Friday 15 July 2022 01:37 PM IST

‘ആദ്യം നസറുദ്ദീൻ ഷായെ സമീപിച്ചു, ഒടുവിൽ എന്റെ ആഗ്രഹം പോലെ പ്രതാപ് പോത്തനിൽ എത്തി’: അറിയാക്കഥ പറഞ്ഞ് ലാൽ ജോസ്

V.G. Nakul

Sub- Editor

prathap-pothan-7

എഴുപതുകളുടെ ഒടുവിൽ തുടങ്ങി എൺപതുകളുടെ അവസാനം വരെ സമാന്തര മാനമുള്ള വാണിജ്യസിനിമയിലെ വിലയേറിയ പേരുകളിലൊന്നായിരുന്നു പ്രതാപ് പോത്തൻ.

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ മായാത്ത അടയാളങ്ങൾ കോറിയിട്ട പതിറ്റാണ്ടുകൾ...എന്നാൽ ഇടക്കാലത്തെപ്പോഴോ അദ്ദേഹം സജീവസിനിമാ ജീവിതത്തിൽ നിന്നകന്നു. ആ മാറിനിൽപ്പിനു വിരാമമായത് 2012 ൽ. ആഷിഖ് അബുവിന്റെ ‘22 ഫീമെയിൽ കോട്ടയം’, ലാൽ ജോസിന്റെ ‘അയാളും ഞാനും തമ്മിൽ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെയായിരുന്നു ആ തിളക്കമുള്ള മടങ്ങിവരവ്. ‘22 ഫീമെയിൽ കോട്ടയ’ ത്തിൽ ക്രൂരനായ പ്രതിനായകന്റെ വേഷത്തിലായിരുന്നുവെങ്കിൽ ‘അയാളും ഞാനും തമ്മില്‍’ൽ നായകതുല്യമായ വേഷത്തിലാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

‘‘അയാളും ഞാനും തമ്മിൽ ആലോചിക്കുമ്പോൾ ‘22 ഫീമെയിൽ കോട്ടയം’ വന്നിട്ടില്ല. പ്രതാപ് പോത്തൻ സാർ അതിൽ ഉണ്ടെന്നും അറിയില്ല. എങ്കിലും കഥ കേട്ടപ്പോൾ ഡോ.സാമുവൽ എന്ന കഥാപാത്രമായി ആദ്യം മനസ്സിൽ വന്ന മുഖം അദ്ദേഹത്തിന്റെതാണ്. എന്നാൽ എഴുത്തുകാരുടെ ആഗ്രഹം ആ കഥാപാത്രമായി നസറുദ്ദീൻ ഷാ വരണം എന്നായിരുന്നു. സമീപിച്ചെങ്കിലും അറിയാത്ത ഭാഷയിൽ അഭിനയിക്കില്ലെന്ന തീരുമാനുമുള്ളതിനാൽ നസറുദ്ദീൻ ഷാ ആ വേഷം സ്വീകരിച്ചില്ല. അപ്പോഴേക്കും ‘22 ഫീമെയിൽ കോട്ടയം’ വന്നു. അതിൽ പ്രതാപ് പോത്തന്റെത് വില്ലൻ റോളാണ്. അതു നമ്മുടെ ക്യാരക്ടറിനെ ബാധിക്കുമോ എന്നൊരു സംശയം മറ്റുള്ളവർക്കുണ്ടായി. അപ്പോഴും എന്റെ മനസ്സിൽ മറ്റൊരു മുഖം വന്നില്ല. ഒടുവിൽ പലരേയും നോക്കി ഒന്നും ശരിയാകാതെ, എന്റെ ആഗ്രഹം പോലെ പ്രതാപ് പോത്തനിലേക്ക് ഡോ.സാമുവൽ എത്തുകയായിരുന്നു’’. – ലാല്‍ ജോസ് ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘അദ്ദേഹം ഒരു ചെറിയ താടിയൊക്കെ വച്ച് വന്നാൽ ആ ക്യാരക്ടർ നന്നായിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു. ഭയങ്കര ഗ്രേസ് ഉള്ള ഒരു മുഖമാണ്. ആ ഗ്രേസ് ഡോ.സാമുവലിനെ വളരെയധികം സഹായിച്ചു. മറ്റൊരാളെ സങ്കൽപ്പിക്കാനാകാത്തത്ര മനോഹരമായി അദ്ദേഹം ആ റോൾ ഭംഗിയാക്കി.

