Saturday 05 March 2022 12:37 PM IST

‘മമ്മൂക്ക അതു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ത്രില്ലടിച്ചു, ഒരു വലിയ അവാർഡ് കിട്ടിയ പോലെ തോന്നി: മൈക്കിളിന്റെ സൂസൻ പറയുന്നു

V.G. Nakul

Sub- Editor

lena-new1

കിട്ടുന്ന വേഷങ്ങളെ അവയുടെ വലുപ്പച്ചെറുപ്പങ്ങൾക്കപ്പുറം പൂർണതയുള്ള കഥാപാത്രങ്ങളാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള അസാമാന്യ കഴിവാണ് ലെന എന്ന അഭിനേത്രിയെ വ്യത്യസ്തയാക്കുന്നത്. ഏതു തരം ക്യാരക്ടറുകളിലേക്കും ലെന അനുയോജ്യയാകുന്നതും ഈ സിദ്ധിയിലൂടെയാണ്. നായികയായി തുടങ്ങി, കരുത്തുള്ള സ്വഭാവ റോളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മുഖ്യധാര മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി ലെന വളർന്നു.

തിയറ്ററുകളിൽ തരംഗമാകുന്ന മമ്മൂട്ടി–അമൽ നീരദ് ടീമിന്റെ ‘ഭീഷ്മപർവ്വ’ത്തിലെ സൂസൻ ആണ് ലെനയുടെ ഏറ്റവും പുതിയ പകർന്നാട്ടം. മമ്മൂക്ക അവതരിപ്പിച്ച മൈക്കിളിന്റെ അനിയത്തിയാണ് സൂസൻ. തനി കൊച്ചി സ്റ്റൈലിൽ സംസാരിക്കുന്ന, ശക്തമായ സ്ത്രീകഥാപാത്രം. പതിവു പോലെ ലെന സൂസനെ മനോഹരമാക്കിയിരിക്കുന്നു.

lena-new-4

‘‘ഭീഷ്മ പർവ്വം ഒരു വലിയ വിജയമാകുന്നതിലും സൂസനെ പ്രേക്ഷകർ സ്വീകരിച്ചതിലും ഏറെ സന്തോഷം. കോവിഡ് പ്രതിസന്ധികൾക്കു ശേഷം തിയറ്ററുകളും സിനിമാ രംഗവും ഒരു പുതിയ തുടക്കത്തിലേക്ക് കടക്കുമ്പോൾ ഇത്രയും വലിയ ഒരു ഹിറ്റിന്റെ ഭാഗമാകുകയെന്നത് ചെറിയ കാര്യമല്ലല്ലോ’’. – ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും ലെന ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘എന്റെ കരിയറിലെ ടേണിങ് പോയിന്റാണ് ‘ഭീഷ്മ പർവ്വം’. സിനിമയിലേക്കുള്ള എന്റെ കം ബാക്ക് ‘ബിഗ് ബി’ ആയിരുന്നല്ലോ. അതുപോലെ ഒരു ചെയ്ഞ്ച് ഫീൽ ചെയ്യുന്നുണ്ട്’’. – ലെന പറയുന്നു.

ഇയ്യോബിലെ കഴലി... ഇപ്പോൾ സൂസനും...

അമലിന്റെ ആദ്യ സിനിമ ‘ബിഗ് ബി’യിലും പിന്നീട് ‘ഇയ്യോബിന്റെ പുസ്തക’ത്തിലുമൊക്കെ എനിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ കിട്ടി. അതിൽ ‘ഇയ്യോബിന്റെ പുസ്തക’ത്തിലെ കഴലി എന്റ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. നായികയുടെ അമ്മ എന്നതിലുപരി ആ കഥാപാത്രത്തിന് ചിത്രത്തിൽ ഒരു പ്രാധാന്യമുണ്ട്; ഇടവും. ഇപ്പോള്‍ സൂസനും അത്തരത്തിൽ ഓർമിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കുന്നു. വളരെ സന്തോഷം...

