Saturday 31 July 2021 11:48 AM IST

തീയുടെ കാവൽക്കാരനെ തേടി കാടിനുള്ളിലൂടെ ലാൽ ജോസിന്റെ യാത്ര: പ്രകൃതിയെയറിഞ്ഞ്, പച്ചയിൽ തൊട്ട അനുഭവം

V.G. Nakul

Sub- Editor

lal-jose

കാടും കാടനുഭവങ്ങളും ലാൽ ജോസിന്റെ ജീവിതത്തിന്റെ ഭാഗമാണ്. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാടിനുള്ളിലേക്കുളള യാത്രകളും അവിടെച്ചെലവഴിക്കുന്ന നിമിഷങ്ങളും അദ്ദേഹത്തിലെ മനുഷ്യനെയും കലാകാരനെയും നവോർജത്തിന്റെ തുറസ്സുകളിലേക്കെത്തിക്കുന്നു. പച്ചയില്‍ തൊട്ടുള്ള, മണ്ണിനെയും മരങ്ങളെയും ചേർത്തുനിർത്തിയുള്ള ആ നിമിഷങ്ങളാണ് ലാൽജോസിനെ ‘തീയുടെ കാവൽക്കാരൻ’ എന്ന ഡോക്യുഫിക്ഷൻ സിനിമയിലേക്കുമെത്തിച്ചിരിക്കുന്നത്.

‘ദി ഗാർഡിയൻ ഓഫ് ഫയർ അഥവാ തീയുടെ കാവൽക്കാരൻ’ ഒരു ഹ്രസ്വ ചിത്രമാണ്. തീയുടെ കാവൽക്കാരായ മുതുവാൻമാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ കാരണവരായ കൃഷ്ണൻ മുതവാനെക്കുറിച്ചുമാണ് ചിത്രം. SFDA Kerala യും FDA Mankulam വും UNDP- IHRML Project ന്റെ ഭാഗമായി ഒരുക്കി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിന്നണിയില്‍ പ്രവർത്തിച്ച ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസാണ് പ്രധാന നടനായും നരേറ്റരായും എത്തിയിരിക്കുന്നത്.

‘‘ഞാൻ കാടുകളിലേക്ക് പോകുകയും കാടിനുള്ളിൽ താമസിക്കുകയും ചെയ്യുന്നയാളാണ്. അപ്പോഴൊക്കെ സഹായിക്കുന്നത് സുഹൃത്തുക്കളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. രണ്ട് വർഷം മുമ്പ് ഒരു ഫോറസ്റ്റ് ഗാർഡിനെക്കുറിച്ച് അവർ ഒരു ഡോക്യുമെന്ററി ചെയ്തപ്പോൾ ഞാനാണ് വോയിസ് ഓവർ കൊടുത്തത്. അത് അവരുടെ ഡിപ്പാർട്ട്മെന്റില്‍ എല്ലാവർക്കും ഇഷ്ടമായി. അതിനു ശേഷമാണ് ഇത്. മാങ്കുളത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയാണ് ആദ്യം പ്ലാൻ ചെയ്തത്. മാങ്കുളം ഡി.എഫ്.ഒ സുഹൈബ് എന്റെ അടുത്ത സുഹൃത്താണ്. ‘തീയുടെ കാവൽക്കാരനിൽ’ എനിക്കൊപ്പം അഭിനയിച്ചിരിക്കുന്നതും സുഹൈബാണ്. ആദ്യം വോയിസ് ഓവർ കൊടുക്കാനാണ് എന്നെ ക്ഷണിച്ചത്. പിന്നീട് കുറച്ച് ഷോട്ടുകൾ കൂടി എടുക്കാമെന്നായി. ഒടുവിലാണ് ആ പ്രൊജക്ട് മൊത്തം മാറി ഇപ്പോള്‍ കാണുന്ന തരത്തിലായത്. എന്തായാലും ഞാൻ വളരെ ഹാപ്പിയാണ്. ഇങ്ങനെയൊരു നല്ല ശ്രമത്തിന്റെ ഭാഗമായതിൽ തികഞ്ഞ സംതൃപ്തിയുണ്ട്. മൂന്നു ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. രാജു.കെ.ഫ്രാൻസിസ് ആണ് സംവിധാനം. പ്രമോദ് ജി കൃഷ്ണന്റെതാണ് തിരക്കഥ. അദ്ദേഹം കവിതയൊക്കെയെഴുതുന്ന ആളാണ്. ക്യാമറ – ഉമാശങ്കർ’’.– ലാല്‍ ജോസ് ‘വനിത ഓൺലൈനോട്’ പറയുന്നു.

തീയുടെ കാവൽക്കാരൻ

വളരെ ചെറിയ ബജറ്റിലാണ് അവർ ചിത്രം പൂർത്തിയാക്കിയത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട്, കാടിനെക്കുറിച്ച് എനിക്കറിയാത്ത കുറേയേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. മുതുവാൻമാരെക്കുറിച്ച് പ്രത്യേകിച്ചും. അവർ അനാദികാലം മുമ്പേ മുതൽ തീ സൂക്ഷിക്കുന്നതിനെക്കുറിച്ചൊക്കെ വിശദമായി അറിയുകയായിരുന്നു. ഒരു ഫിലോസഫിക്കൽ മാനം കൂടി കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അണിയറയില്‍ പ്രവർത്തിച്ച മിക്കവരുടെയും ആദ്യ സംരംഭമാണ്. എങ്കിലും അവരുടെ ഉള്ളിൽ സിനിമയോടുള്ള വലിയ ഇഷ്ടമുണ്ട്. അതാണ് ചിത്രത്തിന്റെ വിജയം.

കാടറിവ്

കാടുമായി ബന്ധപ്പെട്ട് എനിക്കുള്ള വേറിട്ട ഒരു അനുഭവം കൂടി പറയാം. ഞാൻ ‘രണ്ടാം ഭാവം’ കുറച്ച് ഭാഗം കാടിനുള്ളിൽ ചിത്രീകരിച്ചിരുന്നു. കുറച്ച് ഫോറിനേഴ്സൊക്കെയുള്ള സീനാണ്. ഷൂട്ട് കഴിച്ച് തിരിച്ചു പോകാൻ ഞങ്ങളെല്ലാം വണ്ടിയില്‍ കയറിയപ്പോൾ ഫോറിനേഴ്സിനെ കാണുന്നില്ല. നോക്കുമ്പോൾ അവർ അവിടെ ഷൂട്ടിങ് സംഘം ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് കപ്പുകളും മറ്റും പെറുക്കുകയാണ്, തിരിച്ചു വരുന്ന വഴിയിൽ ഡെസ്റ്റ് ബിന്നിൽ കളയാൻ. അതൊക്കെ മാറ്റാൻ ഞങ്ങൾ വേറെ സംവിധാനം ഒരുക്കിയിരുന്നെങ്കിലും അവർ അതൊന്നും കാത്തു നിൽക്കാതെ സ്വയം പെറുക്കി മാറ്റുകയായിരുന്നു. അതൊരു വലിയ തിരിച്ചറിവായിരുന്നു. അതിനു ശേഷം ഞാനും അതൊരു ശീലമാക്കി.

സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തുന്ന ‘മ്യാവൂ’ ആണ് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രീകരം പൂർത്തിയായ ‘മ്യാവൂ’ റിലീസിനൊരുങ്ങുകയാണ്.