Friday 19 February 2021 12:23 PM IST

99 കിലോയിൽ നിന്ന് 55 ൽ എത്തി സ്വയം തെളിയിച്ചു! ഇതാണ് മലയാളി തിരഞ്ഞ ആ ‘സെലിബ്രിറ്റി ഡയറ്റീഷ്യൻ’: ലക്ഷ്മി മനീഷ് പറയുന്നു

V.G. Nakul

Sub- Editor

lakshmi maneesh 1

മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ളയും ഗായകരായ ജ്യോത്സ്നയും രഞ്ജിനി ജോസുമൊക്കെ കൂടുതല്‍ മെലിഞ്ഞ് പുത്തൻ മേക്കോവറിലാണ് ഇപ്പോൾ. അവർ സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകർ ഒരേ ശബ്ദത്തിൽ പറയുന്നു – ‘ഗംഭീരം!’.

ഈ കയ്യടി ലക്ഷ്മി മനീഷിനു കൂടി അർഹതപ്പെട്ടതാണ്. തിരുവനന്തപുരത്തുകാരിയായ ഈ ഡയറ്റീഷ്യനാണ് മേൽപ്പറഞ്ഞവരുടെ ന്യൂ ലുക്കിന് പിന്നിലെ ബുദ്ധികേന്ദ്രം. മൂന്നൂറിലധികം പേരുടെ ഡയറ്റീഷ്യനായി ലക്ഷ്മി ഇതിനോടകം പ്രവർത്തിച്ചു കഴിഞ്ഞു. അക്കൂട്ടത്തിൽ യുവനായിക അപർണ ബാലമുരളിയുൾപ്പടെയുള്ള സെലിബ്രിറ്റികളുമുണ്ട്.

മഞ്ജു പിള്ളയുടെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നതോടെയാണ് ലക്ഷ്മി മനീഷ് താരമായത്. അതിനു ശേഷം തന്നെ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തില്‍ ലക്ഷ്മി പറയുന്നു.

‘‘ആറ് വർഷത്തോളമായി ഈ മേഖലയിൽ എത്തിയിട്ട്. നേരത്തെ കുറച്ചു കാലം മെഡിക്കൽ കോളജിലും ഒരു സ്വകാര്യ ആശുപത്രിയിലും ക്ലിനിക്കൽ റിസേർച്ചിലുണ്ടായിരുന്നു. അതു വിട്ടാണ് ഇതിലേക്ക് വന്നത്. ആദ്യം ശാസ്ത്രീയമായി പഠിച്ചു. സ്വയം പരീക്ഷിച്ചു നോക്കിയാണ് തുടക്കം. ഞാൻ നല്ല തടിയുള്ള ആളായിരുന്നു. ഏകദേശം 99 കിലോ ഉണ്ടായിരുന്നു. അത് 55 കിലോയായി കുറച്ചു’’.

ശാസ്ത്രീയ വഴി

ഒരു പുതിയ ലൈഫ് സ്റ്റൈൽ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആളുകളൊക്കെ ഇപ്പോൾ പലതരം ഡയറ്റുകൾ പരീക്ഷിക്കുന്നുണ്ടല്ലോ. അതൊക്കെ പട്ടിണി കിടന്നോ, എന്തെങ്കിലും കുറച്ചു കഴിച്ചോ ഒക്കെയാണ് ചെയ്യുന്നത്. അപ്പോൾ 10 കിലോ കുറയും. വീണ്ടും പഴയ ജീവിത ശൈലിയിലേക്ക് വരുമ്പോൾ അത് ഇരട്ടിയായി കൂടും. അങ്ങനെ ചെയ്തിട്ട് കാര്യമില്ല. അതു ശരീരത്തെ പലതരത്തിൽ ബാധിക്കും. അതൊന്നുമല്ലാതെ, ശാസ്ത്രീയമായി പഠിച്ച്, ആവശ്യമുള്ളത് മാത്രം കഴിച്ച്, ഒരു ആരോഗ്യകരമായ ലൈഫ് സ്റ്റൈലിലേക്ക് വന്നാൽ നമുക്ക് വെയിറ്റ് കുറച്ച് അത് ലൈഫ് ലോങ് നിലനിൽത്താം, പല അസുഖങ്ങളിൽ നിന്നും രക്ഷനേടാം. ഞാൻ ഇപ്പോഴും ഡയറ്റീഷ്യൻ കോഴ്സ്അപ്ഡേറ്റ് ചെയ്ത് പഠനം തുടരുന്നുണ്ട്. പുതിയ രീതികളെക്കുറിച്ച് ധാരാളം വായിക്കുന്നു. സ്വയം ചെയ്തു തുടങ്ങിയതോടെയാണ് കൂടുതൽ പഠിക്കണം എന്നു തോന്നിയത്. അതിനു ശേഷമാണ് പ്രഫഷനാക്കിയത്.

