Tuesday 12 October 2021 11:12 AM IST

ലിവര്‍ കാൻസറെന്ന് തിരിച്ചറിഞ്ഞിട്ട് 5 വർഷം, അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല: എം.രഞ്ജിത്ത് പറയുന്നു

V.G. Nakul

Sub- Editor

nedumudi-new-1

അഭിനയത്തിന്റെ കൊടുമുടി കയറി നെടുമുടി വേണു പോയി. അപ്രതീക്ഷിതമായ മടക്കം...സിനിമയുടെ തിരക്കിൽ നിന്ന് പെട്ടെന്നൊരു ദിവസം അദ്ദേഹം ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു പോകുമ്പോൾ മലയാള സിനിമയും പ്രേക്ഷകരും ഒരു വലിയ ശൂന്യതയെയാണ് നേരിടുന്നത്.

നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി വേണു പകർന്നാടിയ കഥാപാത്രങ്ങൾക്ക് പകരം മറ്റൊന്നില്ല. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാക്കി വളർത്തി. തനിക്കു കിട്ടുന്ന വേഷങ്ങളെ, അവയുടെ വലിപ്പച്ചെറുപ്പങ്ങൾക്കപ്പുറം പൂർണതയുള്ള കഥാപാത്രങ്ങളാക്കി ഉറപ്പിക്കുന്നതിൽ വേണുവിനോളം വിജയിച്ചവർ മലയാളത്തിൽ ചുരുക്കം. അതിനുള്ള അംഗീകാരമായി ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറു വട്ടവും വേണുവിനെ തേടിയെത്തി. അതിനൊക്കെയപ്പുറമാണ് ഓരോ പ്രേക്ഷകർക്കും അദ്ദേഹത്തോടുള്ള ഇഷ്ടവും മതിപ്പും...

nedumudi-new-3
ചിത്രങ്ങൾ – രാജീവൻ ഫ്രാൻസിസ്.

പ്രിയപ്പെട്ട വേണുച്ചേട്ടന്റെ വിയോഗത്തെക്കുറിച്ച് പറയുമ്പോൾ നിർ‌മാതാവ് എം.രഞ്ജിത്തിന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് 30 വർഷത്തെ ഓർമകളാണ്. താൻ നിർ‌മാതാവായ ആദ്യ സിനിമ ‘മുഖചിത്ര’ത്തിൽ തുടങ്ങിയ അടുപ്പം. സ്നേഹമായും പിന്തുണയായും സാഹോദര്യമായും ഇക്കഴിഞ്ഞ ദിവസം വരെ വിളിപ്പുറത്തുണ്ടായിരുന്നയാൾ ഇനിയില്ലെന്ന യാഥാർഥ്യം ഇപ്പോഴും രഞ്ജിത്തിന് വിശ്വസിക്കുവാനായിട്ടില്ല.
‘‘പത്തു ദിവസം മുമ്പാണ് ഞങ്ങൾ തമ്മിൽ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച് ഞങ്ങൾ സുഹൃത്തുക്കൾക്കെല്ലാം അറിയാമായിരുന്നു. ലിവറിൽ കാൻസറായിരുന്നു. അതിന്റെ ചികിത്സകൾ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വർഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തിൽ തന്നെ ചികിത്സിച്ച്, പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം ഡൗൺ ആയി. സ്ട്രെയിൻ കൂടി. ‘പുഴു’ എന്ന സിനിമയില്‍ അഭിനയിച്ചു വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞങ്ങൾ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കർമ്മങ്ങളിൽ വ്യാപൃതനായി മുന്നോട്ടു പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു’’. – രഞ്ജിത്തിന്റെ ശബ്ദത്തിൽ വേദന പരന്നു.

nedumudi-new-2
ചിത്രങ്ങൾ – രാജീവൻ ഫ്രാൻസിസ്.

വലുപ്പച്ചെറുപ്പമില്ലാത്ത സ്നേഹം

എന്റെ ആദ്യ സിനിമ ‘മുഖച്ചിത്ര’ത്തിൽ വേണുച്ചേട്ടനുണ്ടായിരുന്നു. ഇപ്പോൾ 30 വർഷമായി. അന്നു മുതൽ തുടങ്ങിയ അടുപ്പമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ രീതി. വേണുച്ചേട്ടന്റെ സൗഹൃദം വളരെ ആഴത്തിലാണ്. സിനിമാ മേഖലയിൽ അദ്ദേഹത്തിനു ശത്രുക്കളില്ല. അത്രമാത്രം വലിയ സൗഹൃദ വലയത്തിന്റെ ഉടമയാണ്.

നിർമാതാക്കളോട് നന്നായി സഹകരിച്ചിരുന്നു അദ്ദേഹം. നല്ല കഥാപാത്രങ്ങൾ പ്രതിഫലമില്ലാതെ അവതരിപ്പിക്കാനും അദ്ദേഹം തയാറായിരുന്നു.

nedumudi-new-4
ചിത്രങ്ങൾ – രാജീവൻ ഫ്രാൻസിസ്.

അതായിരുന്നു വേണുച്ചേട്ടൻ

അദ്ദേഹവുമായി എപ്പോഴും ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ജീവിതമായിരുന്നു എന്റെത്. കുടുംബവുമായും ആ അടുപ്പം സൂക്ഷിച്ചിരുന്നു.

വർഷങ്ങൾക്കു മുമ്പ് ഞാൻ ‘ശ്രീ ഗുരുവായൂരപ്പന്‍’ എന്ന സീരിയലിനു വേണ്ടി വേണുച്ചേട്ടനെ സമീപിച്ചു. അദ്ദേഹത്തിന് സിനിമയിൽ തിരക്കോടു തിരക്കുള്ള സമയമാണ്. പക്ഷേ, അദ്ദേഹം ആ വേഷം ഏറ്റെടുത്തു. ‘രഞ്ജിത്ത് ഒരു കാര്യം പറഞ്ഞതല്ലേ...അതില്‍ ഒരു വ്യത്യാസമില്ല...ഞാന്‍ ചെയ്യുന്നുണ്ട്’ എന്നാണ് പറഞ്ഞത്. അതായിരുന്നു വേണുച്ചേട്ടൻ. അത്ര വലിയ മനുഷ്യനും മനസ്സുമായിരുന്നു. ഇപ്പോൾ ആകെ ഒരു ശൂന്യത തോന്നുന്നു...ഇനി വേണുച്ചെട്ടനില്ലെന്നു വിശ്വസിക്കുവാനാകുന്നില്ല...