Thursday 04 March 2021 12:29 PM IST

കിഷോര്‍ ഡയബറ്റിക് ആണോ ? അതോ, മറ്റെന്തെങ്കിലും അസുഖമാണോ ? സംശയങ്ങൾക്കിടെ ആരും അതു മാത്രം ശ്രദ്ധിച്ചില്ല: കിഷോർ സത്യ പറയുന്നു

V.G. Nakul

Sub- Editor

k1

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മലയാളികളുടെ പ്രിയതാരമാണ് കിഷോർ സത്യ. നടൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയ സാന്നിധ്യമായ കിഷോർ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ‘സ്വന്തം സുജാത’ എന്ന ശ്രദ്ധേയ പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് ശക്തമായി മടങ്ങിയെത്തിയിരിക്കുന്നു. ഇപ്പോഴിതാ, സീരിയലിനു വേണ്ടിയുള്ള തന്റെ മേക്കോവറിനെക്കുറിച്ച് കിഷോർ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘സ്വന്തം സുജാതയിലെ പ്രകാശൻ ആകാൻ വേണ്ടി ശരീരഭാരം 6 കിലോയോളം കുറച്ചിരുന്നു. അതൊരു ശ്രമകരമായ പണിയായിരുന്നു. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങൾ ഒന്നും ഒരു സിനിമയ്ക്കായി നടത്തുന്ന മേക്കോവർ പോലെ വാർത്തകളിൽ അത്ര ഇടം പിടിക്കാറില്ല. അത് പരമ്പരകളുടെ വിധി.

അതിലും വലിയ പണിയാണ് വീണ്ടും ശരീരം പഴയ പടിയാക്കുക എന്നത്. അതും ഷൂട്ടിങ്ങിനു ഇടയിൽ. Gym, nutrition, rest അങ്ങനെ പലതും സീരിയൽ ഷൂട്ടിങ്ങിൽ പാടാണ്. സിനിമയുടെ ഒരു സാവകാശം ഒന്നുമിവിടെ നമുക്ക് കിട്ടില്ല. എന്നിട്ടും കുറച്ച് മാറ്റമുണ്ടാക്കാൻ ഇതിനിടയിൽ സാധിക്കുന്നത് സന്തോഷം തരുന്നു.

തിരുവനന്തപുരത്തു ജോൺസ് ജിമ്മിൽ ആണ് സ്ഥിരം പോകുന്നത്. കൊച്ചിയിൽ ഷൂട്ടിനു വന്നശേഷം ആദ്യം കരിങ്ങാച്ചിറയുള്ള വിധുവിന്റെ ജിമ്മിൽ ആണ് പോയത്. ദൂരം, സമയം തുടങ്ങിയ മാരണങ്ങൾ വഴി മുടക്കി. പിന്നീട് തൃക്കാക്കര മുനിസിപ്പൽ കൗൺസിലറും ഞങ്ങളുടെ ലൊക്കേഷൻ മാനേജരുമായ മനൂപിന്റെ ജിമ്മിൽ പോയി തുടങ്ങിയത്. Getfit.

ഈ തിരക്കിനിടയിലും ഫിറ്റ്നസ് ന് സമയം കണ്ടെത്തുന്നത് എപ്പോഴും സന്തോഷം തന്നെ. ഇത് നാളുകളായുള്ള ദിനംചര്യയുടെ ഭാഗം....’ .– കിഷോർ കുറിച്ചതിങ്ങനെ.

k4

‘‘ഞാൻ നായകനായ ചിത്രമാണ് ‘ഇഷ’. കഴിഞ്ഞ വർഷം ആദ്യമാണ് ചിത്രം റിലീസ് ചെയ്തത്. ദൗർഭാഗ്യമെന്നു പറയട്ടെ, ചിത്രം തിയറ്ററിലെത്തി ഒരാഴ്ച കഴിഞ്ഞതും ലോക്ക് ഡൗൺ വന്ന് തിയറ്ററുകൾ അടച്ചു. അതോടെ ചിത്രം വന്നതും പോയതും ആരും അറിഞ്ഞില്ല. നാല് വർഷത്തോളം ആ സിനിമയ്ക്ക് വേണ്ടി ഞാൻ മാറ്റി വച്ചതാണ്. സീരിയലിൽ നിന്നു പൂർണമായും വിട്ടു നിന്നു. മറ്റു സിനിമകളും ഒഴിവാക്കി. പക്ഷേ, അതൊക്കെ വെറുതെയാക്കുന്നതായിരുന്നു അപ്രതീക്ഷിത സാഹചര്യങ്ങൾ. ഒരു ഗുണവും ലഭിക്കാതെ ‘ഇഷ’ വന്നു പോയി’’. – വീണ്ടും സീരിയൽ രംഗത്തേക്കെത്തിയതിന്റെയും അതിനായുള്ള മേക്കോവറിന്റെയും കൂടുതൽ വിശേഷങ്ങൾക്കുള്ള ആമുഖം എന്ന പോലെ കിഷോർ ‘വനിത ഓൺലൈനോട്’ സംസാരിച്ചു തുടങ്ങിയതിങ്ങനെ.

