Sunday 26 April 2020 09:24 AM IST

അച്ചുവിന്റെ അമ്മ ഹിറ്റ്‌ ആയതോടെ മീര ജാസ്മിന്റെ ചെറുപ്പകാലങ്ങൾ എന്നെ തേടി വന്നു! അന്നത്തെ 3 വയസ്സുകാരിക്ക് ഇന്ന് 18

Lakshmi Premkumar

Sub Editor

special-1

ഓർക്കുന്നുണ്ടോ അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ മീരാ ജാസ്മിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഒരു കുഞ്ഞു സുന്ദരിയെ. ഒരു മൂന്ന് വയസുകാരിയെ നെഞ്ചോട് ചേർത്ത് ആ ദുഷ്ട സംഘത്തിൽ നിന്നും ഉർവശിയുടെ കാരക്ടർ ഓടി മറയുമ്പോൾ പ്രേക്ഷകർ ഇമ വെട്ടാതെ നോക്കിയിരുന്നത് ഒക്കത്തിരിക്കുന്ന ആ കുഞ്ഞി പെണ്ണിനെ ആയിരുന്നു. കണ്ണുകളിൽ കഥ പറയുന്ന ആ കുഞ്ഞു സുന്ദരി ഇപ്പോൾ തികഞ്ഞ ഒരു പതിനെട്ടുകാരിയായി മാറി. പതിനഞ്ചു വർഷങ്ങൾക് ഇപ്പുറം കണ്ണിൽ പഴേ കുട്ടിത്തം നിറച്ചു മാളവിക സുനിൽ വനിതയോട് വിശേഷങ്ങൾ പങ്കുവെച്ചു.

7 മാസം പ്രായമായപ്പോൾ ആണ് ആദ്യമായി ക്യാമറയുടെ മുന്നിൽ വരുന്നത്. കണ്ടൻകുളത്തി കഫ് സിറപ്പിന്റെ പരസ്യമായിരുന്നു അത്. അതിനു ശേഷം വാത്സല്യം എന്നൊരു സീരിയലിൽ ആൺകുട്ടി ആയി അഭിനയിച്ചു. അങ്ങനെയിരിക്കെ സത്യൻ അങ്കിൾ സംവിധാനം ചെയ്യുന്ന അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലേക്ക് സേതു മണ്ണാർക്കാട് ആണ് വിളിച്ചത്. എനിക്ക് അത്രയും ഓർമ ഇല്ല. പക്ഷെ അന്നത്തെ കാര്യങ്ങൾ എല്ലാം അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ആദ്യ ഷോട്ട്

special

രാത്രി 12-30 നായിരുന്നു ആദ്യ ഷോട്ട്. കുറേ കുട്ടികൾക്കൊപ്പമാണ് അഭിനയിക്കേണ്ടത്. ഞാൻ ഒഴികെ ബാക്കി എല്ലാരും നല്ല ഉറക്കമായി എന്ന്. ഞാൻ ആണെങ്കിൽ ഭയങ്കര ആക്റ്റീവ് ആയിരുന്നു. അന്നേ സത്യൻ അങ്കിൾ പറഞ്ഞു ഇവൾ ഭാവിയിൽ ഒരു ആർട്ടിസ്റ്റ് ആവുമെന്ന്. എന്നെ സംബന്ധിച്ച് അച്ഛൻ നൃത്ത അദ്ധ്യാപകനും അമ്മ സംഗീത അദ്ധ്യാപികയും. കല ഒരിക്കലും ഞങ്ങൾക്ക് അതിഥിയല്ല. ഞങളുടെ വീട്ടിലെ വിളക്കാണ്.

അച്ചുവിന്റെ അമ്മ ഹിറ്റ്‌ ആയതോടെ മീര ജാസ്മിന്റെ ചെറുപ്പകാലങ്ങൾ മുഴുവൻ എന്നെ തേടി വന്നു. രസതന്ത്രം , വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, രാപ്പകൽ അങ്ങനെ കുറേ സിനിമകൾ ചെയ്തു. അതിനിടയിൽ മൂന്നാം ക്ലാസ്സിൽ വെച്ചാണ് അമ്പിളി കണ്ണൻ എന്നൊരു ആൽബം ചെയ്തത്. " മിഴിയഴക് പൊഴിയും രാധ" എന്നൊരു പാട്ട് ഒരുപാട് ഹിറ്റ്‌ ആയി. അതിലെ കൊറിയോഗ്രാഫി മുഴുവൻ ചെയ്തത് അച്ഛനാണ്.

