Monday 02 November 2020 04:15 PM IST

മൈഡിയർ കുട്ടിച്ചാത്തൻ മുതൽ പുലിമുരുകൻ വരെ!!! നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ ലൊക്കേഷനുകളുടെ ഇപ്പോഴത്തെ ലുക്കെന്തായിരിക്കും ? ; പതിനൊന്ന് വർഷമായി ലൊക്കേഷൻ തിരഞ്ഞു നടക്കുന്ന അനസ് ഹസ്സന്റെ വിശേഷങ്ങൾ

Unni Balachandran

Sub Editor

cove33r

ചില സിനിമകൾ കാണുമ്പോൾ നമ്മളാലോചിക്കില്ലേ, ഈ സ്ഥലം കണ്ട് നല്ല പരിചയമുണ്ടല്ലോന്ന്. കുറച്ച് നേരം ഓ‍ർത്തിട്ട് നമ്മള് മറക്കുന്ന ഈ സംഗതി പക്ഷേ, അനസ്സ് കാര്യമായിട്ടെടുത്തു. കഴിഞ്ഞ പതിനൊന്ന് വ‍ർഷമായി അനസ് അന്വേഷണത്തിലാണ്.  സിനിമയില്‍ കണ്ടുപരിചയിച്ച ഓരോ ലൊക്കേഷനുകളും ഇപ്പോഴത്തെ രൂപവും മാറ്റവും എന്താണെന്നറിയാനുള്ളൊരു കൗതുകത്തോടെ. രസകരമായ ലൊക്കേഷൻ യാത്രകളുടെ വിശേഷങ്ങൾ അനസ്സ് വനിതാ ഓ‍ൺലൈനുമായി പങ്കുവയ്ക്കുകയാണ്.

ലൊക്കേഷൻ ഇഷ്ടം

പണ്ടു മുതലേ സിനിമയിലാണേലും പത്രത്തിലാണെങ്കിലും ചില ഫോട്ടോസ് കാണുമ്പൊ ഇതൊക്കെ ശരിക്കുമുള്ള സ്ഥലമാണോന്ന് സംശയം തോന്നുമായിരുന്നു. അപ്പൊ ഞാനാ പത്രത്തിലെ ഫോട്ടോ വെട്ടിയെടുക്കും. അടുത്തുള്ള സ്ഥലങ്ങളിലെ പടമാണെങ്കിൽ അപ്പോ തന്നെ അവിടേക്ക് ഈ പേപ്പ‍ർ കട്ടിങ്ങുമായി ഓടും. എന്നിട്ട് ഫോട്ടോയിലേതും യഥാർഥ സ്ഥലവും ഒരുപോലാണോന്ന് ഉറപ്പ് വരുത്തും. അങ്ങനയൊരു താൽപര്യം ചെറുപ്പം മുതലേ ഉള്ളതായിരുന്നിരിക്കാം എല്ലാത്തിന്റെയും തുടക്കം. 2009 ൽ ഞാനും എന്റെയൊരു സുഹൃത്തും കൂടി എറണാകുളത്തെ ഗാന്ധി സ്ക്വയറിന് അപ്പുറത്തുള്ള രാജേന്ദ്രൻ മൈതാനത്ത് ഇരിക്കുമ്പോഴാണ് ആ മൈതാനം എവിടെയാ കണ്ടിട്ടുണ്ടല്ലോ എന്ന് സംശയം തോന്നിയത്. കയ്യിലുള്ള ഫോണിൽ ഒരു ഫോട്ടൊയെടുത്ത് വച്ചു. സംശയം തോന്നിയാൽ ഉറപ്പിക്കാൻ യൂട്യൂബൊന്നും ആ സമയത്ത് അത്ര പോപ്പുലറല്ല. ഞാൻ അതുകൊണ്ട് ‘ഇൻ ഹരിഹ‍ർ നഗറി’ന്റെ ഒരു സിഡി വാങ്ങിയിട്ടാണ് തിരികെ വീട്ടിലേക്ക് പോയത്. എന്റെ കയ്യിലന്ന് കംപ്യൂട്ടർ ഉണ്ടായിരുന്നു സിനിമ ഇട്ടു നോക്കിയപ്പോൾ  സംശയം ശരിയാണെന്ന് മനസിലാക്കി. അറിയാവുന്ന കംപ്യൂട്ടർ ട്രിക്ക് വച്ച്, അന്ന് ഫോട്ടോ എടുത്ത പടവും സിനിമയിലെ സ്ഥലും  കൂടെ ചേ‍ർത്ത് വച്ച് ഒരു ഫ്രെയിമിലാക്കി. എന്റെ സുഹൃത്തുക്കളെയൊക്കെ  കാണിച്ചപ്പോൾ അവർക്കെല്ലാം വല്യ എക്സൈറ്റമെന്റായി.  ‘ഓടരുതമ്മാവാ ആളറിയാം’ സിനിമയുടെ ലൊക്കേഷനായിരുന്നു പിന്നീട് കിട്ടിയത്. അത് പൂജപ്പുര മ്യൂസിയം, ഗാന്ധി സക്വയർ, വലിയശാല പാലം അങ്ങനെ പലയിടങ്ങളിലായി അന്വേഷിച്ചു കണ്ടുപിടിച്ച് ഫോണിൽ എടുത്തിരുന്നു. ഇതെല്ലാം എടുത്തിരുന്നത് എന്റെ ചെറിയ സാംസങ് ജെ സെവൻ ഫോണിലായിരുന്നു. കഷ്ടകാലത്തിന് അതിന്റെ ബോ‍ർഡ് അടിച്ചു പോയി. കഷ്ടപ്പെട്ടെടുത്ത പതിനെട്ട് 'ഫിലിംസാ'ണ് അങ്ങനെ പോയത്. അത് കഴിഞ്ഞ് കൃത്യമായി ബാക് അപ്പ് ചെയ്ത് ഫോട്ടോയെടുക്കാൻ ശ്രദ്ധിച്ചുതുടങ്ങി.ഞാനറിയാതെ തന്നെ ഈ ജോലിയോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കുകയായിരുന്നു. ഇപ്പൊ റെഡ്മി-8 പ്രോയിയലും സോണി പിക്സൽ ക്യാമറയിലുമാണ് ചിത്രമെടുപ്പെല്ലാം. മൂവീ സ്ട്രീറ്റിൽ സ്ഥിരമായി പോസ്റ്റിടങ്ങാൻ തുങ്ങിയിട്ട് മൂന്ന് വർഷമായി. അങ്ങനെയാണ് കൂടുതൽ ആളുകൾ അറിഞ്ഞത്.  ഇതുവരെ ഏകദേശം 160ന് മേലെ ലൊക്കേഷനുകൾ പക‍ർത്തിയിട്ടുണ്ട്.

