Friday 16 April 2021 03:14 PM IST

‘ഞാനാണത് എന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല’! ‘കാക്ക’യിലെ പഞ്ചമി പറയുന്നു, ഇതല്ല ഞാൻ, ഇങ്ങനല്ല ഞാൻ

V.G. Nakul

Sub- Editor

lakshmika-sajeevan-1

പഞ്ചമിയുടെ ജീവിതമാണ് ‘കാക്ക’. കറുത്ത, പല്ല് പൊങ്ങിയ ഒരു പെൺകുട്ടി. അവളെ ആരും പ്രണയിക്കുന്നില്ല. കല്യാണവും നടക്കുന്നില്ല. വീട്ടുകാരിൽ നിന്നു പോലും പലതരത്തിലുള്ള അവഗണനകൾ നേരിടുന്ന അവൾ ഒരു സന്ദർഭത്തിൽ തന്റെ കുറവിനെ കുറവല്ലാതായി പരിഗണിക്കാൻ തുടങ്ങുന്നു. പരിഹാസങ്ങളെ സധൈര്യം നേരിടുന്നു. ഒ.ടി.ടി റിലീസായി പ്രേക്ഷകരെ തേടിയെത്തിയ ‘കാക്ക’ എന്ന ഹ്രസ്വചിത്രം ഇതിനോടകം ചർച്ചായിരിക്കുന്നത് ചിത്രം മുന്നോട്ടു വയ്ക്കുന്ന ഈ ആശയത്തിന്റെ മികവിലാണ്. നിറത്തിന്റെയും ശാരീരികവൈകല്യങ്ങളുടേയും പേരിൽ പരിഹസിക്കപ്പെടുന്ന, മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ അതിജീവനമാണ് ‘കാക്ക’യുടെ ജീവൻ.

lakshmika-sajeevan-4

ചിത്രത്തിൽ പഞ്ചമി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് യുവനടി ലക്ഷ്മിക സജീവൻ ആണ്. തന്റെ കഥാപാത്രത്തെ പിഴവുകളില്ലാതെ മനോഹരമാക്കാൻ ലക്ഷ്മികയ്ക്കായി. ചിത്രത്തിനു വേണ്ടി വമ്പൻ മേക്കോവറിലാണ് ലക്ഷ്മിക. യഥാർഥ ലക്ഷ്മികയെ അറിയുന്നവർക്കു പോലും ലക്ഷ്മികയാണ് ‘കാക്ക’യിലെ പഞ്ചമി തിരിച്ചറിഞ്ഞില്ല എന്നതാണ് കൗതുകം. കാക്കയെക്കുറിച്ച്, പഞ്ചമിയെക്കുറിച്ച് ലക്ഷ്മിക ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

lakshmika-sajeevan-2

‘‘ഉയരെ, നിത്യഹരിത നായകൻ തുടങ്ങി എട്ടോളം സിനിമകളിൽ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘പുഴയമ്മ’ എന്ന സിനിമയ്ക്ക് ഏഷ്യാ ബുക് ഓഫ് റെക്കോർ‍‍ഡ്സ് കിട്ടിയിരുന്നു. ഒരു ഫങ്ഷനിൽ വച്ചാണ് ഞാൻ ‘കാക്ക’യുടെ ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പി.ടി. യെ പരിചയപ്പെട്ടത്. പിന്നീട് അൽത്താഫ്‌ എന്നെ ‘വെള്ളിത്തിര’ വാട്സാപ്പ്‌ കൂട്ടായ്മയില്‍ ഉൾപ്പെടുത്തി. അതിനിടെ ഞാൻ ജോലി കിട്ടി ബഹ്റൈനിലേക്ക് പോയി. കൊ റോണയുടെ പ്രശ്നങ്ങൾ തുടങ്ങിയ കാലത്ത് ഞാൻ ലീവിന് വന്നപ്പോഴാണ് അൽത്താഫ്‌ എന്നെ വിളിച്ച് ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. നേരത്തേ ചെയ്യാമെന്നേറ്റ കുട്ടി പിൻമാറിയപ്പോൾ എന്നെ സമീപിക്കുകയായിരുന്നു’’.– ലക്ഷ്മിക പറയുന്നു.