lakshmi maneesh 2

ഞാൻ ഇത് ചെയ്യുമെന്ന് നാല് പേർ അറിഞ്ഞു തുടങ്ങിയത് മഞ്ജു പിള്ളയ്ക്ക് ഡയറ്റ് കൊടുത്ത ശേഷമാണ്. മഞ്ജു നന്നായി മെലിഞ്ഞല്ലോ. അതോടെ ചിത്രങ്ങളൊക്കെ വൈറൽ ആയി. അഞ്ച് വർഷത്തോളമായി മഞ്ജു അത് മെയിന്റെയ്ൻ ചെയ്യുന്നു. ആരോഗ്യത്തോടെ മുന്നോട്ടു പോകുന്നു. മഞ്ജു എന്റെ അടുത്ത സുഹൃത്തു കൂടിയാണ്. നേരത്തെയും ചില സെലിബ്രിറ്റികൾക്ക് ഡയറ്റ് കൊടുത്തിട്ടുണ്ടെങ്കിലും അതൊന്നും പുറത്തറിഞ്ഞില്ല. ‍ഇതിനോടകം 300 പേരോളം കൺസൾട്ട് ചെയ്തു.

ആളുകളെ പഠിച്ച് തയാറാക്കുന്നവ

ഒരു ഫിക്സഡ് പ്ലാൻ ഉണ്ടാക്കി വച്ചിട്ട് ഓരോരുത്തർക്കും കൊടുക്കുകയല്ല. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി, പ്രായം, ജീവിത രീതി എല്ലാം നോക്കി ഓരോരുത്തർക്കും അനുയോജ്യമായ ഒരു ഡയറ്റ് പ്ലാൻ തയാറാക്കി കൊടുക്കുന്നു. അത് അവർ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ശ്രദ്ധിക്കും. എല്ലാ ദിവസവും ഫീഡ് ബാക്ക് തിരക്കും. അവർ ശരിയായി മുന്നോട്ടു പോകുന്നു എന്നു ബോധ്യപ്പെട്ടാൽ ഫീഡ് ബാക്ക് ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ക്രമപ്പെടുത്തും. ഒരു ഡയറ്റ് 2 മുതൽ 3 ആഴ്ച വരെയാകും. അതു കഴിഞ്ഞാൽ മറ്റൊരു ഡയറ്റിലേക്ക് പോകും.

എന്തും കഴിക്കാം

വീട്ടിൽ എന്തൊക്കെയാണോ പാചകം ചെയ്യുക അതൊക്കെ ബുദ്ധിപൂർവം കഴിക്കുന്നു എന്നതിൽ കവിഞ്ഞ് ഇന്നത് കഴിക്കരുത്, ഇന്നതേ കഴിക്കാവൂ എന്നൊന്നും എന്റെ ഡയറ്റ് പ്ലാനുകളിൽ ഇല്ല. അതിനപ്പുറം മറ്റൊരു മാജിക്കും ഇല്ല. ഒന്നു കൺട്രോള്‍ ചെയ്തു പോയാൽ നമുക്ക് എല്ലാം കഴിച്ച് മുന്നോട്ടു പോകാം. അല്ലാതെ ആർട്ടിഫിഷ്യൽ രീതികളുമില്ല. ഏതൊരു സാധാരണക്കാരനും ചെയ്യാവുന്ന ഡയറ്റാണ്. പലർക്കും പലതരം ജീവിത ശൈലീ രോഗങ്ങളും മാറിയതായി പറഞ്ഞു.

lakshmi maneesh 3

ഭർത്താവ് മനീഷ്. മകൻ അച്യുതൻ എന്നിവരടങ്ങുന്നതാണ് ലക്ഷ്മിയുടെ കുടുംബം. അടുത്ത ദിവസങ്ങളിലായി തന്റെ പേരിൽ ചില വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി ചിലർ പണം തട്ടാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും അതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും ലക്ഷ്മി പറയുന്നു.