harihar-nagar ഇൻ ഹരിഹർനഗർ - കടവന്ത്ര ജിഡിസിഎ ഗസ്റ്റ് ഹൗസ്

‘ടെക്നിക്കൽ’ അന്വേഷണം

ചേട്ടൻ അസ്കർ ഹസ്സൻ മോട്ടിവേഷനൽ ട്രെയ്നറാണ്. ചേട്ടന്റെ പ്രോഗ്രാമുകൾക്കൊപ്പം പ്രോഗ്രാം കോർഡിനേറ്ററായി പോകുന്നതാണ് എന്റെ ജോലി. ആ ജോലി കൂടെകിട്ടിയതാണ് എന്റെ ലൊക്കേഷൻ ഹണ്ടിനെ സഹായിച്ചത്.  കേരളത്തിൽ എല്ലായിടത്തും പോകാം, ഓരോ ദിവസവും പുതിയ സ്ഥലങ്ങളിലായിരിക്കും ട്രെയ്നിങ്. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപുള്ള സമയം റെസ്റ്റ് ചെയ്യാൻ നോക്കാതെ ആ സ്ഥലം കാണാൻ പോകും. എവിടെ പോയാലും , ആ സ്ഥലത്ത് ഏതെങ്കിലും പടം ഷൂട്ട് ചെയ്തിട്ടുണ്ടോന്ന് അവിടുള്ളവരോട് അന്വേഷിക്കും. മാത്രമല്ല ഞാൻ ഓരോ സിനിമയുടെയും സിഡി എടുത്ത് കണ്ട് നേരത്തെ തന്നെ ഒരു ലിസ്റ്റ് ഉണ്ടാക്കി വച്ചിരിക്കും. സിനിമ തുടങ്ങുമ്പോൾ ആദ്യം താങ്കസ് കാർഡ് കാണിക്കുന്നതും അവിടെ എഴുതികാണിക്കുന്ന ലോക്കേഷനുമെല്ലാം നോട്ട് ചെയ്യും.  വീട്, കട,ഹോസ്പിറ്റൽ അങ്ങനെയെല്ലാമാണ്  ലിസ്റ്റിൽ കൂടുതൽ  ഉണ്ടാകുന്നത്. ചിലത് ഊഹത്തിൽ കണ്ടുപിടിക്കുന്ന സ്ഥലങ്ങളുമുണ്ട്.

