Wednesday 26 April 2023 12:33 PM IST

‘ഗത്യന്തരമില്ലാതെ 10 ലക്ഷം കൊടുക്കാമെന്ന് സമ്മതിച്ചു, മീറ്റിങ്ങില്‍ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല’: ഈ നീക്കം ഗത്യന്തരമില്ലാതെ: എം.രഞ്ജിത് പറയുന്നു

V.G. Nakul

Sub- Editor

ranjith

ക്ഷമയുടെ നെല്ലിപ്പലക കണ്ട്, സഹികെട്ടാണ് യുവനടൻമാർക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്കെത്തിയതെന്ന് ചലച്ചിത്ര സംഘടനകൾ. ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടകൾ ഉൾപ്പട്ട യോഗത്തിലാണ് നടപടി. സെറ്റിൽ താരങ്ങളുടെ മോശം പെരുമാറ്റം നിർമാതാക്കൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തില്‍, നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും തങ്ങളുടെ സിനിമകളിൽ സഹകരിപ്പിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം.

‘‘ആർ.ഡി.എക്സ് എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ സംഭവവികാസങ്ങൾ കാരണങ്ങളിൽ ഒന്നു മാത്രമാണ്. 2019 ൽ സമാനമായ മറ്റൊരു പ്രശ്നം വന്നപ്പോൾ‌ പരിഹരിച്ച് മുന്നോട്ടു പോയതാണ്. ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് വരാൻ ഞങ്ങൾ നിർബന്ധിതരായത്, യാതൊരു നിർവാഹമുമില്ലാത്ത അവസ്ഥയായതോടെയാണ്. അമ്മ, ഫെഫ്ക ഒക്കെ ഇക്കാര്യത്തിൽ പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷനൊപ്പം നിൽക്കുന്നത് അതുകൊണ്ടാണല്ലോ.

‘ആർ.ഡി.എക്സി’ന്റെ ലൊക്കേഷനിൽ പല പ്രശ്നങ്ങളാണ് ഷെയ്ൻ സൃഷ്ടിച്ചത്. ഒരു വലിയ സ്വീക്വൻസ് ചിത്രീകരിക്കാനിരിക്കേ, മൂന്ന് ദിവസം മുൻപ് പറയുകയാണ്, ‘എന്റെ ഡേറ്റ് ഇന്ന ദിവസം തീരുകയാണ്. 25 ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ അഭിനയിക്കില്ല’ എന്ന്. സംഘടന ഇടപെട്ടാണ് അത് പരിഹരിച്ച്, ഷൂട്ട് തീർത്തത്. നിർമാതാവ് ഗത്യന്തരമില്ലാതെ പത്ത് ലക്ഷം കൊടുക്കാമെന്നും സമ്മതിച്ചു. എങ്ങനെയെങ്കിലും സിനിമ പൂർത്തിയാക്കണമല്ലോ. പിന്നീടും പലപല ഡിമാന്റുകളാണ്. ഇതിനിടെ ‘കൊറോണ പേപ്പേഴ്സ്’ന്റെ പ്രമോഷന് ചെല്ലില്ലെന്ന് പറഞ്ഞു. അതും സംഘടന ഇടപെട്ട് പരിഹരിച്ചു. അപ്പോഴേക്കും അടുത്ത ആവശ്യം വന്നു. ആർ.ഡി.എക്സിന്റെ അഭിനയിച്ചത്രയും സീൻ എഡിറ്റ് ചെയ്ത് കാണണമത്രേ. ഒടുവിൽ ഗതികെട്ട് സോഫിയ പോൾ ഷെയിൻ പറഞ്ഞ ആവശ്യങ്ങൾ‌ ഞങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ഷെയ്ൻ ലൊക്കേഷനിൽ ചെന്നില്ല. രാവിലെ മുതൽ എല്ലാവരും കാത്തിരിക്കുകയായിരുന്നു. നിർമാതാവ് എന്നെ കാര്യം അറിയിച്ചു. ഞാൻ ഇടവേള ബാബുവിനെ വിളിച്ചു. ബാബു സംസാരിച്ചതോടെ അവർ ലൊക്കേഷനിലെത്തി. എത്തിയപാടേ, ആരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വിളിച്ച് പരാതി പറഞ്ഞത് എന്നു ചോദിച്ച്, ഷെയ്ന്റെ ഉമ്മ ഭയങ്കരമായി ബഹളം വച്ചു. അതിനു ശേഷമാണ് എഡിറ്റിങ് കാണണം എന്നു പറഞ്ഞത്. അതറിഞ്ഞ് ബി.ഉണ്ണികൃഷ്ണൻ നേരെ ലൊക്കേഷനിലെത്തി, സംസാരിച്ചു. എഡിറ്റ് കാണിക്കാനാകില്ലെന്ന് ശക്തമായി പറഞ്ഞതോടെയാണ് കാര്യങ്ങൾ തൽക്കാലത്തേക്ക് ശാന്തമായതും ഷൂട്ടിങ് തീരുമാനിച്ചതും. പിന്നീട് സോഫിയാ പോൾ വിശദമായ പരാതി നൽകി. തീരുമാനം എടുക്കാൻ കൂടിയ മീറ്റിങ്ങില്‍ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല. ബാൻ, വിലക്ക് എന്നൊന്നും ഞങ്ങൾ‌ പറയില്ല. അവരെ വച്ച് സിനിമ എടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടല്ലോ. അത്രേയുള്ളൂ.

ശ്രീനാഥിന്റെ പ്രശ്നം ഒരിക്കൽ പരിഹരിച്ചതാണ്. പക്ഷേ, വീണ്ടും കുഴപ്പങ്ങളാണ്. സകല നിർമാതാക്കൾക്കും ഡേറ്റ് നൽകി എല്ലാവരേയും കുഴപ്പത്തിലാക്കി. സിനിമയിൽ അഭിനയിക്കാം എന്നുപറഞ്ഞ് ആർക്കൊക്കെയാണ് കരാർ ഒപ്പിട്ടു കൊടുക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.

പൊതു സ്ഥലങ്ങളിലും ഇന്റർവ്യൂസിലുമൊക്കെ എത്രയോ നടൻമാരെ നിങ്ങൾ നോർമൽ അല്ലാതെ കാണുന്നുണ്ട്. അവരൊക്കെ ഇതേപോലെയാകും ലൊക്കേഷനിലും പെരുമാറുക എന്ന് ആലോചിക്കാവുന്നതല്ലേയുള്ളൂ. സംഘടനാപരമായി എപ്പോള്‍ പരാതി കിട്ടുന്നോ, അപ്പോൾ നടപടിയെടുക്കും. ഗതികെട്ടാൽ മറ്റെന്തു വഴി. ഇതിൽ തിയറ്റര്‍ സംഘടനയുടെ പിന്തുണയുമുണ്ട്’’. – പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു വേണ്ടി നിർമാതാവ് എം.രഞ്ജിത് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

shane-sreenath

ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ടു നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.

നടന്മാരായ ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പിന്തുണച്ചു. താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.