അല്ലിയിളം പൂവോ...,വെള്ളിച്ചില്ലും വിതറി... പോലെ എവര്‍ഗ്രീന്‍ പാട്ടുകള്‍ പാടിയും, രതിനിര്‍വേദത്തിലെ പപ്പുവിലൂടെ നടനായും, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് തുടങ്ങി എത്രയോ നായകനടന്മാരുടെ ശബ്ദമായും ടെലിവിഷന്‍ അവതാരകനായും മലയാളികള്‍ക്കു പ്രിയങ്കരനായ കൃഷ്ണചന്ദ്രന് ജൂണ്‍ 16ന് ഷഷ്ടിപൂര്‍ത്തിയായി. ലോകസംഗീതദിനത്തില്‍ അദ്ദേഹം വനിത ഓണ്‍ലൈനുമായി പങ്കുവച്ച ചില സംഗീതനിമിഷങ്ങള്‍...
ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചു പറയാതെ മലയാളികള്‍ക്ക് സംഗീതമില്ല. 1957ല്‍ നിലമ്പൂര്‍ കോവിലകത്ത് നടന്ന എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സംഗീതക്കച്ചേരിയുണ്ടായിരുന്നു. പാടാനെത്തിയത് സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍! വയലിനില്‍ എം എസ് ഗോപാലകൃഷ്ണന്‍, കൂടെ പാടാന്‍ പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട് തുടങ്ങി വലിയ വലിയ പ്രതിഭകളായിരുന്നു ചെമ്പൈയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. അമ്മയ്ക്കും അച്ഛനും പാട്ട് ഇഷ്ടമാണ്, നല്ലതുപോലെ ആസ്വദിക്കും. അതില്‍ക്കവിഞ്ഞൊരു സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഞാന്‍ പാട്ടുകാരനായത് നിങ്ങളുടെ കല്യാണത്തിന് ചെമ്പൈയുടെ കച്ചേരി വച്ചതുകൊണ്ടാണ് എന്ന് ഞാന്‍ തന്നെ തമാശയായി പറയാറുണ്ട്.

ദേവരാജന്‍ മാസ്റ്ററുടെ പാട്ടുകളിലൂടെ പ്രശസ്തനായ നിലമ്പൂര്‍ കാര്‍ത്തികേയന്‍ ആണ് സ പ സ പാടിച്ച് സംഗീതത്തിന്റെ ഹരിശ്രീ കുറിപ്പിച്ച ആദ്യഗുരു. അദ്ദേഹം തിരുവനന്തപുരത്ത് ഉന്നതപഠനത്തിനായി പോയപ്പോള്‍ പുലാമന്തോളിലെ ഗോവിന്ദപിഷാരടി ഭാഗവതര്‍ വീട്ടില്‍ വന്നു പഠിപ്പിച്ചു. ചെമ്പൈയുടെ ശിഷ്യനാണ് അദ്ദേഹം. രാവിലെ സ്‌കൂളില്‍ പോകുന്നതു വരെയും വൈകീട്ട് സ്‌കൂള്‍ വിട്ടു വന്ന ശേഷവുമാണ് എന്റെ സംഗീതപഠനം. ചെമ്പൈയുടെ മുമ്പില്‍ എന്നെ പാടിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹം. 1971ലെ ഗുരുവായൂര്‍ ഏകാദശിക്ക് അദ്ദേഹം എന്നെയും കൊണ്ടുപോയി. അഞ്ചിലോ ആറിലോ പഠിക്കുകയാണ് ഞാനന്ന്. ചെമ്പൈയുടെ അടുത്ത് കൊണ്ടുപോയി ഗുരുനാഥന്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ കാലില്‍ വീണു നമസ്‌കരിച്ചു. അദ്ദേഹം അനുഗ്രഹിച്ചിട്ടു പറഞ്ഞു'ധൈര്യമായി പാടിക്കോളൂ... നന്നായി പാടണം'എന്ന്.
അന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ഇല്ല. അമ്പലത്തിനകത്തു തന്നെ നടയില്‍ വലതുഭാഗത്ത് ഒരു മൂലയിലിരുന്നാണ് പാടുക. ഏകാദശി ദിവസം മാത്രമേ സംഗീതാര്‍ച്ചന ഉള്ളൂ താനും. കച്ചേരി നടക്കുമ്പോള്‍ ചെമ്പൈയും വേദിയില്‍ വന്നിരിക്കും. അദ്ദേഹത്തിന്റെ മുമ്പിലിരുന്നാണ് പാടേണ്ടത്. മോഹനരാഗത്തില്‍ സദാപാലയ...എന്ന ജി എന്‍ ബാലസുബ്രഹ്മണ്യത്തിന്റെ കൃതിയാണ് ഞാന്‍ പാടിയത്. 'ശ്രുതി ശുദ്ധമായി പാടുന്നുണ്ട്...' എല്ലാം കേട്ടുകഴിഞ്ഞ് എന്നെ അടുത്തേക്കു വിളിച്ച് അദ്ദേഹം പറഞ്ഞത് ഇത്രമാത്രം!
ദാസേട്ടന്‍ തന്ന ദേശീയ അവാര്‍ഡ്

