Monday 04 January 2021 10:27 AM IST

‘ഒരു കാര്യം ഉറപ്പ്, കഴിവുള്ളയാളാണ്... ലാലു ഉപയോഗിച്ചാല്‍ അയാൾക്കൊരു ലൈഫ് കിട്ടും...’! ആ കാർ യാത്ര പനച്ചൂരാന്റെ ജീവിതം മാറ്റി

V.G. Nakul

Sub- Editor

anil

തലമുറകളിലേക്ക് ചൊല്ലിപ്പടരാൻ പ്രണയത്തിന്റെയും വിരഹത്തിന്റെയും വിപ്ലവസ്വപ്നങ്ങളുടെയും ഒരുപിടി മനോഹരമായ കവിതകളും പാടിനിറയാൻ സുന്ദരമായ കുറേയേറെ ഗാനങ്ങളും ബാക്കി വച്ച് മലയാളത്തിന്റെ പ്രിയകവിയും പാട്ടെഴുത്തുകാരനുമായ അനിൽ പനച്ചൂരാൻ വിട പറഞ്ഞു. അകാലത്തിലെ മടക്കം...

വലയിൽ വീണ കിളികളും...ഒരു കവിത കൂടിയും...തിരികെ ഞാൻ വരുമെന്ന വാർത്തയും...ചോരവീണ മണ്ണിൽ നിന്നും...തുടങ്ങി കവിതയുടെയും പാട്ടിന്റെയും ജനപ്രിയ വഴികളിലൂടെ ആസ്വാദകരുടെ ഹൃദയം കവർന്ന ആ യാത്ര ഇനി ഓർമ്മകളിൽ ജീവിക്കും...

anil2

കവിതകളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം വേദികളിൽ നിറഞ്ഞു നിന്ന അനിൽ പനച്ചൂരാനെ സിനിമാഗാനരംഗത്തേക്ക് കൈപിടിച്ചു കയറ്റിയതും താരമാക്കിയതും മലയാളത്തിന്റെ പ്രിയ സംവിധായകനായ ലാൽ ജോസ് ആണ്. അതിനു കാരണക്കാരനായത് തിരക്കഥാകൃത്ത് എം.സിന്ധുരാജും.

ലാൽ ജോസ് സംവിധാനം ചെയ്ത് ശ്രീനിവാസൻ നായകനായ ‘അറബിക്കഥ’യിൽ അനിൽ പനച്ചൂരാൻ എഴുതിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായി. അനിലിന്റെ ചില കവികകൾ സിന്ധുരാജ് ലാലിനെ ചൊല്ലിക്കേൾപ്പിച്ചതോടെയാണ് തന്റെ പുതിയ സിനിമയ്ക്ക് പാട്ടെഴുതാൻ അനിലിനെ സംവിധായകൻ ക്ഷണിച്ചത്.

‘‘സാഹിത്യവും കവിതയുമൊക്കെയായി നടക്കുന്ന കാലം തൊട്ടേ അനിലിനെ പരിചയമുണ്ട്. പിന്നീട് കൊളജ് പഠനമൊക്കെ കഴിഞ്ഞ്, സിനിമയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ താമസിക്കുന്ന കാലത്താണ് ചേർത്തലയിലുള്ള ജയകുമാർ. സി എന്ന സുഹൃത്ത് പനച്ചൂരാനെ എന്റെയടുക്കൽ കൂട്ടിക്കൊണ്ടു വന്നത്. ജയന്റെ ആവശ്യം അനിലിന് സിനിമയിൽ എന്തെങ്കിലും അവസരം വാങ്ങിക്കൊടുക്കണം എന്നതായിരുന്നു. അന്നു മുതൽ പനച്ചൂരാൻ ഒപ്പമുണ്ട്. ആലപ്പുഴയിലെ വാടക മുറിയില്‍ സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും വരും. കവിതകള്‍ ചൊല്ലും. അനിലിന്റെ കവിതകൾ വലിയ ഇഷ്ടമായിരുന്നു. അന്ന് ‘വലയിൽ വീണ കിളികളൊ’ക്കെ എഴുതിയിരുന്നെങ്കിലും അനിൽ പ്രശസ്തനായിട്ടില്ല, നാട്ടുകവി മാത്രമാണ്. വാമൊഴിക്കവിതകളിലൂടെ കുറേപ്പേർക്കൊക്കെ അറിയാമെന്നു മാത്രം.

