Monday 02 November 2020 01:15 PM IST

ടെക്നോ പാർക്കിലെ ജോലി കളഞ്ഞ് മിമിക്രി കളിക്കാനിറങ്ങി, മിനി സ്ക്രീനിൽ നിന്ന് ‘കുട്ടി’ അഖിൽ ബിഗ് സ്ക്രീനിലേക്ക്

V.G. Nakul

Sub- Editor

a1

അഖിൽ എല്ലാവർക്കും ‘കുട്ടി’യാണ്, സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇപ്പോൾ പ്രേക്ഷകർക്കും... പക്ഷേ, എങ്ങനെയാണ് അഖിൽ ‘കുട്ടി അഖില്‍’ ആയത് ? അതിനുള്ള മറുപടി അഖിൽ പറയും. അതിനു മുമ്പ് ചിലത്...

കുട്ടി അഖിൽ പ്രേക്ഷകർക്ക് സുപരിചിതനാണ്. കോമഡി പരിപാടികളിലൂടെയും ‘ദി പ്രീമിയർ പദ്മിനി’ എന്ന സൂപ്പർഹിറ്റ് വൈബ് സീരിസിലൂടെയും തന്റെ പ്രതിഭ അടയാളപ്പെടുത്തിയ ഈ ചെറുപ്പക്കാരൻ ഇപ്പോൾ സിനിമയിലും സജീവമാകാനുള്ള തയാറെടുപ്പിലാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന ‘മോഹൻകുമാർ ഫാൻസ്’ ഉൾപ്പടെ ഒരുപിടി ചിത്രങ്ങളില്‍ അഖിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഖിൽ തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ‘വനിത ഓൺലൈനി’ലൂടെ...

a5

ഞാൻ ‘കുട്ടി’യായ കഥ

‘‘അഖിൽ നായർ എന്നാണ് എന്റെ യഥാർഥ പേര്. ഇപ്പോൾ നായർ ഉപയോഗിക്കാറില്ല. പകരം ‘കുട്ടി’യാണ്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. ഞാൻ നെയ്യാറ്റിൻകര പോളി ടെക്നിക്ക് കോളജിൽ പഠിക്കുമ്പോൾ, ഞങ്ങളുടെ ബാച്ചിൽ അഞ്ചോ ആറോ അഖിൽ ഉണ്ടായിരുന്നു, പല ഇനിഷ്യലിൽ. സീനിയേഴ്സ് ചേട്ടൻമാരുമായായിരുന്നു ഞാൻ കൂടുതൽ കമ്പനി. അവര് എന്നെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി പേരിന് മുന്നിൽ ‘കുട്ടി’ എന്നു ചേർ‌ത്തു വിളിക്കാൻ തുടങ്ങി. രൂപത്തിലും പ്രായത്തിലുമൊക്കെ ഞാനായിരുന്നു ‘അഖില്‍ കൂട്ടത്തിൽ’ ചെറുതും. ആദ്യം ‘കൊച്ച് അഖിൽ’ ആയിരുന്നു. പിന്നീട് വിളിച്ച് വിളിച്ച് അത് ‘കുട്ടി’യായി. അതോടെ പ്രിൻസിപ്പിലും ടീച്ചേഴ്സും ഉൾപ്പടെ കോളജിൽ എല്ലാവരും ‘കുട്ടി’ എന്നു വിളിക്കാൻ തുടങ്ങി. ടീച്ചേഴ്സ് ‘കുട്ടി’ എന്നു മാത്രമാണ് വിളിച്ചിരുന്നത്. ജൂനിയേഴ്സിന് ‘കുട്ടിച്ചേട്ടൻ’ ആയി.

ഇടയ്ക്ക് ആരോ കളിയായിട്ട് ചോദിച്ചു, ‘നിനക്ക് 50വയസ്സാകുമ്പോഴും നീ കുട്ടിയായിരിക്കും അല്ലേടാ...’ എന്ന്.

പിന്നീട് മിമിക്രിയിലും ടി.വി പരിപാടിയിലുമൊക്കെ വന്നപ്പോഴും ഇതേ സംഭവമുണ്ടായി. അവിടെയും പല അഖിലുമാരുണ്ട്. അപ്പോൾ, എന്നെ തിരിച്ചറിയാൻ എല്ലാവരും ആദ്യമൊക്കെ ‘കൊച്ച് അഖിൽ’ എന്നാണ് വിളിച്ചിരുന്നത്. കോളജിലെ കുട്ടി എന്ന പേര് ഞാൻ ആരോടും പറഞ്ഞിട്ടില്ലെങ്കിലും പതിയെപ്പതിയെ മിമിക്രി രംഗത്തും ഞാൻ ‘കുട്ടി’യായി. എങ്കിൽ ഇതു മതി ഇനി പേരിനൊപ്പം എന്നു ഞാനും തീരുമാനിച്ചു. അങ്ങനെയാണ് അഖിൽ നായർ ‘കുട്ടി ആഖിൽ’ ആയത്.

a2

കോളജിൽ തുടങ്ങിയ കോമഡി

സ്കൂളിൽ പഠിക്കുമ്പോഴേ മിമിക്രി ചെയ്തു തുടങ്ങി. കോളജിൽ പഠിക്കുന്ന കാലത്താണ് സജീവമായത്. കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറിയും രണ്ടു വർഷം കലാപ്രതിഭയുമായിരുന്നു.

