നർമം നിറയ്ക്കുന്ന നിമിഷങ്ങളും മനോഹരമായ ഓർമകളും കൊണ്ട് സമ്പന്നമായിരുന്നു കഴിഞ്ഞു വനിത ഫിലിം അവാർഡ്സ്. പരിപാടിക്ക് തിരിതെളിയും മുന്നേ താരങ്ങളെ അണിനിരത്തി ഹൃദ്യമായ നിമിഷങ്ങളും അണിയിച്ചൊരുക്കി വനിത ഫിലിം അവാർഡ്സിന്റെ അണിയറക്കാരും അമ്മയും. വനിതയൊരുക്കിയ ഫൊട്ടോബൂത്ത്, ഫൺ അവാർഡ്സ് എന്നിവയെല്ലാം ചിരിനിമിഷങ്ങളുടെ കൂടി വേദിയായി. ഫൺ അവാർഡ്സ് തിരഞ്ഞെടുക്കാൻ വന്ന മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പൃഥ്വിക്കും ഇന്ദ്രജിത്തിനും ഓരോ ഫൺ അവാർഡ്സ് വീതം നൽകാനായിരുന്നു അവതാരകൻ അമ്മ മല്ലികയോട് ആവശ്യപ്പെട്ടത്. ‘നീ പൊന്നപ്പനല്ലടാ പൊന്നപ്പനല്ലടാ തങ്കപ്പൻ അവാർഡ്’ മല്ലിക നൽകിയതാകട്ടെ മൂത്ത പുത്രൻ ഇന്ദ്രജിത്തിന്. ഇന്ദ്രൻ പാവമല്ലേ... അതുകൊണ്ട് അവാർഡ് ഇരിക്കട്ടേയെന്നായിരുന്നു മല്ലികയുടെ പക്ഷം.
മസിലളിയൻ അവാർഡ് ആർക്കു നൽകും എന്ന കാര്യത്തിൽ മല്ലികയ്ക്ക് സംശയമുണ്ടായിരുന്നില്ല. ശരീര സൗന്ദര്യ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുന്ന മകൻ പൃഥ്വിക്ക് തന്നെ അവാർഡെന്ന് മല്ലിക ഉറപ്പിച്ചു. മസില് പോയാൽ സങ്കടമുള്ള കൊച്ചുമോനാണ് പൃഥ്വിയെന്നും മല്ലിക ഉറപ്പിച്ചു. പട്ടിണി കിടന്നിട്ടായാലും ശരീരം സൂക്ഷിക്കുന്ന മകന് എല്ലാം കൂടി കലർത്തി മസിലളിയൻ അവാർഡ് നൽകാമെന്നും മല്ലിക ചിരിയോടെ പറയുന്നു. വനിതയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്.