മലയാളത്തിന്റെ പ്രിയയുവനടനാണ് കൈലാഷ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യിലെ നായകനായി സിനിമാരംഗത്തെത്തിയ കൈലാഷ്, വേറിട്ട കഥാപാത്രങ്ങളും ശ്രദ്ധേയ സിനിമകളുമായി മുഖ്യധാരയിൽ സജീവമാണ്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം കൈലാഷിനെതിരെ വ്യാപകമായ ട്രോൾ ആക്രമണവുമായി എത്തി. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ‘മിഷൻ സി’ യിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചിലർ സൈബർ ആക്രമണവുമായി എത്തിയത്. മുൻപും സമാനമായ ആക്രമണം നേരിട്ടിട്ടുണ്ട് കൈലാഷ്.

‘മിഷൻ സി’യുമായി ബന്ധപ്പെട്ട ട്രോൾ ആക്രമണത്തെ അപലപിച്ച്, കൈലാഷിന് പിന്തുണയുമായി സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, സംഭവത്തില്‍ ‘വനിത ഓൺലൈനോട്’ പ്രതികരിച്ചിരിക്കുകയാണ് താരം.

‘‘കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഇതൊക്കെ ഞാനും കാണുന്നുണ്ട്. ചിലർ എന്നെ കാണിച്ചു തരുന്നുമുണ്ട്. ചിലപ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്, എനിക്കും മനസ്സും മനസാക്ഷിയുമൊക്കെയുണ്ടല്ലോ. ആഗ്രഹം കൊണ്ട് പുറകേ നടന്ന് കിട്ടിയതാണ് ഇവിടം വരെ. അവകാശവാദങ്ങൾ ഒന്നുമില്ല. വീണ്ടും ശ്രമങ്ങള്‍ മാത്രം, കൂടുതൽ മെച്ചപ്പെടുത്താൻ. ഇതുവരെ സിനിമയാണ് എന്നെ നിലനിർത്തിയത്. അവിടെ നിൽക്കണം എന്നു തന്നെയാണ് ആഗ്രഹവും. എവിടെയങ്കിലും ആർക്കെങ്കിലും ഇഷ്ടക്കേടുകൾ ഉണ്ടെങ്കില്‍ നാളെ അവരെക്കൂടി തൃപ്തിപ്പെടുത്തി, ഇഷ്ടമാകുന്ന വേഷങ്ങൾ ചെയ്ത്, ഇഷ്ടക്കേട് മാറ്റാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. ഇതുവരെ നില നിർത്തിയ പ്രേക്ഷകകരോടും സഹപ്രവർത്തകരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. വിമർശങ്ങൾ തുറന്ന മനസ്സോടെ ഇനിയും സ്വീകരിക്കും. കഴിഞ്ഞ രണ്ടു ദിവസമായി എനിക്കൊപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി. ഈ പിന്തുണ കരുതലായും വിഷുക്കൈനീട്ടമായും സ്വീകരിക്കുന്നു. കരുതിയവർക്കും കൈ ചൂണ്ടിയവർക്കും റംസാന്‍, വിഷു ആശംസകൾ’’. – കൈലാഷ് പറയുന്നു.