Wednesday 26 August 2020 03:36 PM IST

‘5 പോത്തുകളും 4 ആടുകളും കൊണ്ട് തൊടങ്ങീതാണ് ഈ വ്യാപാരം’! ‘പിള്ളാസ് ഫാം ഫ്രഷ്’ മഞ്ജുവിന് ചിരിയല്ല, ജീവിതമാണ്

V.G. Nakul

Sub- Editor

manju-1

പാട്ടത്തിനെടുത്ത ഏഴര ഏക്കറിലെ തൊഴുത്തിൽ നിന്ന് പോത്തുകളുടെ കരച്ചിൽ ഉയരുമ്പോൾ തൊട്ടടുത്ത വിശ്രമ മുറിയിൽ മഞ്ജു പിള്ള ഭർത്താവ് സുജിത്തിന്റെ കാതിൽ മന്ത്രിക്കും,‘എന്ത് മനോഹരമാണ് അവറ്റകളുടെ ശബ്ദം കേൾക്കാൻ’. അപ്പോള്‍ സുജിത്ത് പറയും, ‘ശരിയാണ്, ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങും പോലെ’യുണ്ടല്ലേ എന്ന്..!!!

നാടാടിക്കാറ്റിലെ ദാസനും വിജയനും പറയും പോലെ വെറുതേ ഡയലോഗ് പറഞ്ഞ് കളിക്കുകയല്ല ഈ സിനിമാ ദമ്പതികൾ. കുറേ നാൾ കണ്ട സ്വപ്നത്തിന് ലോക്ക് ഡൗൺ കാലത്ത് പച്ചക്കൊടി വീശി മണ്ണിലേക്ക് ഇറങ്ങിയിരിക്കുകയാണ് മഞ്ജുവും ഭർത്താവും സംവിധായകനുമായ സുജിത്ത് വാസുദേവും. തിരക്കുകളിൽ നിന്ന് ബ്രേക്ക് കിട്ടിയപ്പോൾ ഹോബിക്ക് സമയം കണ്ടെത്തിയതാണോ എന്ന് ചോദിച്ചാൽ ഉടൻ വരും മറുപടി, ‘ഒരിക്കലുമല്ല...പക്ഷേ, ഒരു കാര്യം മനസ്സിലായി, ഏറ്റവും എളുപ്പമുള്ള ജോലി അഭിനയം ആണെന്ന്’.

പെട്ടെന്നു തുടങ്ങിയ ഫാമിൽ ആളെ കിട്ടാത്തതു കൊണ്ട് പോത്തിനെ കുളിപ്പിക്കുകയും അടിനെ കറക്കുകയും വരെ ചെയ്യേണ്ടി വന്നതിന്റെ കഥ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുമ്പോൾ പലപ്പോഴും ചിരി അകമ്പടിയായി ഉണ്ടായിരുന്നു. ‘തട്ടീം മൂട്ടീം’ ലെ മോഹനവല്ലി സ്‌റ്റൈലിൽ പുതിയ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചിരി നായിക.

manju-4

പിള്ളാസ് ഫാം ഫ്രഷ്’

കഴിഞ്ഞ നവംബറിലാണ് ആറ്റിങ്ങൽ അവനവൻ ചേരിയിലെ കൈപ്പറ്റിമുക്കില്‍ ഏഴര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഞങ്ങൾ ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന പേരിൽ ഫാം തുടങ്ങിയത്. എന്റെയും സുജിത്തിന്റെയും വലിയ ആഗ്രഹമായിരുന്നു. കുറച്ചു കാലമായി പ്ലാൻ ചെയ്യുന്നു. രണ്ടു പേർക്കും സമയമില്ലാത്തതിനാൽ നീണ്ടു പോയി. പെട്ടെന്ന് ഒരു സർപ്രൈസ് പോലെ ഇങ്ങനെ ഒരു സ്ഥലം എടുത്തിട്ടുണ്ടെന്ന് സുജിത്ത് പറഞ്ഞപ്പോൾ തുടങ്ങാം എന്നു തീരുമാനിച്ചു.

