Monday 23 August 2021 03:06 PM IST

‘പലർക്കുമുള്ള ഒരു ഉത്തരമായിരുന്നു എന്റെ കുട്ടിയമ്മ’: ഉർവശിക്കു പകരം കുട്ടിയമ്മയായ കഥ പറഞ്ഞ് മഞ്ജു പിള്ള

V.G. Nakul

Sub- Editor

manju-pillai-1

കുട്ടിയമ്മ ഒരു സിനിമാറ്റിക് കഥാപാത്രമല്ല. നമ്മുടെയൊക്കെ അമ്മമാരുടെ പലതരം ഛായകളുള്ള ‘റീലിലെ റിയല്‍’ ക്യാരക്ടറാണ്. സ്വാഭാവികമായ പ്രകടനത്തിലൂടെ കുട്ടിയമ്മയായി ജീവിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ള ആ കഥാപാത്രത്തെ പൂർണതയിലെത്തിക്കുകയും ചെയ്തു.

‘ഹോം’ എന്ന ഫീൽഗുഡ് സിനിമയുടെ വിജയത്തില്‍ ഒലിവർ ട്വിസ്റ്റിനൊപ്പം കുട്ടിയമ്മയും നിറഞ്ഞു നിൽക്കുന്നതും ഇക്കാരണത്താലാണ്.

അഭിനയ രംഗത്തെത്തി 30 വർഷം കഴിഞ്ഞിട്ടും ഇത്ര ശക്തമായ ഒരു കഥാപാത്രം ഇത്ര കാലത്തിനിടെ മഞ്ജുവിനെ തേടിയെത്തിയിരുന്നില്ല. കുറച്ച് വൈകിയെങ്കിലും കിട്ടിയ അവസരം മഞ്ജു കൃത്യമായി ഉപയോഗിച്ചിരിക്കുന്നു. വർഷങ്ങളെത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സുകളില്‍ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാക്കി കുട്ടിയമ്മയെ മാറ്റാൻ മഞ്‍ജുവിനായി. ഇത് മഞ്ജു പിള്ളയുടെ അഭിനയ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കം എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്.

‘‘പത്ത് മുപ്പത് വർഷമായി ഞാന്‍‌ ഈ ഫീൽഡില്‍ നിൽക്കുന്നു. ഇതുവരെ ഇങ്ങനെയൊരു നല്ലപേര് കേൾപ്പിച്ചിട്ടില്ല’’ എന്നാണ് സംവിധായകൻ രഞ്ജിയേട്ടൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത്. രഞ്ജിയേട്ടൻ ചിരിച്ചു. സത്യം, റിലീസ് ചെയ്ത അന്നു മുതൽ എനിക്ക് ഫോൺ താഴത്തു വയ്ക്കാൻ പറ്റിയിട്ടില്ല. അഭിനന്ദനങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ പലരും വിളിച്ചു കൊണ്ടേയിരിക്കുന്നു. ഈ ഓണം ശരിക്കും എന്റെ ഓണമാണ്’’.– മഞ്ജുവിന്റെ വാക്കുകളിൽ സന്തോഷത്തിന്റെ തിളക്കം.

manju-pillai-2

‘‘കൊമേഴ്സ്യൽ സിനിമയിൽ ഇത്ര ഗംഭീരമായ ഒരു കഥാപാത്രം മുൻപ് എനിക്കു ലഭിച്ചിട്ടില്ല. നാല് പെണ്ണുങ്ങൾ, രാമാനം, ജലാംശം തുടങ്ങിയ സമാന്തര സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കിട്ടിയിരുന്നെങ്കിലും ഒരു മുഖ്യധാരാ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ആദ്യ വേഷം കുട്ടിയമ്മയാണ്’’. – മഞ്ജു ‘വനിത ഓൺലൈനോട്’പറയുന്നു.

എന്റെ അമ്മയാണ് കുട്ടിയമ്മ

എന്റെ അമ്മയാണ് കുട്ടിയമ്മ. വേറെ എങ്ങോട്ടും അന്വേഷിച്ചു പോകണ്ട. എന്റെ വീട്ടിൽ എന്റെ അമ്മയെ നോക്കിയാൽ മതി. എന്റെ അമ്മ മാത്രമല്ല, സംവിധായകൻ റോജിന്റെ അമ്മയും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ച എല്ലാവരുടെയും അമ്മമാരും കുട്ടിയമ്മയാണ്. ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയുമൊക്കെ എന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ വായിച്ചാൽ അതു മനസ്സിലാകും. കുട്ടിയമ്മ എന്റെ അമ്മയാണ്, എന്റെ അമ്മയെ കാണാന്‍ പറ്റി, എന്റെ അമ്മയെ ഞാൻ മിസ് ചെയ്യുന്നു എന്നൊക്കെയാണ് പലരും എഴുതുന്നത്. അറുപത് വയസ്സുള്ള ഒരു വ്യക്തി എന്നെ വിളിച്ച് പറഞ്ഞത് മഞ്ജു ഇപ്പോൾ എനിക്കെന്റെ അമ്മയെപ്പോലെയാണെന്നാണ്. ഇതാണ് ഒരു കഥാപാത്രത്തിന്റെ വിജയം. അതാണ് വലിയ പുരസ്കാരവും.