പിന്നീട് ‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷൻ കാണാൻ ലാൽജോസും ഞാനുമൊക്കെച്ചേർന്ന് കൊയമ്പത്തൂരിൽ നിന്നു കാറിൽ മധുരയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഞാൻ അനിലിന്റെ കവിതകൾ ചൊല്ലി. ലാലുവിനോട് അനിലിന്റെ കാര്യം പറയും മുമ്പ് ഒരു താൽപര്യം സൃഷ്ടിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ലാലുവിന് കവിതകളൊക്കെ വളരെ ഇഷ്ടമായി. ‘ഇത് അനിൽ പനച്ചൂരാൻ എന്ന ആളുടെ കവിതകളാണ്. ഒരു കാര്യം എനിക്ക് ഉറപ്പാണ്, ഇദ്ദേഹം കഴിവുള്ളയാളാണ്. ലാലു ഉപയോഗിച്ചാല്‍ അയാൾക്കൊരു ലൈഫ് കിട്ടും...’എന്നു ഞാൻ പറഞ്ഞു. ‘ഡാ നമുക്ക് പനച്ചൂരാനെ കാണാം. നീ വിളിക്ക്’ എന്ന് ലാലു പറഞ്ഞു. അങ്ങനെ ഒരു പുലർച്ചയ്ക്ക് ഷൊർണൂർ ഗസ്റ്റ്ഹൗസിൽ എത്തി പനച്ചൂരാൻ ലാലുവിനെ കണ്ടു. ആ കണ്ടു മുട്ടൽ അനിലിന്റെ ജീവിതം മാറ്റി. അറബിക്കഥയിലെ എല്ലാ പാട്ടും തരംഗമായി. അനിലിന്റെ താരോദയമായി ആ സിനിമയെന്നും പറയാം. ‘ചോരവീണ മണ്ണിൽ...’ എന്ന സൂപ്പർഹിറ്റ് ഗാനം ആദ്യം കേട്ടതും ഞാനാണ്. ഒരു പുലർച്ചെ എന്നെ ഫോണിൽ വിളിച്ച് ‘ഇങ്ങനെ ഒന്നെഴുതിയിട്ടുണ്ട്, നീയൊന്നു കേൾക്ക്’ എന്നു പറഞ്ഞു പാടിക്കേൾപ്പിക്കുകയായിരുന്നു. ഇപ്പോൾ അതൊക്കെയാണ് ഓർമകളിലേക്ക് ഇരമ്പിയെത്തുന്നത്. ഞാൻ ഒരു നിമിത്തം മാത്രം. അനിൽ അദ്ദേഹത്തിന്റെ കവിതകളിലൂടെ എക്കാലവും ഓർമിക്കപ്പെടുമെന്നതിൽ സംശയമില്ല...’’.– സിന്ധുരാജ് പറയുന്നു.

സ്നേഹ സമ്പന്നനായ കവിയും മനുഷ്യനും

‘‘ഈ മടക്കം തീർത്തും അപ്രതീക്ഷിതമാണ്. അതിന്റെ ഞെട്ടലും വേദനയും വളരെ വലുതാണ്. പലരും അനിലിന്റെ അരാജക ജീവിതത്തെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, ഞാൻ പരിചയപ്പെട്ട, അറിഞ്ഞ പനച്ചൂരാനിൽ അതൊന്നുമുണ്ടായിരുന്നില്ല. ഞാൻ അരാജകമായ അവസ്ഥയിൽ അനിലിനെ കണ്ടിട്ടുമില്ല. സ്നേഹ സമ്പന്നനായ കവിയും മനുഷ്യനുമായിരുന്നു അനിൽ. അദ്ദേഹവുമൊത്തുള്ള നിമിഷങ്ങളൊക്കെ സന്തോഷം നിരഞ്ഞതായിരുന്നു. സൗഹൃദങ്ങളോട് വളരെ ഇഷ്ടമുള്ള, താലോലിച്ച് കൊണ്ടു നടന്ന ആളാണ്. ചിലപ്പോൾ ഇത്തിരി ദേഷ്യം തോന്നിയാലും അനിലിനെ നേരിട്ട് കാണുമ്പോൾ അതൊക്കെ എങ്ങോ പോയ്മറയും. അനിലിന് ആരോടും ദേഷ്യമുണ്ടെന്നും തോന്നിയിട്ടില്ല...വലിയ നഷ്ടമാണ് അനിലിന്റെ വിയോഗം...