Thursday 17 February 2022 10:05 AM IST

‘ഇനി ആ റോളിനായി പ്രദീപേട്ടൻ വരില്ലെന്നോർക്കുമ്പോൾ...’: വിശ്വസിക്കുവാനാകുന്നില്ല: ഓർമകൾ പങ്കുവച്ച് കണ്ണൻ താമരക്കുളം

V.G. Nakul

Sub- Editor

kottayam-pradeep-4

‘കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്.... കഴിച്ചോ കഴിച്ചോ’ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ തമിഴ് ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’യിലെ ഈ ഒരൊറ്റ ഡയലോഗാണ് കോട്ടയം പ്രദീപിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. ചിത്രത്തിൽ, നായിക തൃഷയുടെ അമ്മാവന്റെ വേഷത്തിൽ രണ്ടോ മൂന്നോ സീനുകള്‍. അത്രയും ധാരാളമായിരുന്നു: ജൂനിയർ ആർട്ടിസ്റ്റിൽ നിന്നു തിരക്കുള്ള കോമഡി താരത്തിലേക്കുള്ള വളർച്ചയ്ക്ക്... തുടർന്ന് മലയാളത്തിൽ ചിരിയുടെ അലകൾ തീർത്ത ഒരുപിടി കഥാപാത്രങ്ങൾ...ഒരു വടക്കൻ സെൽഫി, ഗോദ, ആട് ഒരു ഭീകര ജീവിയാണ്, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുഞ്ഞിരാമായണം തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ പ്രാധാന്യമുള്ള റോളുകൾ പ്രദീപിനെ തേടിയെത്തി.

‘‘പ്രദീപേട്ടൻ പോയി എന്നു വിശ്വസിക്കുവാനാകുന്നില്ല. എന്റെ ‘ആടുപുലിയാട്ട’ത്തിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളതെങ്കിലും നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. ഒരു നല്ല മനുഷ്യൻ. ആടുപുലിയാട്ടത്തില്‍ ജയറാമേട്ടന്റെ ഇൻട്രൊഡക്ഷനിൽ വരുന്ന ഒരു പത്രക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. ആ സിനിമ തുടങ്ങുന്നത് പ്രദീപേട്ടനിലാണ്...’’. – സംവിധായകൻ കണ്ണൻ താമരക്കുളം ‘വനിത ഓൺലൈനോട്’ പറഞ്ഞു.

kottayam-pradeep

‘‘പ്രദീപേട്ടൻ ജൂനിയര്‍ ആർട്ടിസ്റ്റായിരുന്ന കാലം മുതല്‍ എനിക്കറിയാം. ‘വിണ്ണൈ താണ്ടി വരുവായ’യയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ വളർച്ച ഞങ്ങളൊക്കെ വളരെ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പ്രത്യേക തരം സംസാരശൈലിയും പ്രകടനവുമൊക്കെയുള്ള ആളായിരുന്നല്ലോ. അത്തരത്തിൽ നിരവധി കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തിനിടെ പ്രദീപേട്ടനെ തേടിയെത്തി.

എന്റെ ‘വിരുന്ന്’ എന്ന പുതിയ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കാനിരുന്നതാണ്. അജു വർഗീസിന്റെ അച്ഛൻ വേഷം. പന്ത്രണ്ടാം തീയതി ഷൂട്ട് തീരുമാനിച്ചിരുന്നത് ഡേറ്റിന്റെ ചില പ്രശ്നങ്ങളെത്തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇനി ആ റോളിനായി പ്രദീപേട്ടൻ വരില്ലെന്നോർക്കുമ്പോൾ...നമ്മൾ ചിലരെ ചില വേഷങ്ങളിലേക്ക് പരിഗണിച്ചിട്ട് ഷൂട്ട് തുടങ്ങുമ്പോൾ അവർ ഈ ഭൂമിയിലേ ഇല്ലെന്ന യാഥാർഥ്യം വലിയ ഞെട്ടലാണ്. ഇനി ആ റോൾ ഷൂട്ട് ചെയ്യുമ്പോൾ പ്രദീപേട്ടനെ മിസ് ചെയ്യും...’’.– കണ്ണന്റെ വാക്കുകളിൽ വേദന കുരുങ്ങി.

ജീവിത്തതിന്റെ രണ്ടാം പകുതിയിൽ മാത്രം സിനിമയിൽ സജീവമായ പ്രദീപ് പക്ഷേ അഭിനയം പാതിയിൽ അവസാനിപ്പിച്ചു മറഞ്ഞു. 2001–ൽ ‘ഇൗ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയെങ്കിലും ശ്രദ്ധേിക്കപ്പെടാൻ പ്രദീപിനു വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. നാളെ റിലീസാകാനിരിക്കുന്ന ആറാട്ടിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.