മഞ്ജു പിള്ളയെ കാണരുത്

പല്ലിന്റെ പ്രത്യേകത മേക്കപ്പ് മാൻ റോണക്സിന്റെ സംഭാവനയാണ്. മേക്കപ്പ് വേണ്ട, ചെറിയ നര വേണം എന്നൊക്കെ ആദ്യമേ പറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ മാനറിസങ്ങൾ തിരഞ്ഞെടുത്തതിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചിട്ടുണ്ട്. എല്ലാം ഉള്ളിലൊതുക്കി, എന്നാൽ ഒരാളോടുള്ള ദേഷ്യം മറ്റൊരാളോട് തീർക്കുന്ന സാധാരണ വീട്ടമ്മ എന്നാണ് റോജിൻ ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞു തന്നത്. എന്റെ അമ്മയൊക്കെ അങ്ങനെയാണ്. എന്നെ വഴക്ക് പറയാന്‍ പറ്റിയില്ലെങ്കിൽ പട്ടിയെയൊക്കെ ചീത്ത വിളിക്കുന്നതു കാണാം. അഭിനയിക്കുമ്പോൾ റോജിൻ ഫുൾ ഫ്രീഡം തന്നു. കാണികൾ സ്ക്രീനിൽ മഞ്ജു പിള്ളയെ കാണരുത് എന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ വളരെ ശ്രദ്ധിച്ചാണ് അഭിനയിച്ചത്. പലർക്കുമുള്ള ഒരു ഉത്തരമായിരുന്നു എന്റെ കുട്ടിയമ്മ. എനിക്ക് ഇങ്ങനെ ഒരു ക്യാരക്ടർ ചേരുമോ എന്നുള്ള ഒരു തെളിയിക്കൽ കൂടിയായിരുന്നു. എഴുപത്തി അഞ്ച് ശതമാനവും സംവിധായകകന്റെ സംഭാവനയാണ് കുട്ടിയമ്മയുടെ ജീവൻ. അവസാനം പൊട്ടിത്തെറിക്കുന്ന സീനൊക്കെ ചേച്ചിയങ്ങ് ചെയ്താൽ മതിയെന്നാണ് റോജിൻ പറഞ്ഞത്. റിഹേഴ്സൽ പോലും നോക്കാതെ ഞാൻ അഭിനയിക്കുകയായിരുന്നു. ഒറ്റ ടേക്കിൽ ഓക്കെയായി.

manju-pillai-3

ഉർവശിച്ചേച്ചിക്കു പകരം

ക്യാരക്ടറിന് പ്രാധാന്യമുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഇത്രയും വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല. ഉർവശിച്ചേച്ചി ചെയ്യാനിരുന്ന ക്യാരക്ടറാണ്. ചേച്ചിക്ക് എത്താൻ പറ്റാത്ത സാഹചര്യമായതിനാൽ എന്നെ വിളിക്കുകയായിരുന്നു. തിരക്കഥ വായിച്ചു കഴിഞ്ഞ് സംവിധായകനോട് സംസാരിച്ചപ്പോൾ ബാക്കിയൊക്കെ നമുക്ക് അവിടെ ചെയ്യാം ചേച്ചീ എന്നാണ് പറഞ്ഞത്. ഷോട്ടിൽ വരുന്ന മോഡിഫക്കേഷനാണ് വേണ്ടതെന്ന് റോജിൻ പറഞ്ഞിരുന്നു.

ഇന്ദ്രേട്ടന്‍

ഇന്ദ്രേട്ടനുമായി 25 വർഷത്തെ ബന്ധമാണ്. എന്റെ ഒരു ചക്കര ചേട്ടനാണ് ഇന്ദ്രേട്ടന്‍. തങ്കപ്പെട്ട മനുഷ്യൻ. ഞാൻ ഇന്ദ്രേട്ടനോടും വൈഫ് ശാന്തേച്ചിയോടും ചോദിക്കും, ഞാൻ നിങ്ങളെ എന്റെ വീട്ടിൽ കൊണ്ടു പോയി നോക്കിക്കോട്ടേന്ന്. അത്ര നല്ല വ്യക്തികളാണ്. ഞാൻ ഇടയ്ക്ക് അവരുടെ വീട്ടിൽ പോകും. ഭക്ഷണം കഴിക്കും. അത്ര അടുപ്പമാണ് കുടുംബങ്ങൾ തമ്മിൽ. അഭിനയിക്കുമ്പോൾ പരസ്പരം അഭിപ്രായങ്ങൾ തേടിയാണ് ഓരോ ഷോട്ടും ചെയ്തത്. ഞങ്ങളുടെ മാനസികമായ അടുപ്പം ഒന്നിച്ചുള്ള സീനുകളിൽ കൂടുതൽ ഗുണകരമായിട്ടുണ്ട്. വിജയ് ബാബുച്ചേട്ടൻ, റോജിൻ, നീൽ, ശ്രീനാഥ് ഭാസി, നെൽസൺ, രാഹുൽ, അസോഷ്യേറ്റ് കുട്ടികൾ തുടങ്ങി എല്ലാവരും തമ്മിൽ വളരെ മാനസിക ഐക്യത്തിലായിരുന്നു. അതാണ് ഹോമിന്റെ വിജയം. സിനിമ കണ്ട് ഇൻഡസ്ട്രിയിൽ നിന്ന് ഒത്തിരിപ്പേർ വിളിച്ചു. ഋഷിരാജ് സിങ് സാർ സിനിമ കണ്ട് വിളിച്ചിരുന്നു. സിനിമയിലെ എന്റെ പല്ല് വെപ്പാണോ എന്ന് ചോദിച്ചു. അതേയെന്ന് ഞാൻ പറഞ്ഞപ്പോൾ, കുറച്ച് കഴിഞ്ഞ് ഞാനത് കണ്ടില്ലല്ലോയെന്നായി അദ്ദേഹം. സാറ് അതുമായിട്ടങ്ങ് യോജിച്ച് പോയതു കൊണ്ട് കാണാഞ്ഞതാണെന്ന് ഞാൻ പറഞ്ഞു.