ഗായിക സുജാതയുടെ ഭര്‍ത്താവ് ഡോ. കൃഷ്ണമോഹന്റെ അമ്മ രാധാമണി ചെമ്പൈയുടെ ശിഷ്യയാണ്. മത്സരങ്ങളിലൊക്കെ ഞാന്‍ പാടുന്നത് കേട്ട് രാധാമണിച്ചേച്ചിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. പാലക്കാട് നടക്കുന്ന സംഗീതപരിപാടികള്‍ക്ക് ദാസേട്ടന്‍ വരുമ്പോള്‍ ചേച്ചിയുടെ വീട്ടിലാണ് താമസം. അവിടെ വച്ച് ദാസേട്ടനെന്നെ അറിയാം. പാലക്കാട് ചിറ്റൂര്‍ കോളജില്‍ ഞാന്‍ പഠിക്കുന്ന കാലം. രതിനിര്‍വേദത്തില്‍ അഭിനയിച്ചു നില്‍ക്കുന്ന സമയം. ആ വര്‍ഷം ദാസേട്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന് പാടാന്‍ വന്നപ്പോള്‍ രാധാമണിച്ചേച്ചി എന്നെ അറിയിച്ചു. ദാസേട്ടനൊപ്പം ഒരു അംബാസഡര്‍ കാറില്‍ ഞങ്ങള്‍ എട്ടു പത്തുപേര്‍ തിങ്ങി ഞെരുങ്ങി പുറപ്പെട്ടു. 'നീ സിനിമാ നടനായോടാ' എന്നൊക്കെ എന്നെ കളിയാക്കി ദാസേട്ടന്‍. ചെമ്പൈയിലെ അന്നത്തെ കച്ചേരിക്ക് ദാസേട്ടന്‍ പാടുമ്പോള്‍ തംബുരു മീട്ടി പിന്‍പാട്ട് പാടിയത് ഞാനായിരുന്നു! സംഗീതജീവിതത്തില്‍ എന്നുമോര്‍ക്കുന്ന മറ്റൊരു ധന്യനിമിഷം.
ഇണയിലെ കിനാവിന്റെ വരമ്പത്ത്..., സൂര്യഗായത്രിയിലെ രാഗം താനം..., സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡിലെ ആററിവും താനേ...എന്നീ പാട്ടുകള്‍ ഞാന്‍ ദാസേട്ടന്റെ കൂടെ പാടി. ആററിവും താനേ...യില്‍ ജയേട്ടനും(പി.ജയചന്ദ്രന്‍) പാടിയിട്ടുണ്ട്. രാഗം താനം...റെക്കോര്‍ഡിങ് ദിവസം. ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം ദാസേട്ടന്റെയും എന്റെയും ചിത്രയുടെയും ഭാഗങ്ങളടക്കം പാട്ടു മുഴുവന്‍ ആദ്യം ഞാന്‍ ഒറ്റയ്ക്ക് പാടി. പിന്നീടാണ് ദാസേട്ടന്‍ പാടാനെത്തിയത്. പാടിക്കഴിഞ്ഞ് കണ്ടപ്പോള്‍ 'എടാ, നീ നന്നായി പാടി' എന്നു പറഞ്ഞു ദാസേട്ടന്‍. ദേശീയ അവാര്‍ഡ് കിട്ടിയ പോലെയായി എനിക്കാ വാക്കുകള്‍.
സംഗീതം തന്നെ സന്തോഷം

സംഗീതത്തില്‍പ്പരമൊരു സന്തോഷം എനിക്കില്ല. തീര്‍ച്ചയായും ഗായകനായി അറിയപ്പെടാനാണ് ഇഷ്ടവും. ഒരിക്കല്‍ എഴുത്തുകാരി പ്രിയ എ എസ് എന്നോടു പറഞ്ഞു, ഞാന്‍ പാടിയ അല്ലിയിളം പൂവോ ഇല്ലിമുളം തേനോ... കേള്‍പ്പിച്ചാണ് അവരുടെ മകന്‍ കുഞ്ഞായിരുന്നപ്പോള്‍ ഉറക്കിയിരുന്നത് എന്ന്. മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇളയരാജയുടെ സംഗീതത്തില്‍ ഇറങ്ങിയ ആ പാട്ടിനെക്കുറിച്ച് എന്നെ കാണുമ്പോള്‍ ഇന്നും ഒരുപാട് പേര്‍ പറയും, അന്നത് ഉണ്ടായില്ലെങ്കിലും... അതൊക്കെയാണ് സംഗീതം എനിക്കു തരുന്ന വലിയ വലിയ സന്തോഷങ്ങള്‍.