ശരിയാകുമോ ?

കഥാപാത്രത്തിന്റെ ലുക്ക് ആദ്യം കണ്ടപ്പോൾ ചെറിയ ആശങ്ക തോന്നി. ഇങ്ങനെയൊരു കഥാപാത്രം ഞാൻ അവതരിപ്പിച്ചാൽ ശരിയാകുമോ എന്നായിരുന്നു സംശയം. കഥ കേട്ടപ്പോൾ ഇഷ്ടമായി. ചെയ്യാമെന്ന് തീരുമാനിച്ചു. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ധാരാളം മനുഷ്യരുണ്ട്, അവരിൽ ഒരു ഊർജം നിറയ്ക്കാൻ ചിത്രത്തിനും കഥാപാത്രത്തിനുമാകും എന്നു തോന്നി. അതു ശരിയാണെന്നാണ് ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രതികരണങ്ങളിൽ നിന്നു മനസ്സിലാകുന്നത്. സംവിധായകൻ അജു അജീഷ്‌, ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പി.ടി. എന്നിവർക്ക് നന്ദി.

lakshmika-sajeevan-3

ഇതല്ല ഞാൻ, ഇങ്ങനല്ല ഞാൻ

ഷൂട്ട് തുടങ്ങി, മേക്കപ്പ് ഇട്ടു കഴിഞ്ഞപ്പോൾ എനിക്ക് ഈ ലുക്ക് തീരെ ഉൾക്കൊള്ളാനായില്ല. വേറെ ഒരാളെപ്പോലെ. അവിടെ വരുന്ന എല്ലാവരെയും ‘ഇതല്ല ഞാൻ, ഇങ്ങനല്ല ഞാൻ, ഇതാട്ടോ...’ എന്നു പറഞ്ഞ് എന്റെ യഥാർഥ ഫോട്ടോ ഞാൻ കാണിക്കും. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കും പഞ്ചമിയെ മനസ്സിലായിത്തുടങ്ങി. ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. അതോടെ ഞാൻ എന്റെ ഫോട്ടോ കാണിക്കുന്നത് നിർത്തി. രാവിലെ മേക്കപ്പ് ഇട്ടാൽ രാത്രി ഷൂട്ട് തീരും വരെ ഈ ലുക്കിലാണ്. എല്ലാവരും കരുതിയിരുന്നത് ഇങ്ങനെയൊരു കുട്ടിയാണ് ഞാൻ, അതിനാലാണ് എന്നെ കാസ്റ്റ് ചെയ്തത് എന്നാണ്. പോസ്റ്റർ വന്നപ്പോൾ കൂടുതൽ പേരും പറഞ്ഞത് ഇത്ര കൃത്യമായി ഒരു കുട്ടിയെ എങ്ങനെ കിട്ടിയെന്നാണ്. ഇപ്പോഴും ഞാനാണത് എന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നടി എന്ന നിലയിൽ എനിക്കു കിട്ടിയ വലിയ അംഗീകാരമാണത്. മേക്കപ്പ് ചെയ്ത ജോഷി ജോസ്‌, വിജേഷ്‌ കൃഷ്ണൻ ടീമിനാണ് ഫുൾ ക്രെഡിറ്റ്. അവർ ഗംഭീരമായി ചെയ്തു.

കുടുംബം

കൊച്ചി സ്വദേശിനിയാണ്. സജീവൻ– ലിമിറ്റ ദമ്പതികളുടെ ഒറ്റമകൾ. ട്രാവൽ ആൻഡ് ടൂറിസം കഴിഞ്ഞ് ദുബായില്‍ ജോലി നേടി. ഇപ്പോഴും ജോലി വിട്ടിട്ടില്ല.