Wednesday 01 December 2021 03:43 PM IST

4 സിനിമ, വിവാഹം, മകളുടെ ജനനം...കോവിഡ് കാലം കണ്ണന് ‘ഹാപ്പി ഡെയ്സ്’: പ്രിയസംവിധായകൻ പറയുന്നു

V.G. Nakul

Sub- Editor

kannan-new-1

കോവിഡ് എന്ന മഹാമാരി ലോകത്താകെയുള്ള മനുഷ്യജീവിതത്തെ തകിടം മറിച്ച രണ്ടു വർഷങ്ങളാണ് കടന്നു പോകുന്നത്. സാമ്പത്തിക – സാമൂഹിക മേഖലയിൽ ഒരു പുതുക്കിപ്പണിയലിന്റെ കാലം കൂടിയായിരുന്നു ഇത്. മറ്റെല്ലാ തൊ‍ഴിൽ–കവ്വവട വിഭാഗങ്ങളെയുമെന്ന പോലെ സിനിമാ രംഗത്തെയും കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ചു. തിയറ്ററുകൾ അടഞ്ഞു. ഷൂട്ടിങ്ങുകൾ മുടങ്ങി. പലർക്കും വരുമാനം ഇല്ലാതെയായി. ചലച്ചിത്ര പ്രവർത്തകരെല്ലാം വീടിനുള്ളിൽ ലോക്കായി. എന്നാൽ കോവിഡിന്റെ തുടക്കകാലത്തെ ആശങ്കകളൊഴിഞ്ഞപ്പോൾ, നടപ്പുകാലത്തിന്റെ പരിമിതികളെ സാധ്യതകളാക്കി എങ്ങനെ തന്റെ ജോലിയിൽ വ്യാപൃതനാകാമെന്നും ഒപ്പം കുറേയേറെപ്പേർക്ക് തൊഴിലവസരങ്ങളൊരുക്കാമെന്നും ഒരാൾ തെളിയിച്ചിരിക്കുന്നു – സംവിധായകൻ കണ്ണൻ താമരക്കുളം. കടന്നു പോയ ലോക്ക്ഡൗൺ കാലങ്ങൾ കരിയറിലും ജീവിതത്തിലും കണ്ണന് സമ്മാനിച്ചത് ‘ഹാപ്പി ഡെയ്സ്’. കോവിഡ് വ്യാപനത്തിനു തൊട്ടുമുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘വിധി’, കോവിഡ് കാലത്ത് ചിത്രീകരിച്ച ‘ഉടുമ്പ്’ എന്നിവ റിലീസിനൊരുങ്ങുന്നു. കോവിഡ് കാലത്ത് വർക്കുകൾ തുടങ്ങിയവയിൽ ‘വരാൽ’ ഷൂട്ടിങ് പൂർത്തിയാക്കി. ‘വിരുന്ന്’ന്റെ ആദ്യ ഷെഡ്യൂൾ തീർന്നു. ‘ക്വാറി’, ‘മുഖംമൂടി’, ഉടുമ്പിന്റെ ഹിന്ദി റീമേക്ക്, ‘ആടുപുലിയാട്ടം – 2’, അർജുൻ നിർമിക്കുന്ന തമിഴ് ചിത്രം എന്നിവയാണ് തുടർന്നു വരുന്ന കണ്ണന്റെ പ്രധാന പ്രൊജക്ടുകൾ. വ്യക്തി ജീവിതത്തിൽ വിവാഹവും മകളുടെ ജനനവുമൊക്കെയായി മറ്റു സന്തോഷങ്ങളും ധാരാളം...
വിധിയിലെയും വരാലിലെയും നായകൻ അനൂപ് മേനോനാണ്. സെന്തിൽ കൃഷ്ണയാണ് ഉടുമ്പിൽ നായകൻ. അർജുൻ വിരുന്നിൽ നായകനാകുന്നു.
‘വിധി ഡിസംബർ പതിനേഴിനാണ് റിലീസ്, ഉടുമ്പ് പത്താം തീയതിയും. ഉറപ്പിച്ചിട്ടില്ല. വരാലിന്റെ ഷൂട്ടിങ് കഴിഞ്ഞു. വിരുന്നിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ തുടങ്ങും.
2019 ഡിസംബറിലാണ് വിധിയുടെ ഷൂട്ട് തീർന്നത്. കൊച്ചിയിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം. വിവാദങ്ങളും കേസുകളുമൊക്കൊയായി പല തവണ റിലീസ് മാറ്റി വച്ചു. ആദ്യ ലോക്ക് ഡൗൺ കഴിഞ്ഞ് തിയറ്ററുകൾ തുറന്നപ്പോൾ റിലീസ് നിശ്ചയിച്ചിരുന്നതാണ്. 48 മണിക്കൂര്‍ മുമ്പാണ് സ്റ്റേയായത്. ഏകദേശം ഒന്നര വർഷത്തോളം കേസ് നടന്നു. അതും കൊറോണയുമൊക്കെയായി റിലീസിന് കാലതാമസം നേരിട്ടു. ഇപ്പോൾ പുതിയ പേരിൽ തിയറ്ററിലെത്തുകയാണ്’’.– കണ്ണന്‍ ‘വനിത ഓൺലൈനോട്’ പറയുന്നു.

