Tuesday 01 December 2020 12:47 PM IST

ഒന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയ ആദ്യ ഭാര്യ അടുത്തിടെ ജീവനൊടുക്കിയെന്നറിഞ്ഞു; 11 വയസ്സ് വരെ അവനെയും കൊണ്ടാണ് ഞാൻ ഷോകൾക്ക് പോയിരുന്നത്! ചിരിയല്ല സുധിക്ക് ജീവിതം

V.G. Nakul

Sub- Editor

ks1

കൊല്ലം സുധി പാവത്താനാണെന്ന് അടുപ്പമുള്ളവർ പറയും. ഭാര്യയും മക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമൊക്കെ ചേരുന്ന ചെറിയ വലിയ ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്ന, മറ്റുള്ളവർക്ക് താൻ കാരണം വേദനയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന സാധുവാണ് ഈ മനുഷ്യൻ. കോമഡി പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും സിനിമകളിലൂടെയുമൊക്കെ കഴിഞ്ഞ കുറേയേറെ വർഷങ്ങളായി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് സുധിയുടേത്. ചലനത്തിലൂടെ പോലും ചിരിയുടെ അമിട്ടിന് തിരികൊളുത്താൻ കഴിയുന്ന അപൂർവം കലാകാരൻമാരിൽ ഒരാളെന്ന് പ്രേക്ഷകർ‌ നിസംശയം പറയും.

എന്നാൽ, വേദിയിൽ ചിരിയുടെ പൂരമൊരുക്കുന്ന സുധി ജീവിതത്തിൽ താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് അടുത്തിടെ ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് പ്രേക്ഷകർ കേട്ടത്. ഇപ്പോൾ ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ അതിന്റെ ബാക്കി കൂടി പൂരിപ്പിക്കുകയാണ് സുധി.

‘‘ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.

രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്’’. സുധി ഒരു നിമിഷം നിർത്തി, പറക്കമുറ്റാത്ത മകനെയും നെഞ്ചോട് ചേർത്തു പിടിച്ച് കരഞ്ഞു തീർത്ത രാപ്പകലുകളുടെ ഓർമയില്‍ ഒരു നിമിഷം മുങ്ങി നിവർന്ന പോലെ...

‘‘ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.’’ – ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ഇരു കൈകൾക്കൊണ്ടും ചേർത്തു പിടിച്ചു സുധി.

ks2

രേണുവിനെ ‘വാവക്കുട്ടൻ’ എന്നാണ് സുധി വിളിക്കുന്നത്. ‘‘രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല’’. – സുധി പറയുന്നു.

കുടുംബം എന്റെ ലോകം

എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്‌റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.

ks4

പാട്ടിലൂടെ മിമിക്രിയിൽ

ഞാൻ ജനിച്ചത് കൊച്ചിയിലായിരുന്നു. അച്ഛൻ ശിവദാസൻ കൊച്ചിൻ കോർപ്പറേഷനിലെ റവന്യൂ ഇൻസ്പെക്ടറായിരുന്നു. അമ്മ ഗോമതി. പിന്നീട് ഞങ്ങൾ കൊല്ലത്ത് വന്നു. എനിക്ക് ഒരു ചേച്ചിയും ചേട്ടനും അനിയനുമാണ്. അനിയൻ സുഭാഷ് മരിച്ചു.

മിമിക്രിയിലേക്ക് വന്നിട്ട് 30 വർഷമായി. 16 –17 വയസ്സു മുതല്‍ തുടങ്ങിയതാണ്. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിതിരിച്ചത്. അമ്മയ്ക്ക് ഞാൻ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് മുണ്ടയ്ക്കൽ വിനോദ്, ഷോബി തിലകൻ, രാജാ സാഹിബ്, ഷമ്മി തിലകൻ തുടങ്ങിയവരുടെയൊക്കെ ടീമിലാണ്. തുടക്കകാലത്ത് ഞാൻ കൂടുതൽ അനുകരിച്ചിരുന്നത് സുരേഷ് ഗോപി ചേട്ടനെയാണ്. പിന്നീട് ജഗദീഷേട്ടനെയും.

വഴിമാറ്റിയ ‘കോമഡി ഫെസ്റ്റിവൽ’

കോമഡി സ്റ്റാർസിൽ പങ്കെടുത്തെങ്കിലും എനിക്ക് വലിയ ശ്രദ്ധ നേടിത്തന്നത് മഴവില്‍ മനോരമയിലെ ‘കോമഡി ഫെസ്റ്റിവൽ’ ആണ്. അതിലെ സ്കിറ്റുകളെല്ലാം ഹിറ്റായിരുന്നു. ഞങ്ങൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചതും.

ഇതിനോടകം 40 സിനിമ ചെയ്തു. പ്രദീപേട്ടന്റെ ‘ചെന്നൈക്കൂട്ട’മാണ് ആദ്യ സിനിമ. പിന്നീട് സ്റ്റാർ മാജിക്കിലൂടെയാണ് വീണ്ടും ചാനലിൽ സജീവമായത്. ഇപ്പോൾ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു, പരിചയപ്പെടുന്നു, സെൽഫിയെടുക്കുന്നു...എല്ലാം വലിയ സന്തോഷം.

ks3

വീട് എന്ന സ്വപ്നം

ഇപ്പോൾ കോട്ടയത്ത് വാകത്താനത്ത് വാടക വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. ഇവിടെ അടുത്ത് ഒരു പ്ലോട്ടിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ വന്നപ്പോൾ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായി. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വന്തമായി ഒരു വീട് വലിയ സ്വപ്നമാണ്.