mookilaa-2 മൂക്കില്ലാ രാജ്യത്ത് - എച്ഡിഎഫ്സി രവിപുരം എറണാകുളം, ഫോർ ഷോർ റോഡ് ഫൈൻ ആർട്സ് കോളജിനടുത്ത് ; എറണാകുളം ,

മൊത്തം ലുക്ക് മാറി

ഇത്രയും വർഷങ്ങൾ പിന്നീട്ടതിന്റെ മാറ്റം പലയിടത്തുമുണ്ട്. ചിലതൊക്കെ ഒട്ടും മനസിലാകാത്ത് പരുവത്തിലായിട്ടുണ്ട്. റാംജിറാവു സ്പീക്കിങ്ങിൽ പോക്കറ്റ് അടി സീക്വൻസിലെ സ്ഥലം അങ്ങനെയൊരെണ്ണമാണ്. ഇപ്പൊ കണ്ടാൽ മനസിലാക്കാൻ പാടാണ്. എറണാകുളത്തെ ബ്രോഡ് വേ ക്രോസ് റോഡിലാണ് ആ സീൻ നടക്കുന്നത്. അവിടെക്കൂടെ പോയപ്പോൾ എനിക്കു നല്ല സംശയം തോന്നി. സീനെടുത്ത് കണ്ടപ്പോൾ അവിടെ കിംഗ് ഷൂ ഗോഡൗൺ, എസ്ബിറ്റിയുടെ തൊട്ടിപ്പുറത്തെ ഇടവഴി എന്നുള്ള അടയാളമൊക്കെ കറക്ടായി വന്നു. അങ്ങനെയാണ് സ്ഥലം പിടികിട്ടയത്.  എരമല്ലൂരാണ് റാംജിറാവ് സ്പീക്കിങ്ങിൽ ബാലകൃഷ്ണന് ജോലികൊടുക്കാതെ പറ്റിക്കുന്ന ‘ഹിന്ദുസ്ഥാൻ കെമിക്കൽസ്’ ഷൂട്ട് ചെയ്തത്. പക്ഷേ   ഇപ്പൊ അവിടം ആകെ മാറി , ഇപ്പോളൊരു ഹൈപ്പർ മാർക്കറ്റാണ് ഉള്ളത്. അതുപോലെ ഹരിരഹർ നഗറിലെ മഹാദേവന്റെയും മായയുടെയും വീട് കടവന്ദ്ര രാജീവ് ഗാന്ധി സ്‍റ്റേ‍ഡിയത്തിന് ഓപ്പസിറ്റുള്ള വഴിയിലായിരുന്നു. ഇന്ദിരാഗാന്ധി ഹോസ്പിറ്റലിനും പോലീസ് സ്‌റ്റേഷനും തൊട്ടുമുൻപാണ് ആ സ്ഥലം. അത് കിട്ടിയതോടെ മായയ്ക്ക് വരുന്ന കത്ത് അടിച്ചുമാറ്റുന്ന പോസ്റ്റ് ബോക്സ്, പാ‍ർക്കിൽ തല്ലാൻ പോകുന്ന സ്ഥലം ഇതെല്ലാ ഗിരിനഗറിലാണ് എന്ന് മനസിലാക്കിയത്.  ‘ഗിരിനഗർ’ ‍ മായ്ച്ചു കളഞ്ഞാണവർ ഹരിഹർനഗറാക്കിയത്. അതുപോലെ കിലുക്കത്തിൽ ജഗതിയെ കാണാതെ രേവതിയെ ഒളിപ്പിക്കുന്ന ആ ‘തുണിയലക്ക്’ സ്ഥലവും ഒരുപാട് മാറിപ്പോയി. ഊട്ടിയിലെ പൗക്കാർ റോഡിലാണ് സ്ഥലം. ബോട്ട് ഹൗസിൽ നിന്നും വാക്സ് മ്യൂസിയത്തിലേക്ക് പോകുന്ന വഴിയാണത്. ഞാൻ പോയപ്പോഴവിടെ കല്യാണം നടക്കുകയായിരുന്നു, ഏതോ വല്യ പണക്കാരന്റെയാണ്. പിന്നെ, ആ വഴിയിലെ കുഞ്ഞുപാലവും വഴികളും അടയാളം ഉള്ളതുകൊണ്ടാണ് മനസിലാക്കാൻ പറ്റിയത്.