vidhi-new


ക്വാറി


‘ക്വാറി’ ഈ ഡിസംബറിൽ തുടങ്ങേണ്ടതായിരുന്നു. വലിയ സിനിമയാണ്. ഷൂട്ടിങ് തുടങ്ങാൻ കുറച്ചു വൈകും. ഫെബ്രുവരിയിലാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. ‘മുഖംമൂടി’ ഫീമെയിൽ ഓറിയന്റഡ് കൺസപ്ടാണ്. അതിന്റെ കാസ്റ്റിങ് നടക്കുന്നു.
‘വരാൽ’ നേരത്തേ പ്ലാൻ ചെയ്തതാണ്. പ്രകാശ് രാജ് സാറിന്റെയൊക്കെ ഡേറ്റ് കുറച്ചധികം ദിവസം വേണമായിരുന്നു. ധാരാളം ആർട്ടിസ്റ്റുകളുള്ള ചിത്രമാണ്. അമ്പത് മുഖ്യധാരാ താരങ്ങൾ ചിത്രത്തിലുണ്ട്. അതുകൊണ്ടു തന്നെ തുടങ്ങാൻ വൈകി. പൊളിറ്റിക്കൽ ഡ്രാമയാണ്.
‘ഉടുമ്പ്’ ഒരു യഥാർഥ സംഭവത്തിൽ നിന്നുണ്ടായ കഥയാണ്. ‘ക്വാറി’യുടെ ചിത്രീകരണം നീണ്ടു പോകുമെന്നായപ്പോള്‍ പെട്ടെന്നു ചിന്തിച്ച ഒരു ചിത്രമാണ് ‘ഉടുമ്പ്’. ‘ക്വാറി’യുടെ എഴുത്തുകാർ അവരുടെ ഒരു സുഹൃത്തിന്റെ അനുഭവം പറഞ്ഞതിൽ നിന്നാണ് ‘ഉടുമ്പ്’ ന്റെ കഥ രൂപപ്പെട്ടത്.

virunnu-new


കഥ തിരികെപ്പറഞ്ഞ് അർജുൻ


‘വിരുന്ന്’ന്റെ കഥ ഫോണിലൂടെയാണ് ഞാൻ അർജുൻ സാറിനോട് പറഞ്ഞത്. കഥ പകുതിയായപ്പോൾ അത്ര നേരം കേട്ട കഥ മുഴുവൻ അദ്ദേഹം എന്നോടു തിരികെപ്പറഞ്ഞു. അദ്ദേഹത്തിനതു കൺവിൻസിങ്ങായെന്നു അതിൽ നിന്നു മനസ്സിലായി. ബാക്കി കേൾക്കാൻ പിറ്റേന്നു വിളിക്കാമെന്നു പറഞ്ഞു. എന്നാൽ പിറ്റേന്നു വിളിച്ചില്ല. അതിനടുത്ത ദിവസം വൈകുന്നേരം അദ്ദേഹം വിളിച്ചു. അപ്പോഴും ഞാൻ പറഞ്ഞത്രയും കഥ എന്നോടു പറയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ബാക്കി കഥ കൂടി കേട്ടതോടെ ഇതു നമുക്കു ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു. അതോടെ പ്രൊജക്ട് ഓൺ ആയി. ഇപ്പോൾ സാറിന്റെ പ്രൊഡക്ഷനില്‍ ഒരു തമിഴ് പടം ചെയ്യാനുള്ള ഓഫറും വന്നിട്ടുണ്ട്.

varal-new


ഇനി ഹിന്ദിയിലേക്കും


‘ഉടുമ്പ‌്’ന്റെ ഹിന്ദി റീമേക്ക് റൈറ്റ് വിറ്റതും അതു സംവിധാനം ചെയ്യാനുള്ള ഓഫർ ലഭിച്ചതുമാണ് മറ്റൊരു വലിയ സന്തോഷം. ചിത്രത്തിന്റെ ഡബിങ് റൈറ്റ് വാങ്ങാൻ വന്ന പവൻ എന്നയാൾ ചിത്രം ഇഷ്ടപ്പെട്ട് സൺഷൈൻ എന്ന പ്രൊഡക്ഷൻ കമ്പനിയോട് സംസാരിക്കുകയും അവർ കൊച്ചിയിൽ വന്ന് ചിത്രം കാണുകയുമായിരുന്നു. സിനിമ അവരുടെ ടീമിന് ഇഷ്ടമായി. പിറ്റേന്നു തന്നെ കരാറും ഒപ്പിട്ടു.

udumpu-new1

ആടുപുലിയാട്ടം വീണ്ടും

ജയറാമേട്ടനുമായി വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം പ്രതീക്ഷിക്കാം. അടുത്ത വർഷം അവസാനം ‘ആടുപുലിയാട്ടം –2’ തുടങ്ങാനാണ് പ്ലാൻ. ഇതിനിടെ ഞങ്ങൾ രണ്ടു പേർക്കും മറ്റു തിരക്കുകളുണ്ട്. അതൊരു വലിയ പടമാണ്. 25 കോടിയിലധികം ബജറ്റ് വരും.
വിഷ്ണു പ്രഭയാണ് കണ്ണന്റെ ഭാര്യ. മകൾ ചൈതന്യ. ഇപ്പോൾ കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസം.

kannan-2