Wednesday 30 September 2020 02:04 PM IST

പ്രണയത്തിന്റെ 1100 ദിവസങ്ങൾ! ‘അങ്കമാലി’യിൽ പരിചയപ്പെട്ട സുന്ദരി കിച്ചുവിന്റെ മനസ്സ് കീഴടക്കിയത് ഇങ്ങനെ

V.G. Nakul

Sub- Editor

r1

മലയാളസിനിമയിൽ മറ്റൊരു താര വിവാഹം കൂടി. വരുന്ന നവംബർ 29ന് കിച്ചു ടെല്ലാസ് റോഷ്ന ആൻ റോയിയെ മിന്നു കെട്ടുമ്പോൾ മറ്റൊരു താരദമ്പതികൾ കൂടി മലയാള സിനിമയുടെ ഭാഗമാകും. കിച്ചുവിനെയും റോഷ്നയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. അങ്കമാലി ഡയറീസിലെ പോത്ത് വർക്കിയിലൂടെ കിച്ചുവും ഒരു അഡാർ ലവ് ലെ സ്നേഹ മിസ്സിലൂടെ റോഷ്നയും പ്രേക്ഷകർക്ക് സുപരിചിതരാണ്. അതുകൊണ്ടു തന്നെ ഇവരുടെ വിവാഹ വാർത്ത വലിയ സന്തോഷത്തോടെയാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. നടൻ എന്നതിനൊപ്പം തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. ചിത്രീകരണം പൂർത്തിയായി റിലീസ് കാത്തിരിക്കുന്ന അജഗജാന്തരം കിച്ചുവിന്റെ രചനയാണ്. ആർ.ആർ മേക്കോവേഴ്സ് എന്ന മേക്കപ്പ് സ്റ്റുഡിയോയിലൂടെ റോഷ്നയും അഭിനയത്തിനൊപ്പം മറ്റൊരു മേഖലയിലേക്കു ചുവടു വച്ചു കഴിഞ്ഞു.

ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും റോഷ്ന ‘വനിത ഓൺലൈനി’ലൂടെ മനസ്സ് തുറക്കുന്നു.

r5

‘1100 days of friendship & love. Its time to announce that we r getting married...’ എന്നാണ് തങ്ങളുടെ വിവാഹ വാർത്ത പ്രേക്ഷകരെ അറിയിച്ച് റോഷ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആ 1100 ദിവസത്തിന്റെ കഥ പറഞ്ഞു കൊണ്ടാണ് റോഷ്ന സംസാരിച്ചു തുടങ്ങിയത്.

‘‘ഞങ്ങൾ പ്രണയത്തിലായ ദിവസം മുതൽ വിവാഹം ഉറപ്പിച്ച ദിവസം വരെ കണക്കൂട്ടിയപ്പോൾ 1100 ദിവസം ആയിരുന്നു. അതാണ് പോസ്റ്റിൽ കുറിച്ചത്. 3 വർഷത്തെ പ്രണയം. പക്ഷേ, പരിചയപ്പെട്ടിട്ടും സുഹൃത്തുക്കളായിട്ടും അതിലുമേറെയായി.

ചെമ്പൻ വിനോദേട്ടന്റെ കസിനാണ് കിച്ചു. ഞാൻ ‘അങ്കമാലി ഡയറീസി’ന്റെ ഓഡിഷന് പോയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. പിന്നീട് ‘വർണ്യത്തിൽ ആശങ്ക’ എന്ന ചിത്രത്തിൽ ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി അഭിനയിച്ചു. അതിന്റെ ഷൂട്ടിന് ഒറ്റപ്പാലത്തേക്ക് പോയതും ഒന്നിച്ചാണ്. അങ്ങനെ നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പരസ്പരം കൂടുതൽ അടുത്തറിഞ്ഞപ്പോൾ പ്രണയത്തിലെത്തിയത്’’.

r4

രണ്ടു തവണ മാറ്റി വച്ച കല്യാണം

സത്യത്തിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്. അതു പക്ഷേ, രണ്ടു പേരുടെയും സിനിമയിലെ തിരക്കുകള്‍ കാരണം നീണ്ടു. പിന്നീട് ഈ വർഷം ലോക്ക് ഡൗണിന് മുമ്പ് ഒരു ഡേറ്റ് തീരുമാനിച്ചെങ്കിലും അപ്പോഴേക്കും കോവിഡിന്റെ പ്രശ്നങ്ങൾ വന്നു. എങ്കില്‍ കുറച്ചു കൂടി കഴിയട്ടെ, അടുത്ത വര്‍ഷം മതി എന്നു ചിന്തിക്കുന്നതിനിടെയാണ്, ‘ഇനി കാത്തിരിക്കേണ്ട. ഉടൻ നടത്തിയേക്കാം’ എന്നു വീട്ടുകാർ പറഞ്ഞത്. 