എന്നെ കോമഡി സ്കിറ്റിലേക്ക് ആദ്യം കൊണ്ടുവരുന്നത് ‘സ്മൈൽ പ്ലീസ്’ എന്ന പരിപാടിയില്‍ സെമിഫൈനൽ വരെ മത്സരിച്ച് ശ്രദ്ധേയനായ, അഖിൽ ചെമ്പഴന്തിയാണ്. എന്റെ ക്ലാസ്മേറ്റും പ്രൊഫഷനൽ മിമിക്രി ആർട്ടിസ്റ്റുമായിരുന്ന അവനാണ് എന്നെ കോളജിൽ വച്ച് ആദ്യം സ്കിറ്റിൽ അഭിനയിപ്പിച്ചത്. തേഡ് ഇയർ ആയപ്പോൾ അവൻ ആത്മഹത്യ ചെയ്തു. അതു വലിയ സങ്കടമായി.

a3

ജോലി വിട്ട് ട്രൂപ്പിൽ

പഠനം കഴിഞ്ഞ് ടെക്നോ പാർക്കിൽ ജോലി ചെയ്യുന്ന കാലത്താണ് മിമിക്രി ട്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങിയത്. ഒപ്പം ജോലി ചെയ്യുന്ന ചേട്ടൻ വഴിയാണ് ഞാൻ കലാമന്ദിർ എന്ന ട്രൂപ്പിൽ എത്തിയത്. മൈക്കിൾ ജാക്സന്റെ ഒരു ഡാൻസ് പെർഫോമൻസ് ഞാൻ 7 മിനിറ്റ് ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. കോളജിൽ വച്ചേ ചെയ്തിരുന്നതാണ് അത്. അതു കണ്ടാണ് എന്നെ അവർ ഡാൻസറായി ട്രൂപ്പിൽ എടുത്തത്. പതിയെപ്പതിയെ സ്കിറ്റിലൊക്കെ സഹകരിച്ചു തുടങ്ങി. അടുത്ത വർഷമായപ്പോഴേക്കും ‘കോമഡി എക്സ്പ്രസി’ൽ എത്തി.

പകരക്കാരനായി തുടക്കം

‘കോമഡി എക്സ്പ്രസി’ൽ ഞങ്ങളുടെ ടീം ആദ്യം ഓഡിഷനിൽ പുറത്തായിരുന്നു. പിന്നീട് പകരക്കാരനായാണ് ഞാൻ ഷോയിൽ എത്തിയത്. അതിന്റെ സെമി ഫൈനല്‍ വരെ ഞാൻ ഉള്ള ‘സൂപ്പർസ്റ്റാർസ്’ ടീം എത്തി. എലിമിനേഷനിൽ ടീം പുറത്തായപ്പോൾ ഞാൻ ബോധം കെട്ടു വീണതൊക്കെ വൈറൽ ആയിരുന്നു. സത്യത്തിൽ ഞാൻ സങ്കടം കൊണ്ടു വീണതല്ല, ക്ഷീണം കാരണം തല കറങ്ങിയതാണ്...എന്തായാലും അത് കൂടുതൽ പേർ എന്നെ തിരിച്ചറിയാന്‍ ഇടയാക്കി. പിന്നീട് ഞാൻ ‘കോമഡി സ്റ്റാർസിൽ’ എത്തിയതും പകരക്കാരനായാണ്. എന്റെ ആദ്യ ടെലിവിഷൻ പരിപാടി ‘സാജു കൊമേഡിയൻ സ്പീക്കിങ്’ ആണ്. പിന്നീട് ഇതു വരെ പത്തോളം പ്രോഗ്രാമുകൾ ചെയ്തു. ‘തിലോത്തമ’യാണ് ആദ്യ സിനിമ. പിന്നീട് ‘സൂത്രക്കാരൻ’ ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു. ‘കറുത്തമുത്ത്’ എന്ന സീരിയലിലും അഭിനയിച്ചിരുന്നു.

പ്രീമിയർ പദ്മിനി

‘പ്രീമിയർ പദ്മിനി’ യുടെ സംവിധായകന്‍ അനൂപ് ചേട്ടൻ ഉൾപ്പടെ ടീമിൽ എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. അനൂപേട്ടൻ എന്റെ അയൽക്കാരനുമാണ്. അങ്ങനെയാണ് അതിന്റെ ഭാഗമായത്. ‘പ്രീമിയർ പദ്മിനി’ വന്ന ശേഷം ലഭിക്കുന്നത് വലിയ അഭിനന്ദനങ്ങളാണ്. ഞങ്ങൾ പ്രതീക്ഷിച്ചതിലും അധികം സ്വീകാര്യതയാണ് സീരിസിന് ലഭിക്കുന്നത്. അടുത്തിടെ വാഗമണ്ണിൽ പോയപ്പോൾ, മാസ്ക് വച്ചിട്ടു പോലും കുറേപ്പേർ തിരിച്ചറിഞ്ഞു വന്നു സംസാരിച്ചു. അതൊക്കെ വലിയ സന്തോഷം നൽകുന്ന കാര്യമാണ്.

a4

കുടുബം

നെടുമങ്ങാട് ഉഴമലയ്ക്കൽ ആണ് നാട്. അച്ഛൻ ഭുനവചന്ദ്രൻ റബര്‍‌ ടാപ്പിങ് തൊഴിലാളിയാണ്. അമ്മ – ശോഭകുമാരി, അനിയൻ–അഭിൽ. ജോലി വിട്ട് മിമിക്രിയിലേക്ക് വന്നപ്പോൾ ആദ്യം വീട്ടിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല....