Thursday 07 September 2023 03:45 PM IST : By സ്വന്തം ലേഖകൻ

ആ ചിരി ദുഷ്ടനായ ദുർമന്ത്രവാദിയുടേതോ...? ‘ഭ്രമയുഗം’ സ്പെഷ്യൽ പോസ്റ്റർ സൃഷ്ടിക്കുന്ന കൗതുകങ്ങൾ

mammooty_nre-cvr

വിവിധ കാരണങ്ങളാൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന, വലിയ പ്രതീക്ഷ സമ്മാനിക്കുന്ന, ഒരു സിനിമയാണ്, ചിത്രീകരണം പുരോഗമിക്കുന്ന ‘ഭ്രമയുഗം’. അതിൽ പ്രധാനം ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വില്ലനോ അതോ നായകനോ എന്ന ചോദ്യമാണ്. മറ്റൊന്ന്, വില്ലനായാലും നായകനായാലും ആ കഥാപാത്രം ഒരു ദുർമന്ത്രവാദിയാണെന്ന അഭ്യൂഹങ്ങളാണ്.

ഇവ രണ്ടും ശരിയെങ്കിൽ, ‘ഭൂതകാലം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ഭയത്തിന്റെ വേറിട്ട അനുഭവങ്ങൾ പകർന്ന രാഹുൽ സദാശിവന്റെ രണ്ടാം ചിത്രമായ ‘ഭ്രമയുഗം’ മലയാളത്തിലെ ഏറ്റവും കൗതുകമുള്ള ഒരു റിലീസായാകും തിയറ്ററുകളിലെത്തുക. ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സ്പെഷ്യൽ പോസ്റ്റർ ഇതിനോടകം ചർച്ചയാണ്. കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും, ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമായി കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. ഈ ലുക്ക് മുൻപ് പറഞ്ഞ ‘ദുഷ്ടനായ ദുർമന്ത്രവാദി’ എന്ന വിശേഷണത്തിനു യോജിക്കുന്നതായതിനാൽ‌, മമ്മൂട്ടി നായകനോ അതോ വില്ലനോ എന്ന ചോദ്യം വീണ്ടും സജീവമാകുന്നു.

mammootty-spl-1

മുൻപ് മമ്മൂട്ടി ഒരു ദുർമന്ത്രവാദിയുടെ റോളിൽ എത്തിയത് ഡെന്നിസ് ജോസഫ് ഒരുക്കിയ ‘അഥർവം’ എന്ന ചിത്രത്തിലാണ്. ഷിബു ചക്രവർത്തി എഴുതിയ ചിത്രത്തിൽ, മന്ത്രവാദിയായ അനന്തപത്മനാഭന്‍ എന്ന കഥാപാത്രമായിരുന്നു മമ്മൂക്കയ്ക്ക്. സിൽക്ക് സ്മിതയാണ് നായികതുല്യമായ വേഷത്തിൽ എത്തിയത്. 1989 ജൂൺ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ ചാരുഹാസൻ, ജയഭാരതി, പാർവതി തുടങ്ങി വൻതാരനിരയുമുണ്ടായിരുന്നു. ഇളയരാജ – ഒ.എൻ.വി കുറുപ്പ് ടീമിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം ശ്രദ്ധിക്കപ്പെട്ടു. മമ്മൂക്കയുടെ ലുക്കും പതിവില്ലാത്ത ക്യാരക്ടർ സിലക്ഷനും അക്കാലത്ത് ഏറെ ചർച്ചയായിരുന്നു.

പിന്നീട് ഇത്രകാലത്തിനിടെ മമ്മൂട്ടി ഒരു മന്ത്രവാദിയുടെ വേഷത്തിൽ അഭിനയിച്ചിട്ടില്ല. അതിനാൽ, ‘ഭ്രമയുഗം’ അത്തരമൊരു സാധ്യതയാണ് ഉപയോഗിക്കുന്നതെങ്കിൽ ആരാധകർ ആവേശത്തിലാകുമെന്നതിൽ തർക്കമില്ല.

mammootty-spl-5

അതേ പോലെയാണ് വില്ലന്‍ വേഷവും. കരിയറിന്റെ തുടക്കകാലത്ത് നെഗറ്റീവ് ഷെയ്ഡുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നായകനിരയിൽ സജീവമായി, താരപദവിയിലേക്കെത്തിയ ശേഷം അത്തരം റോളുകൾ അദ്ദേഹം വളരെക്കുറച്ചേ അവതരിപ്പിച്ചിട്ടുള്ളു. അതും കൂടുതലൊന്നുമില്ല, മൂന്നെണ്ണം – ‘വിധേയന്‍’ലെ ഭാസ്കര പട്ടേലരും ‘പലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’യിലെ മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും ‘പുഴു’വിലെ കുട്ടനും.

mammootty-spl-4

മൂന്നും മമ്മൂട്ടിയുടെ കരിയറിലെ എണ്ണം പറഞ്ഞ മൂന്ന് സിനിമകളും കഥാപാത്രങ്ങളുമായി എന്നതിനൊപ്പം, നടനത്തിന്റെ ലോഹതീവ്രതയിലേക്കുള്ള അദ്ദേഹത്തിന്റെ പരകായപ്രവേശങ്ങളുമായി.

mammootty-spl-2

ഭാസ്കര പട്ടേലരും മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും കുട്ടനും പണത്തിന്റെയും സ്വാധീനത്തിന്റെയും ഒട്ടൊക്കെ വരേണ്യബോധത്തിന്റെയും പിടിയിലമർന്ന ദുഷ്ടമനസ്സുകളെങ്കിലും ഭാവത്തിലും ചലനത്തിലും സംസാരത്തിലും മൂന്നിനെയും ഒന്നിനൊന്നു വേറിട്ടു നിർത്താൻ മമ്മൂട്ടിയ്ക്കായി. കിണഞ്ഞു ശ്രമിച്ചാലും സാമ്യതകൾ കണ്ടെത്താനാകാത്ത പ്രകടനങ്ങൾ. മമ്മൂട്ടിയിലെ ‘വില്ലനെ’ പ്രേക്ഷകർ നായകനായി സ്വീകരിച്ച അനുഭവങ്ങൾ.

mammootty-spl-3

അക്കൂട്ടത്തിലേക്കാണ് ഭ്രമയുഗത്തിന്റെ വരവെങ്കിൽ സംശയം വേണ്ട, മമ്മൂട്ടിയുടെ മറ്റൊരു ‘മനോഹര വില്ലൻ’ വീണ്ടും ബിഗ് സ്ക്രീനിൽ അവതരിക്കും. ഇങ്ങനെയൊരു പ്രവചനത്തിനുള്ള എല്ലാ പ്രതീക്ഷയും പകരുന്നതാണ് ഭ്രമയുഗത്തിന്റെ സ്പെഷ്യൽ പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്ക്. അദ്ദേഹം ആ ചിരിയിലൊളിപ്പിക്കുന്നതെന്തെന്ന ആകാംക്ഷ ഇനി ഓരോ പ്രേക്ഷകന്റെയും കാത്തിരിപ്പിന്റെ സമ്മർദ്ദത്തെ നിർണയിക്കും– ഉറപ്പ്!