നടനും മോഡലുമായ ഷിയാസ് കരീം അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി നക്ഷത്രയെ വിവാഹം കഴിക്കാനൊരുങ്ങുകയാണോ ? മക്കനയണിഞ്ഞ് ലക്ഷ്മി ഷിയാസിന്റെ കുടുംബത്തിനൊപ്പം ഇരിക്കുന്ന ചിത്രവും ‘ആരോടും പറയാത്ത ഷിയാസ് കരീമിന്റെ കല്യാണ വിശേഷങ്ങൾ’ എന്ന വിഡിയോ ക്യാപ്ഷനും ഉയർത്തി സോഷ്യൽ മീഡിയ ചോദിക്കുന്നതിങ്ങനെ. പലരും പല കഥകളാണ് പറയുന്നത്. എന്നാൽ ഈ ചോദ്യം കേട്ടതും പ്രേക്ഷകർക്ക് സുപരിചിതമായ മനോഹരമായ ചിരിയോടെ ലക്ഷ്മി ‘വനിത ഓൺലൈനോ’ട് പറഞ്ഞതിങ്ങനെ – ‘കഥയിൽ സത്യമില്ല’. അപ്പോൾ എന്താണ് സത്യം ? അതും ലക്ഷ്മി പറയും...
‘‘എന്റെ യൂ ട്യൂബ് ചാനലിൽ ഞാൻ ഷിയാസിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്ന ഒരു വിഡിയോ പങ്കുവച്ചതാണ് തുടക്കം.
ആ വിഡിയോ വന്ന ശേഷം ഏറ്റവും അധികം ആളുകൾ ചോദിക്കുന്നത്, നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുവാണോ ? നിങ്ങൾ തമ്മില്‍ പ്രണയത്തിലാണോ ? എന്നീ 2 ചോദ്യങ്ങളാണ്. പക്ഷേ, ആ വിഡിയോ കണ്ടവർക്കറിയാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഷിയാസ് എന്ന്. അതിനപ്പുറം ഒന്നുമേയില്ല. ഞങ്ങൾ പ്രണയത്തിലുമല്ല, കല്യാണം കഴിക്കുകയുമില്ല’’. – ലക്ഷ്മി നയം വ്യക്തമാക്കുന്നു.
‘‘ഞാൻ ഷിയാസിന്റെ വീട്ടിൽ പോയപ്പോൾ എടുത്ത വിഡിയോയുടെ രണ്ടാമത്തെ എപ്പിസോഡ് ചാനലിൽ ഇട്ടപ്പോൾ കൊടുത്ത ‘ആരോടും പറയാത്ത ഷിയാസ് കരീമിന്റെ കല്യാണ വിശേഷങ്ങൾ’ എന്ന ക്യാപ്ഷനാണ് ഈ ചർച്ചയ്ക്ക് ഒരു കാരണം എന്നു തോന്നുന്നു. അത് വിഡിയോ കാണുമ്പോൾ മാറും. അതായത് വിഡിയോയില്‍ ഷിയാസിന്റെ കല്യാണത്തെക്കുറിച്ച് ഉമ്മ പറയുന്നതൊക്കെ കൃത്യമായി കൊടുത്തിട്ടുണ്ട്. അതിനെയാണ് സോഷ്യൽ മീഡിയ ‘ഞങ്ങളുടെ കല്യാണ’മാക്കിയത്. ഞാൻ മക്കനയണിഞ്ഞ് ഷിയാസിന്റെ കുടുംബത്തിനൊപ്പം ഇരിക്കുന്ന ചിത്രം കൂടിയായപ്പോൾ കഥകൾ കൈവിട്ടു പോയി’’.– ചിരിയോടെ ലക്ഷ്മി പറയുന്നു.

മക്കനയിട്ട പടം
ഷിയാസിന്റെ സഹോദരിയുടെ മകൾ മക്കനയിട്ടിരിക്കുന്നതു കണ്ടപ്പോൾ എനിക്കും മക്കനയിടാൻ കൊതി തോന്നി. അങ്ങനെയാണ് മക്കനയണിഞ്ഞത്. മക്കനയിട്ട് കഴിഞ്ഞ് പാട്ടും പാടിയിട്ട് ഞാന്‍ പറയുന്നുണ്ട്, വരുന്ന പെരുന്നാളിന് ഇൻസ്റ്റഗ്രാമിൽ ഇടാനാണ് ഈ മക്കനയിട്ട ഫോട്ടോ എടുത്തതെന്ന്. ഇത്രേയുള്ളൂ സംഗതി.
സ്നേഹത്തിന്റെ ദിനം
ഷിയാസ് ഒരു ജിം തുടങ്ങിയിട്ടുണ്ട്. എന്നെ അങ്ങോട്ടേക്ക് ക്ഷണിച്ചിട്ട് പോയതാണ്. പിന്നീടാണ് ഒരു വിഡിയോ ചെയ്ത് ചാനലിൽ ഇടാം എന്ന ആശയമൊക്കെ വന്നത്.

ഒരു ദിവസം ഷിയാസിന്റെ നാട്ടിലും വീട്ടിലും ഉണ്ടായിരുന്നു. വലിയ സ്നേഹമാണ് അവിടെ നിന്നൊക്കെ കിട്ടിയത്. ഷിയാസിന്റെ ജീവിതാനുഭവങ്ങളൊക്കെ പറഞ്ഞപ്പോൾ നെഞ്ചിൽ തൊട്ടു. ഷിയാസിന്റെ കുടുബത്തിന്റെ സ്നേഹവും പരിഗണനയും മറക്കാനാകാത്ത ഒരു പകലാണ് എനിക്ക് സമ്മാനിച്ചത്. നാട്ടുകാരും വീട്ടുകാരുമൊക്കെ ചേർന്ന് ആകെ ജോളിയായിരുന്നു.