Wednesday 28 February 2024 11:50 AM IST : By സ്വന്തം ലേഖകൻ

ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹം കഴിഞ്ഞെന്നു ലെന; വിവാഹം അറേഞ്ച്ഡ് മാര്യേജ്

lena-prashanth-marriage-photo-cover

ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി തന്റെ വിവാഹം കഴിഞ്ഞെന്നു നടി ലെന. സാമൂഹ്യമാധ്യത്തിലൂടെയാണ് ലെന വിവാഹിതയായെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 17 പരമ്പരാഗത ചടങ്ങിലായിരുന്നു വിവാഹമെന്നും, പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ടപ്പോൾ തനിക്കും അത് അഭിമാനനിമിഷമായിരുന്നുവെന്ന് ലെന കുറിച്ചു.

‘‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.’’– ലെന കുറിച്ചു.

lena-prashanth-marriage-photo-space-mission-event

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്‌ണൻ. ലെനയും ചടങ്ങിൽ പങ്കെടുത്തു. 2025ൽ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം.

പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകൻ. നാലാം ക്ലാസുവരെ അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കി. ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ് ലീഡർ പദവിയിലാണ് ജോലി ചെയ്യുന്നത്. സഹോദരങ്ങൾ: ജേഷ്ഠൻ പ്രദീപ് നായർ (യുഎസ്എ), അനുജൻ പ്രവീൺ നായർ (യുകെ) സഹോദരി പ്രതിഭ (തൃശൂർ).

ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ തുടക്കം കുറിച്ചത്. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ തിരക്കേറിയ താരമാണ് ലെന.

Tags:
  • Movies