്രതീക്ഷിതമായി ഹൃദയസ്തംഭനം ഉണ്ടായി. ചോര ഛർദ്ദിക്കാനും തുടങ്ങി. അതോടെ ഗുരുതരാവസ്ഥയിലും ആശങ്കയിലുമായിരുന്നു. ഇപ്പോള്‍ വീണ്ടും സാധാരണ നിലയിലേക്ക് തിരികെ വരുകയാണ്. മൂന്നു ദിവസം മുമ്പ് ഐ.സി.യുവിൽ നിന്നു റൂമിലേക്കു മാറ്റി. ഇപ്പോഴും ഹാർട്ടിന്റെ പമ്പിങ് വീക്ക് ആണ്. ഇന്റേണൽ ബ്ലീഡിങ് ബാൻഡിങ്ങിലൂടെ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്. അത് ഒരു മാസം കഴിയുമ്പോൾ വീണ്ടും വന്ന് ചെക്ക് ചെയ്യണം. തൽക്കാലം ട്രാൻസ്പ്ലാന്റേഷൻ സർജറി ശരീരത്തിനു പറ്റില്ല. അത്രയും വീക്ക് ആണ് ബോഡി.
ധാരാളം പേർ പലരീതിയിലുള്ള സഹായങ്ങളുമായി ഒപ്പം നിന്നു. ആശുപത്രിയിൽ നിന്നും ഒരുപാട് ഇളവുകൾ കിട്ടി. അദ്ദേഹത്തെ സ്നേഹിക്കുന്നവരോട് ഒരുപാട് നന്ദിയുണ്ട്. അത് വാക്കുകളിൽ ഒതുക്കാനാകില്ല. ഒരിക്കലും ഇത്ര വല്യ ഒരു പിന്തുണ പ്രതീക്ഷിച്ചില്ല. കടം വേണ്ടി വന്നില്ല. തുടർന്ന് അച്ഛന്റെ ചികിത്സയ്ക്കുള്ള പണവും ലഭിച്ചിട്ടുണ്ട്. ദൈവത്തിന്റെ സഹായം’’. – കൈലാസിന്റെ മകൾ ധന്യ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

കൈലാസ് നാഥ് എന്നു പറഞ്ഞാൽ പെട്ടെന്നു മനസ്സിലാകാത്തവർക്ക് ‘സാന്ത്വന’ത്തിൽ പിള്ളച്ചേട്ടനെന്നു പറഞ്ഞാൽ കൂടുതൽ വിശദീകരണങ്ങള്‍ ആവശ്യമില്ല. അത്രയേറെ ജനപ്രിയമാണ് കുടുംബപ്രേക്ഷകർക്കിടില്‍ ഈ കഥാപാത്രം.
കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് ഈ കലാകാരൻ. മലയാളത്തിന്റെ മഹാപ്രതിഭ ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഈ കലാകാരൻ കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി കടന്നു പൊയ്ക്കൊണ്ടിരുന്നത്. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. വലിയ തുക ചെലവാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനോ കുടുംബത്തിനോ ഇല്ല. അതോടെ സീരിയലിലെ സഹപ്രവർത്തകർ അദ്ദേഹത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ സഹായമഭ്യർഥിച്ചിരുന്നു.
‘‘45 വർഷമായി അച്ഛൻ സിനിമാ–സീരിയൽ രംഗത്തെത്തിയിട്ട്. കാര്യമായി സമ്പാദ്യമൊന്നുമില്ല. അഭിനയത്തോട് പാഷനാണ്. പ്രതിഫലമൊന്നും കണക്കു പറഞ്ഞു വാങ്ങിയിരുന്നില്ല. ജീവിച്ചു പോകാനുള്ളത് കിട്ടിയിരുന്നുവെന്നു മാത്രം. ഷൂട്ടിങ്ങില്ലാത്തപ്പോൾ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് പോകുമായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം അതിനും പോകുന്നില്ല. ഇത്രയും അസുഖങ്ങളുള്ളതിനാൽ മാസം 14000 രൂപ മരുന്നിനു മാത്രം അച്ഛന് വേണമായിരുന്നു. വലിയ സമ്പാദ്യമൊന്നുമില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാമ്പത്തികച്ചിലവിനെ മറികടക്കാൻ വലിയ പ്രയാസമനുഭവിക്കുകയാണ് ഞങ്ങൾ. അച്ഛന്റെ വരുമാനം മാത്രമാണ് എല്ലാത്തിനും ഉപയോഗിച്ചിരുന്നത്. ഞാൻ നേരത്തേ ജോലി ചെയ്യുന്നുണ്ടായിരുന്നു. കൊറോണക്കാലത്ത് അതു നഷ്ടപ്പെട്ടു. എന്റെ ഭർത്താവും അമ്പലത്തിൽ പൂജാരിയാണ്. വലിയ ഒരു വരുമാനം ഇല്ല. അതാണ് കൂടുതൽ പ്രയാസകരം’’.– താരത്തിന്റെ മകൾ ധന്യ നേരത്തെ ‘വനിത ഓൺലൈനോട്’ പറഞ്ഞിരുന്നു.