അമൽ എന്ന ക്രാഫ്റ്റ്സ്മാൻ

ക്രാഫ്റ്റിനോടുള്ള ഒരു മൈന്യൂട്ട് ഡീറ്റെയിലിങ്ങാണ് അമലിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേ പോലെ ഷോട്ട് എടുക്കുന്നതിന്റെ ഒരു മാഗ്നിറ്റ്യൂഡ്. ഒരു നിസ്സാര ഷോട്ട് എന്നു പറയാവുന്നത് അമലിന്റെ സിനിമയിലുണ്ടാകില്ല. നമ്മൾ ഏറ്റവുമധികം ജിബ്ബുമായി വർക്ക് ചെയ്യുന്നതും അമല്‍ നീരദ് സിനിമകളിലായിരിക്കും. വിഷ്വലി മാത്രമല്ല, അഭിനയിക്കുമ്പോഴും വളരെ വ്യത്യസ്തമായ എക്സ്പീരിയൻസാണ് അമലിന്റെ സിനിമകൾ.

lena-new-2

ഞാൻ കണ്ടതിൽ ഏറ്റവും മാന്യരായ മനുഷ്യരിൽ ഒരാളാണ് അമൽ. ആൾക്കാരോടുള്ള പെരുമാറ്റം അത്രയും സ്വീറ്റും ഭയങ്കര മാന്യവുമാണ്. അമല്‍ ക്യാരക്ടറിനെക്കുറിച്ച് പറയുന്ന രീതി വളരെ കൗതുകകരമാണ്. ‘ബാച്ച്ലർ പാർട്ടി’ എന്ന സിനിമയിൽ ഞാൻ ഒരു കാമിയോ റോൾ ചെയ്തിട്ടുണ്ട്. ആ ക്യാരക്ടറിന്റെത് വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു തരം സീനാണ്. അമൽ തന്റെ മനസ്സിലുള്ള പിക്ചർ ഒരു പ്രത്യേക രീതിയിലാണ് പറയുന്നത്. അത് ശരിയായി കിട്ടുന്നതു വരെ ടേക്ക് എടുത്തുകൊണ്ടിരിക്കും. അതും ‘കാൻ വീ ഗോ ഫോർ വൺ മോർ’ എന്നു വളരെ പൊളൈറ്റായാണ് ചോദിക്കുക. എനിക്ക് സാധാരണ കൂടുതൽ ടേക്ക്സ് വേണ്ടി വരാറില്ല എന്നതുകൊണ്ടാകാം ഞാനിപ്പോൾ അദ്ദേഹത്തിന്റെ 4 പടങ്ങളിൽ വർക്ക് ചെയ്തത്. ഞങ്ങൾ തമ്മിലുള്ള കമ്യൂണിക്കേഷൻ ഈസിയാണ്.

മമ്മൂക്ക വേറെ ലെവല്‍

‘ഭീഷ്മപർവ്വ’ത്തിൽ മമ്മൂക്കയുടേത് വേറെ ലെവൽ പെർഫോമൻസ് ആണല്ലോ. അദ്ദേഹത്തിനൊപ്പം വളരെ നല്ല സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണിൽ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രൻ പെർഫോമൻസ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസൾട്ട് കൊടുക്കാനായി.

‘ഭീഷ്മപർവ്വ’ത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. ‘കുറയ്ക്കേണ്ടവരുടെ എണ്ണം കൂടും’ എന്ന ഡയലോഗ് വരുന്ന സീന്‍ മൈക്കിളിനോട് സൂസൻ ചില വെളിപ്പെടുത്തലുകൾ നടത്തുന്നതാണല്ലോ. അത് എടുത്ത ശേഷം ‘നന്നായിരുന്നു ചെയ്തത്’ എന്നു മമ്മൂക്ക അഭിനന്ദിച്ചു. ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാർഡ് കിട്ടിയപോലെ തോന്നി. ഞാൻ ശരിക്കും ത്രില്ലടിച്ചു പോയി. അത് നൽകിയ ഊർജം ചെറുതല്ല.

കൊച്ചിക്കാരി സൂസൻ

സൂസൻ ഒരു കൊച്ചിക്കാരിയാണ്. ചിത്രത്തിലെ ശക്തയായ ഒരു സ്ത്രീ കഥാപാത്രം. സൂസന്റെ സംസാര രീതി തനി കൊച്ചി ശൈലിയിലാണ്. സത്യത്തിൽ സിനിമ ഇറങ്ങി എല്ലാവരും എന്റെ സംസാര ശൈലിയെക്കുറിച്ച് നല്ലത് പറയും വരെ നല്ല ടെൻഷനുണ്ടായിരുന്നു. സിങ്ക് സൗണ്ടാണ് ചിത്രത്തിൽ. ഇത്രയും വലിയ വലിയ, തിരക്കുള്ള ഒരു സിനിമയിൽ സിങ്ക് സൗണ്ട് ചെയ്യുക എന്നത് ഒരു ഫിലിം മേക്കറുടെ ആത്മവിശ്വാസമാണ് തെളിയിക്കുന്നത്.