punjabi-house പഞ്ചാബി ഹൗസ് - നീണ്ടകര, എഴുപുന്ന

പാളിപ്പോയ തിരച്ചിൽ

വളരെ ബുദ്ധിമുട്ടിയിട്ടായിരിക്കും ഓരോ സ്ഥലവും തപ്പിപിടിക്കുന്നത്.ഗൂഗിൾ മാപ്പിൽ നോക്കിയാൽ പിടികിട്ടുന്ന സ്ഥലത്തോട്ടൊന്നുമല്ലല്ലോ യാത്ര. അത്രയും കഷ്ടപ്പെട്ട് അവിടെ ചെന്നിട്ടും പലരും മടക്കി അയക്കുമ്പോൾ നന്നായി വിഷമം വരും. ‘സന്ദേശ’ത്തിലെ പോളണ്ടിന്റെ സ്വന്തം വീട് കിട്ടാനായി കോഴിക്കോട് പോയിരുന്നു. കാര്യം പറഞ്ഞിട്ടും കാല് പിടിച്ചിട്ടും അവര് ഫോട്ടോയെടുക്കരുതെന്ന് ക‍ർശനമായി പറഞ്ഞതോടെ തിരിച്ചുപോകേണ്ടി വന്നു. അതുപോലെ ‘ട്വന്റി ട്വന്റി’യിലെ വീടും ഫോട്ടോയെടുക്കാൻ അനുവദിക്കാതെ ഉപേക്ഷിക്കേണ്ടി വന്നതാണ്. ‘വിയറ്റ്നാം കോളനി’ ആലപ്പുഴ ടൗണിലെ സക്കറിയാ ബസാറിലാണ്. അവിടെ ചെന്നപ്പോൾ അവരാ കവാടം കുറുകെ മതിൽ കെട്ടി വച്ചിരിക്കുകയായിരുന്നു. കുറച്ച് നാള് കഴിഞ്ഞപ്പൊ സ്ഥലം മുഴുവൻ ഇടിച്ചിട്ടിരുന്നു. ഇന്നസെന്റ് പേസ്റ്റ മുഖത്താക്കി ഇടിച്ചുവീണ പടിയൊക്കെ അവിടെ കിടക്കുന്നത് കണ്ടപ്പൊ നല്ല വിഷമം തോന്നി. അതുപോലെ ഒറ്റപ്പാലത്തിനടുത്ത് പിരായിരിയിൽ വരവേൽപ് , പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകൾടെ സ്ഥലം കിട്ടാൻ കുറേ ഓടിയതാണ് . പക്ഷേ, ആ വീടൊക്കെ അവര് പൊളിച്ചു കളഞ്ഞിരുന്നു.

varavelpu വരവേൽപ്പ് - പാലക്കാട് പിരിയാരി, വില്ലേജ് ഓഫിസിനടുത്ത്

സിനിമാ സ്വപ്നം

എവിടെ കൂട്ടുകാരുടെ കൂടെയാത്രയ്ക്ക് പോയാലും എങ്ങോട്ടിറങ്ങിയാലുമിപ്പൊ ലൊക്കേഷൻ നോട്ടമാണ്. അതിപ്പൊ ജീവിതത്തിന്റെ ഭാഗമായിപ്പോയിട്ടുണ്ട്. ഒരിക്കൽ മൂവി സ്ട്രീറ്റിലെ പോസ്റ്റ് കണ്ട് നടൻ സിദ്ദിഖ് വിളിച്ച് ഹരിഹർനഗറിലെ വീടിന്റെ കാര്യമൊക്കെ ചോദിച്ചത് വല്യ സന്തോഷമായിരുന്നു.