‘‘ലോക്ക് ഡൗൺ ആയി, തിയറ്ററുകൾ അടച്ചു, ഷൂട്ടിങ് ഇല്ല എന്നൊക്കെയുള്ള സാഹചര്യങ്ങളിൽ എത്തിയപ്പോൾ എന്താണ് ഈ മേഖലകളുടെയൊക്കെ ഭാവി എന്നൊരു ഉത്തരം കിട്ടാത്ത ചോദ്യം മുന്നിൽ വന്നു. ആ സമയത്താണ് ‘സ്വന്തം സുജാത’യിലേക്ക് വിളി വന്നത്. അതിന്റെ സംവിധായകൻ അൻസാർ ഖാൻ എന്റെ സുഹൃത്താണ്. അൻസാറിന്റെ ഒരു ഷോർട് ഫിലിമിലും ‘ലക്ഷ്യം’ എന്ന സിനിമയിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്യത്തിൽ പൊലീസ് വേഷത്തിനായി ഞാൻ തടി കൂട്ടിയതുമാണ്.

‘സ്വന്തം സുജാത’യിലെ പ്രകാശൻ കൊറോണയുടെ പ്രശ്നങ്ങൾ വന്ന്, ബിസിനസ്സ് പൊളിഞ്ഞു പാളീസായി, ആകെ തകർന്ന കഥാപാത്രമാണ്. അൻസാറാണ് പറഞ്ഞത്, അയാളുടെ അവസ്ഥ പ്രകടമാക്കാൻ ലുക്കിലും ചില മാറ്റങ്ങൾ കൊണ്ടു വരാം എന്ന്. താടിയും മുടിയും വെട്ടാതെ, മെലി‍ഞ്ഞ ഗെറ്റപ്പിലേക്കെത്താൻ തീരുമാനിച്ചത് അങ്ങനെയാണ്’’. – കിഷോർ പറയുന്നു.

k2

ഡയബറ്റിക് രോഗിയായോ ? ഷുഗർ ആണോ ?

ലോക്ക് ഡൗൺ ആണ്. ജിം ഒന്നും ഇല്ലല്ലോ. അങ്ങനെ കാർഡിയോ വർക്കൗട്ടും ഓൺലൈൻ കളരിയുമൊക്കെ തുടങ്ങി. ‘കാളിയൻ’ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന മഹേഷാണ് കളരിയിൽ എന്റെ ഗുരു. അങ്ങനെ 5 കിലോയോളം ശരീര ഭാരം കുറച്ചു. 76 ൽ ൽ നിന്ന് 71 ആക്കി. അങ്ങനെയാണ് ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തിയത്. പക്ഷേ, ഈ ശ്രമങ്ങളെയൊക്കെ ആളുകൾ കണ്ടത് മറ്റൊരു തരത്തിലാണ്. പലരും ചോദിച്ചത് ‘അയ്യോ, കിഷോർ സത്യയ്ക്ക് എന്തു പറ്റി ? പുള്ളിക്ക് എന്തെങ്കിലും വലിയ അസുഖം വല്ലതും ആണോ ?’ എന്നാണ്. ‘ഡയബറ്റിക് രോഗിയായോ ? ഷുഗർ ആണോ ? എന്താ പുള്ളി ഇങ്ങനെ ഇരിക്കുന്നേ?’ എന്നൊക്കെയായായിരുന്നു മറ്റു ചിലരുടെ സംശയം. എന്തു പറയാൻ ? ശരീരം വലുതാക്കുന്നതിനെക്കാൾ പ്രയാസമാണ് ശരീരം ചെറുതാക്കാൻ. അപ്പോഴാണ് ഈ ശ്രമങ്ങളെയൊന്നും ശ്രദ്ധിക്കാതെ ഇത്തരം ചോദ്യങ്ങൾ വരുന്നത്. എന്താണ് ഇതിനൊക്കെ മറുപടി പറയുക...? ഈ ശ്രമം സിനിമയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ വലിയ വാർത്തയായാനേ. സീരിയലിലാകുമ്പോൾ ആരും ശ്രദ്ധിക്കുക പോലുമില്ല. അത് ഒരു നല്ല രീതിയല്ല എന്നാണ് എന്റെ അഭിപ്രായം.

k3

ഭക്ഷണ ക്രമം

ഫുഡിന്റെ അളവ് കുറച്ചു. പ്രൊട്ടീൻ റിച്ച് ഫുഡുകളൊന്നും കഴിച്ചില്ല. സാധാരണ 4 ഇഡ്ഡലിയാണ് കഴിക്കുന്നതെങ്കിൽ അത് 2 ആക്കി. ഒരു കപ്പ് ചോറ് അര കപ്പ് ആക്കി. മധുരം പണ്ടേ വലിയ താൽപര്യമില്ലാത്ത ആളാണ് ഞാൻ. കാർഡിയോ വർക്കൗട്ടും ഓൺലൈൻ കളരിയുമൊക്കെക്കൂടിയായപ്പോൾ വെയിറ്റ് വളരെവേഗം കുറഞ്ഞു. അധികം വണ്ണം വയ്ക്കുന്ന ശരീരമല്ല എന്റെത്. അതിനാൽ ഫാറ്റ് കുറവാണ്. മസിൽസ് പ്രൊട്ടീൻ ആണ്. അതുകൊണ്ട് പ്രോട്ടീൻ പൂർണമായും ഉപേക്ഷിച്ചു. കളരിയിൽ അഗസ്ത്യം എന്ന ഫിറ്റ്നസ് പ്രോഗ്രാമാണ് ഫോളോ ചെയ്തത്. അതും വളരെ സഹായകമായി. ഇപ്പോൾ ഞാൻ വീണ്ടും തടി കൂട്ടാനുള്ള ശ്രമത്തിലാണ്. പ്രകാശന്റെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു തുടങ്ങിയതിന്റെ മാറ്റങ്ങൾ അയാളുടെ ലുക്കിലും വേണം. ഇപ്പോൾ 3 കിലോ കൂടി.