വീട്ടുകാരുടെ പൂർണസമ്മതം

എന്റെ നാട് സുൽത്താൻ ബത്തേരിയും കിച്ചുവിന്റെത് ആലുവയുമാണ്. എന്റെ അമ്മ ഷൈനി പോസ്റ്റ് മാസ്റ്ററാണ്. അച്ഛൻ റോയ് നേരത്തേ മരിച്ചു. അനിയൻ – ജോസഫ്. കിച്ചുവിന്റെ അച്ഛനും ജീവിച്ചിരിപ്പില്ല. അമ്മ – ജെസി. സഹോദരി ഡോക്ടറാണ്. ഞാനും കിച്ചുവിന്റെ അമ്മച്ചിയും വലിയ കൂട്ടാണ്.

രണ്ടു വീട്ടുകാരുടെയും പൂർണസമ്മതത്തോടെയാണ് വിവാഹം. വീട്ടുകാരോട് രണ്ടു പേരും പ്രണയത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ച ചടങ്ങിന്റെ ചിത്രങ്ങളാണ് ഞങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

r3

പാതി അങ്കമാലിക്കാരി

എന്റെ അമ്മവീട് അങ്കമാലിയിലാണ്. ഞാൻ മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിച്ചതും അങ്കമാലിയിലാണ്. ടി.ടി.സി കഴിഞ്ഞാണ് അഭിനയത്തിലേക്ക് വന്നത്. ധർമജൻ ചേട്ടന്റെയും മനോജ് ഗിന്നസേട്ടന്റെയും ട്രൂപ്പില്‍ ഡാൻസറായിരുന്നു. അങ്ങനെയാണ് ഒരു പരസ്യത്തിൽ അഭിനയിച്ചതും അതു വഴി സിനിമയിലെത്തിയതും. യാദൃശ്ചികമായി സിനിമയിൽ വന്ന് സിനിമ ഇഷ്ടപ്പെട്ടു തുടങ്ങിയ ആളാണ് ഞാൻ എന്നു പറയാം. എന്റെ ആദ്യത്തെ സിനിമയെന്നു പറയാവുന്നത് ‘ബഷീറിന്റെ പ്രേമലേഖന’മാണ്. പക്ഷേ, പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് പത്താമത്തെ സിനിമയായ ‘ഒരു അഡാർ ലവ്’ ലൂടെയാണ്.

പരസ്പരം തുറന്നു പറഞ്ഞിട്ടില്ല

സത്യത്തിൽ ഞങ്ങള്‍ പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടൊന്നുമില്ല. പ്രണയമാണെന്ന് പരസ്പരം മനസ്സിലാക്കുകയായിരുന്നു.

കിച്ചുവിന്റെ അമ്മയാണ് ‘നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ’ എന്ന് കിച്ചുവിനോട് ആദ്യം ചോദിച്ചത്. ‘പ്രേമിച്ചാൽ അമ്മച്ചിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്ന് കിച്ചു തമാശ പോല തിരിച്ചു ചോദിച്ചു. അമ്മച്ചിക്ക് പൂർണ സമ്മതമായിരുന്നു. കിച്ചു ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കട്ടെ എന്ന നിലപാടിലായിരുന്നു അമ്മ.

r2

പ്രണയം തോന്നിയപ്പോൾ

കിച്ചു ബാച്ച്ലർ ലൈഫ് എൻജോയ് ചെയ്യുന്ന വ്യക്തിയായിരുന്നു. യാത്രകൾ, ആന, പൂരം, മേളം ഒക്കെയാണ് കക്ഷിയ്ക്ക് ഹരം. അതിനിടെ വിവാഹവും പ്രണയവുമൊന്നും മനസ്സിലില്ലായിരുന്നു. ‘അജഗജാന്തര’ത്തിന്റെ തിരക്കഥയെഴുതുന്ന കാലത്ത് കിച്ചുവിന് ഒരു ആക്സിഡന്റുണ്ടായി. ആ സമയത്തെ എന്റെ കെയറിങ്ങിൽ നിന്നൊക്കെയാകാം പ്രണയത്തിലേക്കു വന്നതെന്നു തോന്നുന്നു. അതേ പോലെ ‘വർണ്യത്തിൽ ആശങ്ക’ ചിത്രീകരണം തീരുന്ന സമയത്ത് എനിക്കു മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. ആ സമയത്ത് കിച്ചുവും നല്ല കെയർ തന്നു. അപ്പോഴാണ് പ്രണയമുണ്ടെന്ന തോന്നൽ എനിക്കുമുണ്ടായത്.