anas അനസ് ഹസ്സൻ

അതുപോലെ ഈ ലൊക്കേഷൻ ഹണ്ട് ഉള്ളതുകൊണ്ട് മൈ സാന്റ്, ഗൗതമന്റെ രഥം, കപ്പള എന്നീ പടത്തിലൊക്കെ ചില ലൊക്കേഷനുകൾ സജസ്റ്റ് ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്.ആലപ്പുഴയിലെ  ചന്തിരൂരാണ് താമസം, ചേട്ടന്റെ കൂടെ ട്രെയിനിങ് പ്രോഗ്രാമിന് പോകുന്നതാണ് വരുമാന മാർഗത്തിനായി ചെയ്യുന്നത്. വീട്ടിൽ ബാപ്പ ഹസ്സൻ, ഉമ്മ ആറ്റാബീവി, ഭാര്യ റസീനയും സഹോദരങ്ങൾ നിയാസും അസ്കറുമാണ് ഉള്ളത്. എന്റെ ലൊക്കേഷൻ ഹണ്ട് വച്ചൊരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ജീവിതത്തിൽ വല്യ ശതമാനം ഇഷ്ടത്തോടെ ചെയ്തൊരു കാര്യമായതുകൊണ്ട് തന്നെ ഇനിയുള്ള കാലവും കൂടുതൽ ഭംഗിയോടെ മുൻപോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം. സ്വന്തമായൊരു സിനിമയ്ക്ക് വേണ്ടികൂടെ ലൊക്കേഷൻ നോക്കണമെന്ന സ്വപ്നവും ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്.

കൂടുതൽ ചിത്രങ്ങൾ കാണാം :

anubhavangal--thoovanathumpikal

1. അനുഭവങ്ങൾ പാളിച്ചകൾ -  എടക്കൊച്ചി അരൂര് പാലം ; തൂവാനത്തുമ്പികൾ - മാനവനിലയം കണിയാംപുരം ഒറ്റപാലം

godfather---vettam

2. ഗോഡ്ഫാദർ- ഈസ്റ്റ് ഹിൽ ഗസ്റ്റ് ഹൗസ് കോഴിക്കോട് ;   വെട്ടം - മൊണാർക്ക് ഹോട്ടൽ, ഊട്ടി

harihar-2

3. ഇൻ ഹരിഹർനഗർ - ഗിരിനഗർ നോർത്ത് പ്രൈവറ്റ് പാർക്ക് എറണാകുളം ; രാജേന്ദ്ര മൈതാനം ഗാന്ധി സ്ക്വയറിനടുത്ത്

king-pulimurugan

4.കിംഗ്  - കോഴിക്കോട് ഗസ്റ്റ് ഹൗസ് ; വെസ്റ്റ് ഹിൽ പുലുമുരുകൻ - പാറായി തറവാട് എഴുപുന്ന

kuttichatan

5. മൈ ഡിയർ കുട്ടിച്ചാത്തൻ - എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസ് ബിൽഡിങ് സുഭാഷ് പാർക്കിന് എതിർവശം ,കളമശ്ശേരി സെന്റ് ജോസഫ് ഇഎച്എംഎസ് സ്കൂൾ

manichitrathazu-kanalkattu

6. മണിച്ചിത്രത്താഴ് - പെരുമാൾ പോണ്ട്,പത്മനാഭപുരം തിരുവനന്തപുരം ; കനൽക്കാറ്റ് - ഗാന്ധിനഗർ എറണാകുളം

mazhavilkavadi

7.മഴവിൽക്കാവടി - പഴനി ചുറ്റുവഴി

mookilla-rajyath

8. മൂക്കില്ലാ രാജ്യത്ത് -  9ക്രോസ് റോഡ് പനമ്പള്ളി നഗർ ;    എച്ച് ഐജി അവന്യൂ ഗിരിനഗർ എറണാകുളം  

rajakumaran--sanmanassu

9. പാവം പാവം രാജകുമാരൻ - കൊടുങ്ങല്ലൂർ ക്ഷേത്രം വടക്കേ നട  ;  സന്മനസ്സുള്ളവർക്ക് സമാധാനം -   ചാക്യാത്ത് തറവാട് ,ചിറ്റൂർ റോഡ് എറണാകുളം, 

ramji-rao--nadodikattu

10.റാംജി റാവു സ്പീക്കിങ് - എറണാകുളം ബ്രോഡ് വേ ക്രോസ് റോഡ് ; നാടോടിക്കാറ്റ് -അണ്ണാടവർ ,ചെന്നൈ

thenmavin-kombathu

11. തേന്മാവിൻ കൊമ്പത്ത് - കാളികാവ് പാർപ്പിടം , പൊള്ളാച്ചി

yodha--many-movies

12. തെങ്കാശിപ്പട്ടണം, ചട്ടമ്പിനാട്,രാജമാണിക്യം, പോക്കിരിരാജ, പാണ്ടിപ്പട -   നെയ്ക്കര പെട്ടി ചെട്ടിനാട് ബംഗ്ലാവ്, പഴനി ; യോദ്ധാ - കല്ലേകുളങ്ങര രാമനിലയം തറവാട്, പാലക്കാട്,

 

 

Tags:
  • Movies