lena-new-3

അഞ്ഞൂറ്റി കുടുംബാംഗങ്ങളായി ഒപ്പം അഭിനയിക്കുന്നവരിൽ കൂടുതലും കൊച്ചിക്കാരോ ആ ഭാഷാശൈലിയോട് അടുപ്പമുള്ളവരോ ആണ്. എനിക്ക് അതത്ര പിടിയില്ല. അപ്പോൾ എന്റെ സംസാരം കേട്ട് ആ കുടുംബത്തിലെ ആളായി തോന്നണ്ടേ എന്നുള്ള ടെൻഷനുണ്ടായിരുന്നു. അതേ സമയം കൃത്രിമമായി ആ രീതിയിൽ സംസാരിക്കുന്നു എന്നു തോന്നാനും പാടില്ല. അതു ഭീകര തിരിച്ചടിയുണ്ടാക്കും. അതൊക്കെയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. എന്തായാലും കുഴപ്പമില്ലാതെ വന്നെന്ന് കേൾക്കുന്നത് വലിയ സന്തോഷം. ഇതിന്റെ മുഴുവൻ ക്രെഡിറ്റും തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കാണ് കൊടുക്കേണ്ടത്. തുടക്കത്തിൽ, എല്ലാ ഷോട്ടിനു മുമ്പും ദേവദത്ത് വന്ന് ഡയലോഗ് പറയേണ്ട രീതി ഒരു വട്ടം പറഞ്ഞു തരുമായിരുന്നു. അത് മനസ്സിൽ കിടന്ന് ഒന്നു രണ്ട് സീൻ കഴിഞ്ഞപ്പോഴേക്കും അതിലേക്ക് കയറി.

ഇപ്പോൾ അഭിനയത്തിനൊപ്പം തിരക്കഥയിലും സംവിധാനത്തിലും തന്റെ ഇടം നേടാനുള്ള തയാറെടുപ്പിലാണ് ലെന. വി.എസ്. അഭിലാഷിനൊപ്പം ‘ഓളം’ എന്ന സിനിമയുടെ തിരക്കഥയെഴുതിയ ലെന തന്റെ തന്നെ മറ്റൊരു തിരക്കഥ സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലുമാണ്.

ഫുട്പ്രിന്റസ് ഓൺ വാട്ടർ’ എന്ന സിനിമയിലൂടെയുള്ള ഇംഗ്ലീഷ് അരങ്ങേറ്റമാണ് അഭിനയത്തിലെ മറ്റൊരു സന്തോഷം. ഒരു ബ്രിട്ടീഷ് ഇന്ത്യൻ സിനിമയാണത്. ഷൂട്ട് കഴിഞ്ഞു.

lena-new-5

‘‘മലയാളത്തിൽ ഞാൻ അഭിനയിച്ച പത്ത് സിനിമയോളം റിലീസ് ചെയ്യാനുണ്ട്. ലോക്ക് ഡൗൺ സമയത്തൊക്കെ ചിത്രീകരിച്ചവ റിലീസിനൊരുങ്ങുകയാണ്. തമിഴിൽ ഒരു നയൻതാര സിനിമയുണ്ട്. ഒരു തെലുങ്ക് പടമുണ്ട്. മലയാളത്തിൽ ‘ആർട്ടിക്കിൾ 21’ എന്നെ ഇത്ര കാലം കണ്ട രീതിയിലാകില്ല അവതരിപ്പിക്കുക. അത് ഉടൻ റിലീസുണ്ട്. അതിലെ എന്റെ ഗെറ്റപ്പ് കണ്ടാൽ ഞാനാണെന്ന് മനസ്സിലാകില്ലെന്ന് പലരും പറഞ്ഞു. ഈ ട്രാൻസ്ഫർമേഷൻ തന്നെയാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിച്ചത്. അത്രയും ഒരു ചെയ്ഞ്ച് ഞാൻ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല. എന്നു കരുതി റോള്‍ ഏറ്റെടുക്കാൻ ടെൻഷനുണ്ടായിരുന്നില്ല. ‘എന്നു നിന്റെ മൊയ്തീനി’ലെ ഫാത്തിമയ്ക്ക് ശേഷം അത്തരമൊരു ട്രാൻസ്ഫർമേഷൻ അനുഭവം ‘ആർട്ടിക്കിൾ 21’ ആണ്’’. – ലെന പറഞ്ഞു നിർത്തി.