ആദ്യം എന്റെ ഒരു കസിൻ നടത്തിക്കൊള്ളാം എന്ന് ഏറ്റതാണ്. പശുവിനെ വളർത്തി ശുദ്ധമായ പാൽ വിപണിയിലെത്തിക്കാം എന്നായിരുന്നു ചിന്ത. ഞങ്ങൾക്ക് സമയമില്ലാത്തതിനാൽ, ‘നിങ്ങൾ ഒന്നും അറിയണ്ട. കണക്ക് ബോധിപ്പിച്ച് ലാഭം തന്നോളാം’ എന്നു പറഞ്ഞപ്പോൾ അതാണു നല്ലതെന്നു തോന്നി. പക്ഷേ, അവസാന നിമിഷം പുള്ളി പിൻമാറി. അതോടെ വസ്തുവിന് വെറുതേ വാടക കൊടുക്കേണ്ട സ്ഥിതിയായി. രണ്ടു മാസം കഴിഞ്ഞ്, ഫെബ്രുവരി ആയപ്പോൾ, ‘‘ഇനി ഒന്നും നോക്കാനില്ല, നമുക്ക് ഇറങ്ങാം’’ എന്ന് സുജിത്ത് പറഞ്ഞു.

manju-6

പ്രതിസന്ധികൾ

പുഴയുടെ തീരത്താണ് ഫാം. നിറയെ പച്ചപ്പും കാടുമൊക്കെയുള്ള ലൊക്കേഷൻ. നേരത്തേ അവിടെ ഒരു ഡയറി ഫാം പ്രവർത്തിച്ചിരുന്നു. ഞങ്ങൾ ഏറ്റെടുക്കുമ്പോൾ ആറ് ഏക്കറില്‍ തീറ്റപ്പുല്ലും ബാക്കി സ്ഥലത്ത് ഒരു പഴയ തൊഴുത്തും കെട്ടിടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഷൂട്ടിനിടയിലെ ബ്രേക്കിൽ സുജിത്ത് ഹൈദരാബാദിൽ നിന്നും ഞാൻ കൊച്ചിയിൽ നിന്നും വന്നു. ആദ്യം കാട് വെട്ടിത്തെളിച്ചു. പൊസിഷന്‍ പ്ലാൻ ചെയ്ത്, പണി തുടങ്ങിയപ്പോഴേക്കും ലോക്ക് ഡൗൺ ആയി. അതോടെ വീണ്ടും ഒരു മാസം വെറുതേ പോയി. യാത്ര പറ്റില്ല, പണിക്ക് ആളെ കിട്ടില്ല എന്നിങ്ങനെ പല പ്രശ്നങ്ങൾ. ലോക്ക് ഡൗൺ സമയത്ത് കൃഷി ചെയ്യാനുള്ള അനുമതി സർക്കാർ നൽകിയപ്പോൾ വീണ്ടും പണി തുടങ്ങി.

manju-2

എന്റെ തിരുവനന്തപുത്തെ വീട്ടിൽ നിന്ന് 30 കിലോമീറ്റർ യാത്രയുണ്ട് ഫാമിലേക്ക്. ഞങ്ങൾ എന്നും രാവിലെയും വൈകിട്ടും കാറിൽ അങ്ങോട്ട് പോയി വന്ന് പണിയെടുക്കാൻ തുടങ്ങി. ഏകദേശം രണ്ടു മാസത്തോളം തുടർച്ചയായി ഈ യാത്രയായിരുന്നു. പണിക്കാരെ കണ്ടെത്താനും മറ്റും സ്ഥലത്തിന്റെ ഉടമസ്ഥനും കുറേ സഹായിച്ചു. അതിനിടെ ഒരു ഭാര്യയും ഭർത്താവും ജോലിക്കാരായി വന്നെങ്കിലും അവർ രണ്ടു മാസം കഴിഞ്ഞപ്പോൾ പെട്ടെന്ന് പോയി. അതോടെ വീണ്ടും പെട്ടു. ഞങ്ങൾക്ക് രണ്ടു പേർക്കും മാത്രമായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ആഗ്രഹവും മനസ്സുമുണ്ടെങ്കിലും ശീലമില്ലാത്ത ജോലിയാണ്. അതിനിടെ 5 പോത്തുകളെയും 4 ആടുകളെയും 250 കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീൻ കൃഷിക്കുള്ള പണിയും തുടങ്ങി.

