Tuesday 29 March 2022 03:24 PM IST

‘കെ.ജി.എഫ് ടൂ’വിലെ ‘മോളിവുഡ് ടീം’: മലയാളം പതിപ്പിന്റെ അമരത്ത് ശങ്കർ രാമകൃഷ്ണൻ

V.G. Nakul

Sub- Editor

shankar

യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് ചാപ്റ്റർ 1’ എന്ന കന്നഡ മാസ് മസാല എന്റർടെയ്നർ ഒരു പാൻ ഇന്ത്യൻ ഹിറ്റായിരുന്നു. ഏറ്റവും ചെലവേറിയ കന്നഡ സിനിമ എന്ന വിശേഷണത്തോടെ എത്തിയ ‘കെ.ജി.എഫ് ചാപ്റ്റർ 1’ വലിയ കളക്ഷൻ റോക്കോഡുകളാണ് സാൻഡൽവുഡിൽ സൃഷ്ടിച്ചത്.

ബോംബെയിൽ, ഗ്യാങ് വാറുകളിലെ എതിരില്ലാത്ത ശക്തിയായ റോക്കി എന്ന ഗുണ്ടയുടെ റോളിലാണ് യഷ് ചിത്രത്തിൽ. ഒരു ഘട്ടത്തിൽ ഗരുഡ എന്ന മുതലാളിയെ കൊല്ലാന്‍ കൊളാർ ഗോൾഡ് ഫീൽഡായ നറാച്ചിയിലെത്തുന്ന റോക്കിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം ‘കെ.ജി.എഫ് ചാപ്റ്റർ 2’ ന്റെ ട്രെയിലറും എത്തിയിരിക്കുന്നു. ആദ്യഭാഗം അവസാനിച്ചിടത്തു നിന്നാണ് ‘കെ.ജി.എഫ് ചാപ്റ്റർ 2’ ആരംഭിക്കുന്നത്. രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീരയാണ് റോക്കിയുടെ മുഖ്യ എതിരാളി. ഒപ്പം രവീണ ടണ്ടൻ ഉൾപ്പടെയുള്ള വൻ താരനിരയും. ഏപ്രിൽ 14 നു ചിത്രം ലോകമെങ്ങുമുള്ള തിയറ്ററുകളിലെത്തും.

കേരളത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനു പിന്നിൽ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ചിത്രത്തിന്റെ മലയാളം ഡബ്ബിങ് ഡിറക്ടർ ആയി പ്രവർത്തിച്ചതും ചിത്രത്തിന്റെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയതും അദ്ദേഹമാണ്. ഒരു അന്യഭാഷ സിനിമയുടെ ഡയലോഗുകൾ മലയാളത്തിലേക്ക് മാറ്റുമ്പോഴുള്ള യാതൊരു കല്ലുകടികളുമില്ലാതെ, ഒരു മലയാളം സിനിമയെന്നു തോന്നിപ്പിക്കുന്നത്ര സ്വാഭാവികതയോടെ കെ.ജി.എഫ് രണ്ടാം ഭാഗത്തെ ശങ്കര്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നുവെന്നതിന് ട്രെയിലർ ഉദാഹരണം.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്. പൃഥ്വി വഴിയാണ് ചിത്രത്തിലേക്ക് ശങ്കർ എത്തിയത്.