അയാളും ഞാനും തമ്മിൽ റിലീസായ ശേഷം അദ്ദേഹത്തിന് ഒരുപാട് ഫീഡ് ബാക്ക്സ് കിട്ടി. ഒന്നും രണ്ടും ദിവസം കൂടുമ്പോൾ എന്നെ വിളിച്ച് സംസാരിക്കുമായിരുന്നു. ‘ലാൽ‌ജോസ് നിങ്ങൾ എന്തൊരു മാജിക് ആണ് എന്നോട് ചെയ്തത്. ഇത്രയും സിനിമകൾ ചെയ്തിട്ടും ഇത്രയധികം ആളുകൾ എന്നെ വിളിച്ചിട്ടില്ല’ എന്നു പറഞ്ഞിരുന്നു. ചിലപ്പോൾ വിളിച്ചിട്ട്, ‘ഇന്ന് എന്നെ പതിനഞ്ച് പേർ വിളിച്ചു കേട്ടോ’ എന്നു പറയും. അങ്ങനെയിരിക്കെയാണ് അമ്മയുടെ ആഗ്രഹം സാധിക്കാൻ അദ്ദേഹം എന്നെയും കൂട്ടി മലയാറ്റൂർ പള്ളിയിൽ പോയത്. അദ്ദേഹത്തിന്റെ അമ്മ മരിക്കും മുമ്പ് പറഞ്ഞതാണ്. ഈ സിനിമ ഹിറ്റ് ആയാൽ പള്ളിയിൽ പോകാം എന്ന് തീരുമാനിച്ചിരുന്നു. ‘നീ എന്റെ കൂടെ വരുമോ ?’ എന്നു ചോദിച്ചു. അങ്ങനെ അദ്ദേഹം ചെന്നൈയിൽ നിന്ന് എറണാകുളത്ത് വന്നു. ഞങ്ങൾ ഒന്നിച്ച് മലയാറ്റൂർ പള്ളിയിൽ പോയി.

അദ്ദേഹത്തോടൊപ്പമുള്ള മൂന്നാറിലെ ഷൂട്ടിങ് ദിവസങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. രാജുവിനും സുപ്രിയക്കും അദ്ദേഹത്തിന്റെ പഴയ കഥകൾ കേൾക്കുന്നത് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം വളരെ ആവേശത്തോടെ സംസാരിക്കും. എന്നോട് ഷൂട്ടിന് വേണ്ടി ഇത്രയധികം പരിശ്രമിച്ച് ആരോഗ്യം കളയരുതെന്നൊക്കെ ഉപദേശിക്കും.

ഒരിക്കൽ മാത്രമാണ് അദ്ദേഹം സെറ്റിൽ അസ്വസ്ഥനായത്. എന്റെ സഹസംവിധായകൻ ഒരു ആക്ഷൻ കണ്ടിന്യൂറ്റി ഓർമിപ്പിച്ചപ്പോൾ, ‘അതൊക്കെ പണ്ട്. ഇപ്പോൾ ആക്ഷൻ കണ്ടിന്യൂറ്റി ഒന്നും ഇല്ല’ എന്നായിരുന്നു മറുപടി. ‘അങ്ങനെയല്ല സാർ ഇപ്പോഴും അതൊക്കെയുണ്ട്’ എന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന് ഡയലോഗുകൾ മറന്നു പോകുന്നതിന്റെ ചെറിയ പ്രയാസമുണ്ടായിരുന്നു. അതാണ് അപ്പോൾ അങ്ങനെ പ്രതികരിച്ചത്. പിന്നീട് അദ്ദേഹം വന്നു സോറി പറഞ്ഞു. അത്രയും മാന്യനായിരുന്നു. വ്യക്തി ജീവിതത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ല. മകളെക്കുറിച്ച് വാചാലനാകും...’’.– ലാൽ ജോസ് പറഞ്ഞു.