Wednesday 12 May 2021 10:36 AM IST

‘ഇന്റേണൽ ബ്ലീഡിങ് ആയി, കാര്‍ഡിയാക്ക് അറ്റാക്ക് വന്നു’! ജീവനു വേണ്ടി മല്ലിട്ട് പ്രേക്ഷകരുടെ ‘പിള്ളച്ചേട്ടന്‍’: കനിവു തേടി കുടുംബം

V.G. Nakul

Sub- Editor

kailas-nath-1

കൈലാസ് നാഥ് എന്നു പറഞ്ഞാൽ പെട്ടെന്നു മനസ്സിലാകാത്തവർക്ക് ‘സാന്ത്വന’ത്തിൽ പിള്ളച്ചേട്ടനെന്നു പറഞ്ഞാൽ കൂടുതൽ വിശദീകരണങ്ങള്‍ ആവശ്യമില്ല. അത്രയേറെ ജനപ്രിയമാണ് കുടുംബപ്രേക്ഷകർക്കിടില്‍ ഈ കഥാപാത്രം.

കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് ഈ കലാകാരൻ. മലയാളത്തിന്റെ മഹാപ്രതിഭ ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു.

എന്നാലിപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഈ കലാകാരൻ കടന്നു പോകുന്നത്. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. വലിയ തുക ചെലവാകും. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനോ കുടുംബത്തിനോ ഇല്ല. കഴിഞ്ഞ ദിവസം സീരിയലിലെ സഹപ്രവർത്തകർ അദ്ദേഹത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ സഹായമഭ്യർഥിച്ചിരുന്നു. നൻമ നിറഞ്ഞ മനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ കൈലാസ് നാഥിന് ഇനി ആരോഗ്യ പൂർണമായ ജീവിതത്തിലേക്കു തിരികെയെത്താനാകൂ.

‘‘ലിവര്‍ സിറോസിസ് ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷമായി. പക്ഷേ, പ്രശ്നമാകുന്ന അവസ്ഥയിലായിരുന്നില്ല. 2008 ൽ ബൈപാസ് സർജറി ചെയ്തിരുന്നു. ഒരു മാസം മുമ്പ് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള വിദഗ്ദ പരിശോധനയിലാണ് ലിവര്‍ സിറോസിസ് ഗുരുതരാവസ്ഥയിലെത്തിയെന്ന് മനസ്സിലായത്. കരളിന് വീക്കം വന്നിരുന്നു. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ മാസം ആ മുഴ പൊട്ടി ബ്ലീഡിങ് വരാതിരിക്കാൻ ബാൻഡിങ് ചെയ്തിരുന്നു. ഒരു ആഴ്ച ആശുപത്രിയിലായിരുന്നു’’. – കൈലാസിന്റെ മകൾ ധന്യ പറയുന്നു.

kailas-nath-2

ഓക്സിജൻ സപ്പോർട്ടിൽ

ഒറ്റമോളാണ് ഞാൻ. കുടുംബത്തോടൊപ്പം എറണാകുളത്താണ്. അമ്മയും അച്ഛനും തിരുവനന്തപുരത്തും. അച്ഛനെയും അമ്മയെയും ഇനി ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നിർത്താനാകില്ലെന്നതിനാൽ എറണാകുളത്തേക്കു കൊണ്ടു വന്നു. കഴിഞ്ഞ ആറാം തീയതി അച്ഛന് വീണ്ടും വയ്യാതായി. രാത്രി മുതൽ ബ്ലീഡിങ് തുടങ്ങി. ഇന്റേണൽ ബ്ലീഡിങ് ആയി മോഷനിലൂടെ ബ്ലഡ് വരാൻ തുടങ്ങി. ആശുപത്രിയിലെത്തിച്ചു. ഹാർട്ടിന്റെ പ്രശ്നത്തിന് മരുന്നു കഴിക്കുന്നതിനാല്‍ ബ്ലീഡിങ് നിന്നില്ല. അതോടെ അതിന്റെ മരുന്ന് നിർത്തി. അപ്പോൾ ബ്ലീഡിങ് നിന്നെങ്കിലും കാർഡിയാക്ക് അറ്റാക്ക് വന്നു. അങ്ങനെ ഐ.സി.യുവിലേക്ക്, വെന്റിലേറ്റർ സപ്പോർട്ടിലേക്ക് മാറ്റി. ഇപ്പോൾ ചെറിയ പുരോഗതിയുണ്ട്. ഓക്സിജന്‍ സപ്പോർട്ടില്‍ റൂമിലേക്ക് മാറ്റാം എന്നു പറയുന്നു.

സാമ്പത്തിക പ്രതിസന്ധികൾ

ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വച്ച് അച്ഛന് അഭിനയ രംഗത്തേക്കുള്ള മടങ്ങി വരവ് ബുദ്ധിമുട്ടാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. തൽക്കാലം അഭിനയം നിർത്തുകയെന്നാണ് ഡോക്ടർമാരും പറഞ്ഞിരിക്കുന്നത്. ഇപ്പോൾ 63 വയസ്സായി. കുറേക്കാലമായി അച്ഛൻ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ട്. 25 വർഷമായി ഷുഗറിന് മരുന്നു കഴിക്കുന്നു.

45 വർഷമായി അച്ഛൻ സിനിമാ–സീരിയൽ രംഗത്തെത്തിയിട്ട്. കാര്യമായി സമ്പാദ്യമൊന്നുമില്ല. അഭിനയത്തോട് പാഷനാണ്. പ്രതിഫലമൊന്നും കണക്കു പറഞ്ഞു വാങ്ങിയിരുന്നില്ല. ജീവിച്ചു പോകാനുള്ളത് കിട്ടിയിരുന്നുവെന്നു മാത്രം. ഷൂട്ടിങ്ങില്ലാത്തപ്പോൾ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് പോകുമായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം അതിനും പോകുന്നില്ല. ഇത്രയും അസുഖങ്ങളുള്ളതിനാൽ മാസം 14000 രൂപ മരുന്നിനു മാത്രം അച്ഛന് വേണമായിരുന്നു. വലിയ സമ്പാദ്യമൊന്നുമില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാമ്പത്തികച്ചിലവിനെ മറികടക്കാൻ വലിയ പ്രയാസമനുഭവിക്കുകയാണ് ഞങ്ങൾ. അച്ഛന്റെ വരുമാനം മാത്രമാണ് എല്ലാത്തിനും ഉപയോഗിച്ചിരുന്നത്. ഞാൻ നേരത്തേ ജോലി ചെയ്യുന്നുണ്ടായിരുന്നു. കൊറോണക്കാലത്ത് അതു നഷ്ടപ്പെട്ടു. എന്റെ ഭർത്താവും അമ്പലത്തിൽ പൂജാരിയാണ്. വലിയ ഒരു വരുമാനം ഇല്ല. അതാണ് കൂടുതൽ പ്രയാസകരം.