‘‘ഞാൻ ‘കെ.ജി.എഫ് ടൂ’വിന്റെ ഭാഗമാകുമ്പോൾ അതിന്റെ ചിത്രീകരണം പൂർത്തിയായിരുന്നില്ല. സഞ്ജയ് ദത്തിന്റെ ഭാഗങ്ങളുൾപ്പടെ പലതും ചിത്രീകരിക്കാനുണ്ടായിരുന്നു. അവർ എനിക്കു തന്നത്, ഇംഗ്ലീഷിലേക്കും മംഗ്ലീഷിലേക്കും മാറ്റിയ ചിത്രത്തിന്റെ തിരക്കഥകളാണ്. അതിൽ നിന്ന് സംഭാഷണങ്ങൾ എഴുതിയുണ്ടാക്കുകയായിരുന്നു. മലയാളത്തിലെ പ്രശസ്ത താരങ്ങളും പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകളും നവാഗതരുമുൾപ്പടെ നൂറിലധികം ആളുകൾ ചിത്രത്തിൽ ശബ്ദം നൽകിയിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും യോജിച്ച ശബ്ദം കണ്ടെത്തി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ‘കെ.ജി.എഫ്’ ടീമിന്റെ ശക്തമായ പിന്തുണ മറക്കാവുന്നതല്ല. സംവിധായകൻ പ്രശാന്ത് നീലിനൊപ്പം നായകൻ യഷും ചിത്രത്തിന്റെ പ്രധാന പിന്നണി പ്രവർത്തകരിലൊരാളായ ഡോ.സൂരിയുമൊക്കെ കന്നഡ പതിപ്പിനു വേണ്ടി സംഭാഷണങ്ങൾ എഴുതിയിട്ടുണ്ട്’’.– ശങ്കർ ‘വനിത ഓൺലൈനോട്’ പറയുന്നു.

പൃഥ്വിയുടെ ആശയം

ചിത്രം നേരിട്ട് മലയാളത്തിലേക്ക് മൊഴിമാറ്റുന്നതില്‍ നിന്നു വേറിട്ട് ഇങ്ങനെയൊരു റീ ക്രിയേഷൻ പൃഥ്വിയുടെ ആശയമായിരുന്നു. നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ അമരക്കാരൻ വിജയ് കിരഗണ്ടൂരുമായും സംവിധായകൻ പ്രശാന്ത് നീലുമായുമൊക്കെ പൃഥ്വിക്ക് അടുത്ത ബന്ധമാണ്. അവർക്കും പൃഥ്വിയുടെ അഭിപ്രായം സ്വീകാര്യമായിരുന്നു. അങ്ങനെയാണ് പൃഥ്വി എന്റെ പേര് നിർദേശിക്കുന്നത്. ഇങ്ങനെയൊരു കാര്യമുണ്ട്, ചെയ്യാമോ എന്ന് പൃഥ്വി ചോദിച്ചപ്പോൾ എനിക്ക് സമ്മതമറിയിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ശബ്ദം നൽകി പ്രമുഖ താരങ്ങൾ

മലയാളത്തിലെ പ്രമുഖ താരങ്ങൾ പലരും ‘കെ.ജി.എഫ് ടു’വിൽ ശബ്ദം നൽകിയിട്ടുണ്ട്. അതാരൊക്കെയാണെന്ന് ഇപ്പോൾ പറയാനാകില്ല. അത് ചിത്രം കാണുമ്പോഴുള്ള ആസ്വാദനത്തെ ബാധിക്കും. നമ്മുടെ മനസ്സിൽ കഥാപാത്രങ്ങൾക്കൊപ്പം ശബ്ദം നൽകിയ താരങ്ങളുടെ മുഖവും കയറി വന്നേക്കാം. യഷിന് ശബ്ദം നൽകിയിരിക്കുന്നത് ആദ്യത്തെ ഭാഗത്തിൽ ശബ്ദം നൽകിയ അരുൺ സി.എം തന്നെയാണ്. ആദ്യ ഭാഗം വെറും രണ്ട് മണിക്കൂറിൽ അദ്ദേഹം ഡബ്ബ് ചെയ്ത് തീർത്തിരുന്നത്രേ. രണ്ടാം ഭാഗത്തിനായി ഒരു വർഷം അരുൺ എനിക്കൊപ്പമുണ്ടായിരുന്നു. കോവിഡ് തരംഗം ആഞ്ഞ് വീശി, കടുത്ത നിയന്ത്രണങ്ങളുള്ള സമയത്ത് എല്ലാ പ്രോട്ടോക്കോളും പാലിച്ച് ഇത്രയും പേർ പലപ്പോഴായി ബാംഗ്ലൂരിലെ ആകാശ് സ്റ്റുഡിയോയിൽ എത്തി തങ്ങളുടെ ഭാഗം ഡബ് ചെയ്ത് തീർത്തത്. എല്ലാവരും വളരെയധികം താൽപര്യത്തോടെ ചിത്രവുമായി സഹകരിച്ചു.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർന്നത് ബസ്റൂറിലെ ‘വില്ലേജ്’ എന്ന സ്റ്റുഡിയോയിലാണ്. സംഗീത സംവിധായകന്‍ രവി ബസ്റൂറിന്റെ നാട്ടിലാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റുഡിയോ. ഒരു ചെറിയ ഗ്രാമമാണ് ബസ്റൂർ. അവിടെ ഇങ്ങനെയൊരു വലിയ സ്റ്റുഡിയോ ഉണ്ടെന്ന് ചിന്തിക്കാനാകില്ല. പരിസരത്ത് ഒരു കടയോ ജങ്ഷനോ പോലുമില്ല. ഇത്രയും വലിയ താരങ്ങളും ടെക്നീഷ്യൻസുമൊക്കെ അവിടെയെത്തിയാണ് ചിത്രവുമായി സഹകരിച്ചത്. സിനിമ കാണുന്നതിനായി അങ്ങോട്ടുള്ള യാത്ര എനിക്കും വേറിട്ട ഒരു അനുഭവമായി.