മൂന്നാം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു ഇനി കുറച്ചു ബ്രേക്ക് എടുക്കാമെന്ന്. അങ്ങനെ അക്കാദമിക് പഠനത്തിനും ഡാൻസിനും കൂടുതൽ കോൺസെൻട്രേഷൻ കൊടുത്തു. അങ്ങനെ ഡാൻസിൽ നാഷണൽ സ്കോളർഷിപ് ലഭിച്ചു.

specail-7

കുടുംബം

കൊച്ചിയിലെ വീട്ടിൽ അച്ഛൻ സുനിൽ നെല്ലായിയും അമ്മ രശ്മി നാരായണനും അനിയനും. അമ്മ സംഗീത അധ്യാപികയും അച്ഛൻ നൃത്ത അധ്യാപകനും ആണ്. ഇപ്പോൾ എന്നേക്കാൾ താരം അനിയൻ മാധവനാണ്. സീരിയലിലും സിനിമയിലും എല്ലാം ആൾ വളരെ ആക്റ്റീവ് ആണ്. സ്വാമി അയ്യപ്പൻ എന്ന സീരിയലിലെ അയ്യപ്പൻ ആയിരുന്നു. പിന്നെ നിരവധി ആൽബങ്ങളും ചെയ്യുന്നുണ്ട്. ഇപ്പോൾ ഞങ്ങളുടെ ഒരു യുട്യൂബ് ചാനൽ അച്ഛൻ തുടങ്ങിയിട്ടുണ്ട്. ഡാൻസും, പാട്ടും, ഫിറ്റ്നസും എല്ലാം ഉണ്ട്. എല്ലാവരും ഇപ്പോൾ അതിന്റെ തിരക്കിലാണ്.

specail5

അഭിനേത്രിയിൽ നിന്നും ഡോക്ടറിലേക്ക്

ഇപ്പോൾ ഉക്രൈനിൽ എം ബി ബി എസ് ഫസ്റ്റ് ഇയർ പഠിക്കുകയാണ്. മെഡിസിൻ എന്റെ ഒരു ഡ്രീം ആയിരുന്നു. അച്ഛനും അമ്മയ്ക്കും എല്ലാം കല പോലെ തന്നെ പ്രധാനമാണ് പഠനം. എന്റെ അമ്മ പിജിയ്ക്ക് പഠിക്കുമ്പോൾ ഫസ്റ്റ് റാങ്ക് ഹോൾഡർ ആയിരുന്നു. ഞങൾ നല്ല പോലെ പഠിക്കണമെന്ന് അച്ഛന് നിർബന്ധം ആണ്. ഞാൻ മെഡിസിൻ ഇന്ത്യയിൽ ട്രൈ ചെയ്‌തെങ്കിലും ചെറിയ പോയിന്റുകൾക്ക് നഷ്ടപെട്ടു. പിന്നെ ഉക്രൈനിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി നല്ലൊരു ഓപ്ഷൻ ആയി തോന്നി. അങ്ങനെയാണ് ഇവിടെ എത്തിയത്. വന്നു ആദ്യ ആഴ്ച തന്നെ

special-3

60പേരെ പങ്കെടുപ്പിച്ച് തിരുവാതിര സംഘടിപ്പിച്ചു. നല്ല രസമായിരുന്നു. പിന്നെ കുക്കിംഗ്‌ ഇഷ്ടമാണ്. ഈ വിഷുവിന് കണി വെച്ചു. കൂട്ടുകാരെ എല്ലാം വിളിച്ചുണർത്തി കണി കാണിച്ചു. എല്ലാവർക്കും ഭയങ്കര സന്തോഷമായി. 140 കുട്ടികൾ ഞങളുടെ ബിൽഡിങിൽ ഇന്ത്യൻസ് ഉണ്ട്. ഇതുവരെ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഫീൽ ചെയ്‌തിട്ടില്ല.നിത്യവും ഓൺലൈൻ വഴി ക്ലാസ്സ്‌ ഉണ്ട്. ഞങ്ങളെ കൊണ്ടു പോയ ഏജൻസിയിലെ ആളുകൾ വന്നു കാര്യങ്ങൾ തിരക്കാറുണ്ട്.എല്ലാ സഹായവും നൽകാറുണ്ട്. ഈ ചുറ്റുവട്ടമെല്ലാം ശുചീകരിക്കാറുണ്ട്. ആയിരത്തിനു മേലെ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.പക്ഷെ ഞങളുടെ സ്ഥലം സേഫ് ആണ്.പിന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം പേടിച്ച് ഓടി പോകാൻ കഴിയില്ല.കാരണം നാളെ ഞങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കേണ്ട ഡോക്ടർമാർ ആകേണ്ടവരല്ലേ...

Tags:
  • Movies