ADVERTISEMENT

ഇതൊരു മടങ്ങി വരവല്ല, തെളിയിക്കലാണ്... കാലമെത്ര കടന്നാലും ആരൊക്കെ വന്നു പോയാലും തനിക്കു മാത്രമായി ചിലതൊക്കെ മാറ്റി വയ്ക്കപ്പെട്ടിരിക്കുന്നു എന്ന ഒരാളുടെ പതറാത്ത പ്രഖ്യാപനമാണ്... കഥാപാത്രങ്ങളുടെ വെല്ലുവിളി ഹൃദയത്തിൽ സ്വീകരിച്ച്, സ്വന്തം ശബ്ദവും ശരീരവും നൽകി അതിനെ അയാൾ മറ്റൊരു അനുഭവമാക്കി മാറ്റുമ്പോൾ കാണികളുടെ മനസ് മന്ത്രിക്കും,

‘മമ്മൂക്കാ...’

ADVERTISEMENT

കടന്നു പോയ കുറച്ചു വർഷങ്ങൾക്കിടെ നടൻ, താരം എന്നീ നിലകളില്‍ മമ്മൂട്ടി ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വർഷമാണ് 2019. ആറ് മാസത്തിനിടെ മൂന്നു ഭാഷകളിലായി നാല് സിനിമകൾ. നാലും കച്ചവടത്തിലും കലാമൂല്യത്തിലും മുൻപന്തിയിൽ നിന്നു എന്നതു കൊണ്ടു തന്നെ ഇതു മമ്മൂട്ടിയുടെ വർഷമെന്നു നിസംശയം പറയാം.

മമ്മൂട്ടിയിലെ മൂല്യമേറിയ നടനെയും വിലയേറിയ താരത്തെയും കാര്യമായി ഉപയോഗിച്ചു എന്നതാണ് പേരൻപ്, യാത്ര, മധുരരാജ, ഉണ്ട എന്നിങ്ങനെ ഈ 4 സിനിമകളുടെയും പ്രസക്തി. ഇതിൽ തന്നെ ‘മധുരരാജ’ അദ്ദേഹത്തിന്റെ ആദ്യ 100 കോടി സിനിമയായതിനൊപ്പം ‘പേരൻപ്’, ‘യാത്ര’ എന്നീ സിനിമകളിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി വീണ്ടും ദേശീയപുരസ്കാരമെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ADVERTISEMENT

അമുദവൻ എന്ന മാജിക്

വർഷങ്ങൾക്കു ശേഷം മമ്മൂട്ടി തമിഴിലേക്കു മടങ്ങിയെത്തിയ ‘പേരൻപ്’ ആണ് 2019 ൽ അദ്ദേഹത്തിന്റെ ആദ്യ റിലീസ്. യുവനിര സംവിധായകരിൽ പ്രധാനിയായ റാം ഒരുക്കിയ ഈ ഇമോഷണൽ ഡ്രാമയിലെ അമുദവൻ മമ്മൂട്ടിയുടെ പ്രതിഭ പതിഞ്ഞ കഥാപാത്രമായിരുന്നു. അതു പിഴവുകളില്ലാതെ മനോഹരമാക്കാനും പ്രേക്ഷക മനസുകളിൽ ഒരു വിങ്ങലവശേഷിപ്പിക്കുവാനും അദ്ദേഹത്തിനായി. ജീവിതത്തെ തൊടുന്ന, വേദനാനിർഭരമായ ഘട്ടങ്ങളിൽ ഒരു കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്നതിന് കാലാകാലങ്ങളായി ഉദാഹരണമാക്കപ്പെടുന്ന പല മമ്മൂട്ടി മാജിക്കുകളിൽ ഇപ്പോൾ ‘പേരന്‍പി’ലെ അമുദവനുമുണ്ട്. മമ്മൂട്ടിയെന്ന താരത്തെയല്ല, മഹാനടനെത്തന്നെയാണ് റാം ‘പേരൻപി’ൽ ഉപയോഗിച്ചിരിക്കുന്നത്.