shankar-2

എന്റെ തൃപ്തി

പാൻ ഇന്ത്യൻ ലെവലിലുള്ള ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകുകയെന്നതാണ് എന്നെ സംബന്ധിച്ച് ‘കെ.ജി.എഫ് ടു’ നൽകുന്ന സംതൃപ്തി. അവരുടെ ജോലിയുടെ രീതികൾ മനസ്സിലാക്കി അതിനൊപ്പം പ്രവർത്തിക്കുകയെന്നത് വലിയ അനുഭവമാണ്. ഞാനും പൃഥ്വിയും മലയാളത്തിൽ ചെയ്യാൻ ഒരുങ്ങുന്ന ‘അയ്യപ്പൻ’ ഈ ലെവലിൽ വലുപ്പമുള്ള ഒരു ചിത്രമാണ്. ഒരു വർഷത്തെ പ്രീ പ്രൊഡക്ഷൻ ജോലികൾ അതിനു വേണ്ടി വരും. അതിനൊക്കെയുള്ള മുന്നൊരുക്കമായാണ് ഇത്തരം സംരംഭങ്ങളിലെ പങ്കാളിത്തത്തെ ഞാൻ പരിഗണിക്കുന്നത്.

ഇതങ്ങനെയല്ല

ഇതറിഞ്ഞപ്പോൾ ഡബ്ബിങ് സിനിമക്കാരനാകണോ എന്നൊക്കെ ചിലർ ചോദിച്ചിരുന്നു. മലയാളത്തിൽ പൊതുവേ കാണുന്ന ഡബ്ബിങ് സിനിമകൾ സമ്മാനിക്കുന്ന ആശങ്കയിൽ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. ഇതങ്ങനെയല്ല.

ഡയലോഗുകള്‍ വേഡ് ടു വേഡ് വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്ന തരം ഡബ്ബിങ് സിനിമകളെ സംബന്ധിച്ച് എനിക്കു തോന്നുന്നത്, സമയക്കുറവിന്റെ പ്രശ്നമാണ് അതെന്നാണ്. നാലോ അഞ്ചോ ദിവസമൊക്കെയാകും പലർക്കും ഒരു സിനിമ ഡബ്ബ് ചെയ്യുന്നതിനായി ലഭിക്കുക. അപ്പോൾ അതിന്റെതായ പരിമിതികളുണ്ടാകും. ‘കെ.ജി.എഫ് ടു’ അങ്ങനെയല്ല.

ഇപ്പോൾ ഇതേക്കുറിച്ച് പറയണമെന്ന് ഞാൻ ഉദ്ദേശിച്ചിരുന്നതല്ല. മാല പാർവതി ചേച്ചിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് എല്ലാവരും ഇതറിഞ്ഞത്. എന്തായാലും ഏപ്രിൽ 14 നു തിയറ്ററിൽ കാണാം.