Wednesday 12 August 2020 11:50 AM IST

‘എന്റെ ഒപ്പമുള്ളവർ പട്ടിണിയാകാതെ ഞാൻ നോക്കുന്നുണ്ട്...പക്ഷേ...’! കേട്ടത് വിശ്വസിക്കുവാനാതെ എം. രഞ്ജിത്ത്

V.G. Nakul

Sub- Editor

m-ranjith

‘‘കഴിഞ്ഞ 17 വർഷമായി പ്രസാദ് എനിക്കൊപ്പമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ രജപുത്രയുടെ ടീമിൽ എത്തിയതാണ്. എന്റെ ഒപ്പമുള്ള എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ഞാൻ. പ്രസാദുമായും അങ്ങനെയായിരുന്നു. അതു കൊണ്ടു തന്നെ ഈ വേർപാട് നൽകുന്ന സങ്കടം വളരെ വലുതാണ്. ഇപ്പോഴും കേട്ടത് സത്യമാണെന്ന് എനിക്കു വിശ്വസിക്കുവാനായിട്ടില്ല...’’.– എം. രഞ്ജിത്തിന്റെ ശബ്ദത്തിൽ വേദന നിറഞ്ഞു. കഴിഞ്ഞ ദിവസം ഏഴിമല നാവിക അക്കാഡമിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈറ്റ്മാൻ പ്രസാദ് നിർമാതാവ് എം.രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഫിലിം യൂണിറ്റിലെ ജീവനക്കാരനായിരുന്നു. ലോക്ക് ഡൗൺ കാലം സിനിമാ മേഖലയെ സ്തംഭിപ്പിച്ചപ്പോൾ താൽക്കാലികമായി നാവിക അക്കാഡമിയിൽ ദിവസക്കൂലിക്ക് ഇലക്ട്രീഷ്യൻ ജോലിക്കു പോയതാണ് പ്രസാദ്.

പയ്യന്നൂർ മഹാദേവഗ്രാമത്തില്‍ കെ. യു.ശാന്തയുടെയും പരേതനായ കൃഷ്ണപൊതുവാളുടെയും മകനാണ് 43 വയസ്സുകാരനായ പ്രസാദ് കെ.യു. രാജേശ്വരിയാണ് ഭാര്യ. പ്രാർത്ഥന,ശ്രേയസ് എന്നീ കുഞ്ഞു പെൺകുട്ടികളാണ് പ്രസാദിന്റെ മക്കൾ.

‘‘സാധാരണ കുടുംബമാണ് പ്രസാദിന്റെത്. കുടുംബം നോക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും പ്രസാദ് തയാറായിരുന്നില്ല. അനാവശ്യമായി കാശ് കളയുകയോ, ദുശീലങ്ങളോ ഉണ്ടായിരുന്നില്ല. ആ വീടിന്റെ ഏക പ്രതീക്ഷയും വരുമാനമാർഗവുമായിരുന്നു പ്രസാദ്. ഭാര്യയ്ക്ക് ജോലിയില്ല. പ്രസാദിന്റെ വീട് ഇരിക്കുന്നിടം കണ്ടെയ്ൻമെന്റ ് സോണിലായതിനാൽ പ്രസാദിനെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റില്ല’’.– അദ്ദേഹം പറയുന്നു.

prasad

‘‘സിനിമാ ഷൂട്ടിങ് സജീവമാകാതെ അനിശ്ചിത കാലത്തേക്ക് നീളുന്നത് ഒരുപാട് കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിനിമയിലെ ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികൾ ജീവിക്കാൻ വേണ്ടി മറ്റു ജോലികൾ കണ്ടെത്തുകയാണ് ഇപ്പോൾ. എന്റെ ഒപ്പമുള്ളവർ പട്ടിണിയാകാതെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം ആകുന്നില്ലല്ലോ. പല പല ആവശ്യങ്ങളുണ്ടല്ലോ അവർക്ക്. സിനിമാ ഷൂട്ടിങ്ങ് ഉള്ളപ്പോൾ ഇവരിൽ പലർക്കും ദിവസേന ആയിരത്തി അഞ്ഞൂറ് രൂപയോളം വരുമാനമുണ്ടായിരുന്നു. താമസവും ഭക്ഷണത്തിനും ചിലവുണ്ടായിരുന്നില്ല. അതാണ് പെട്ടെന്ന് ഇല്ലാതെയായത്. ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് ഷൂട്ടിങ് തുടങ്ങണമെന്ന് നിർബന്ധം പിടിക്കാനും പറ്റില്ല. അതിനൊപ്പമാണ് ഇത്തരം ദുരന്ത വാർത്തകൾ. പലരും ജീവിതം ഒന്ന് സെറ്റിൽ ആക്കി വരുന്നതിനിടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. എല്ലാം വളരെ വേഗം സാധാരണ നിലയിലാകും എന്നു പ്രതീക്ഷിക്കാം.