m2
ADVERTISEMENT

ജീവിച്ച വൈ.എസ്.ആർ

ശേഷം, തെലുങ്കിൽ ‘യാത്ര’യെന്ന ബയോപിക്കുമായാണ് മമ്മൂട്ടി പ്രേക്ഷകരെ തേടിയെത്തിയത്. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ഏടാണ് ‘യാത്ര’യുടെ പശ്ചാത്തലം. ആന്ധ്രയുടെ ഹൃദയത്തിൽ മഹനീയ സ്ഥാനമുള്ള വൈ.എസ്.ആറായി മമ്മൂട്ടിയുടെ പ്രകടനം ജീവൻ തുടിക്കുന്നതായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രം നേടിയ പ്രേക്ഷക–നിരൂപക പ്രശംസ. നടൻ, താരം എന്നീ നിലകളിൽ മമ്മൂട്ടിയെ എത്തരത്തിൽ ചേരും പടി ചേർത്ത് ഉപയോഗിക്കാം എന്നതാണ് യാത്രയിലൂടെ സംവിധായകൻ മഹി വി രാഘവ് തെളിയിച്ചത്. തെലുങ്കിലെ വൻകിട നായകൻമാരെ ഉപേക്ഷിച്ച് മഹി മലയാളത്തിന്റെ മെഗാസ്റ്റാറിനെ തേടിയെത്തിയത് തന്റെ കഥാപാത്രം അത്രത്തോളം ആഴവും പരപ്പുമുള്ള ഒന്നായതിനാലാണ്. 

മാസ് എന്നാൽ രാജ

മലയാളത്തില്‍ ഈ വർഷം മമ്മൂട്ടിയുടെ ആദ്യ റിലീസ് ‘മധുരരാജ’യായിരുന്നു. മമ്മൂട്ടിയിലെ താരത്തിന്റെ മാസ് പവറായിരുന്നു മധുരാജയുടെ ഹൈലൈറ്റ്. സംവിധായകൻ വൈശാഖും മമ്മൂട്ടിയും പോക്കിരിരാജക്കു ശേഷം കൈ കോർത്തപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ, അതു തന്നെയായിരുന്നു ‘മധുരരാജ’. രണ്ടര മണിക്കൂറിൽ മാസും കോമഡിയുമായി രാജ കസറിയപ്പോൾ ചിത്രം മമ്മൂട്ടിയുടെ ആദ്യ 100 കോടി വിജയമായി.

m3

മണിസാർ ഒരു സാധാരണക്കാരൻ

ഇപ്പോൾ തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന ഉണ്ടയാണ് ഈ വർഷം ഒടുവിൽ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. മമ്മൂട്ടിയിലെ നടനെ വേറിട്ട സാധ്യതകളിലൂടെ പരീക്ഷിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ ഈ ചിത്രത്തിൽ. എസ്.ഐ മണി സാറായി സ്വാഭാവിക പ്രകടനത്തിലൂടെ തന്റെ നടന വൈഭവം മമ്മൂട്ടി ഒരിക്കൽ കൂടി പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുന്നു. ചിത്രം മികച്ച പ്രേക്ഷക–നിരൂപക പിന്തുണയാണ് സ്വന്തമാക്കുന്നത്.

എല്ലാ അർത്ഥത്തിലും ഈ വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മമ്മൂട്ടിയെന്ന നടനെയും താരത്തെയും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ആഘോഷിക്കാനും ആവേശപ്പെടാനുമുള്ള വകകൾ ഇനി വരുന്ന മമ്മൂട്ടി ചിത്രങ്ങളിലും ധാരാളമായുണ്ടാകും.

m5

‘മാമാങ്കം’, ‘ഗാനഗന്ധർവൻ’, ‘പതിനെട്ടാം പടി’ എന്നിവയാണ് താരത്തിന്റെ പുതിയ റിലീസുകൾ. ഒപ്പം ‘അമീർ’, ‘ബോസ്’, ‘ബിലാൽ’ തുടങ്ങി വൻ ചിത്രങ്ങളും ഒന്നിനു പിറകെ ഒന്നായി അണിയറയിൽ ഊഴം കാത്തിരിക്കുന്നു.

 

ADVERTISEMENT