ഒടുവിൽ തനിയെ ചെയ്തു തുടങ്ങി

ജോലിക്കാർ പോയപ്പോൾ ഞങ്ങൾ ആകെ ബ്ലാങ്ക് ആയി. അപ്പോഴും സുജിത്താണ് മുന്നോട്ടു വന്നത്. ഒരു ദിവസം ചോദിച്ചു, ‘നമ്മൾ തുടങ്ങുവല്ലേ’ എന്ന്. ‘തുടങ്ങാം’ എന്നു ഞാനും പറഞ്ഞു. ഞങ്ങൾ രണ്ടാളും അന്തസുള്ള എന്തു ജോലിയെടുക്കാനും നാണക്കേടില്ലാത്ത ആളുകളാണ്. അങ്ങനെ ഞങ്ങൾ ഇറങ്ങി. ആദ്യം പോത്തുകളെ കുളിപ്പിച്ചു. തൊഴുത്ത് കഴുകി. പ്രോപ്പർട്ടിയിൽ 4 കുളമുണ്ട്. അവിടെ പോത്തുകളെ കൊണ്ട് വിടും. മുറ ബ്രീഡിൽ പെട്ട പോത്തുകളാണ് ഫാമിൽ ഉള്ളത്. ഉപദ്രവിക്കില്ലെങ്കിലും നല്ല ബലമാണ്. എന്റെ കയ്യിൽ നിൽക്കില്ല. അതിനാൽ കുളത്തിലേക്ക് കൊണ്ടു പോകുന്നതും അഴിച്ചു കെട്ടുന്നതുമൊക്കെ സുജിത്ത് ആണ്. പുല്ല് വെട്ടിയിട്ട് കൊടുത്തു. തീറ്റ കലക്കിക്കൊടുത്തു. എനിക്കറിയില്ലെങ്കിലും ആടിനെ കറന്നു. ആദ്യ ദിവസം വിജയിച്ചില്ല. പിറ്റേദിവസം രണ്ടും കൽപ്പിച്ച് കറന്നു. പാൽ വന്നു.

പോത്ത് കട്ടവടം –

അതിനിടെയാണ് ‘ക്വയ്‌ലോൺ മുറ ഫാമു’കാർ വന്ന് ഞങ്ങളോട് സംസാരിച്ചത്. അവർക്ക് തിരുവനന്തപുരത്ത് ബ്രാഞ്ച് ഇല്ല. ഒന്നിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചു. ആലോചിച്ച ശേഷം ഞങ്ങൾ സമ്മതിച്ചു. അങ്ങനെ ഞങ്ങളുടെ ‘പിള്ളാസ് ഫാം ഫ്രഷ്’ ‘ക്വയ്‌ലോൺ മുറ ഫാമു’മായി സഹകരിച്ച് പോത്ത് കച്ചവടം തുടങ്ങി.

ഹരിയാനയിൽ നിന്ന് മുറ ബ്രീഡിലുള്ള പോത്തിനെ കൊണ്ടുവന്ന് മറിച്ചു വിൽക്കുന്നതാണ് ഡീൽ. 4 ദിവസം കൊണ്ട് വിറ്റു പോകും. മുറ പോത്തുകൾക്ക് ഇവിടെ ഡിമാന്റ ് കൂടുതലാണ്. ആദ്യ ഘട്ടത്തിൽ വന്ന 37 പോത്തുകൾ ഇതിനോടകം വിറ്റു പോയി. രണ്ടാം ഘട്ടത്തിൽ 32 പോത്തുകൾ വന്നു. അടുത്ത ലോഡ് 34 എണ്ണം ഉടൻ വരും. 3 ജോലിക്കാരെയും ഏർപ്പാടാക്കി.

കോവിഡ് 19 മാനദണ്ഡ‍ങ്ങൾ കൃത്യമായി പാലിച്ചാണ് ഹരിയാനയിൽ നിന്ന് പോത്തുകളെ എത്തിക്കുന്നത്. കൊണ്ടു വരുന്നവയെ കുളിപ്പിച്ച് സാനിറ്റൈസ് ചെയ്യിച്ചാണ് ഫാമിൽ കയറ്റുക. അവിടെ നിന്നു വരുന്നവരുടെയും ആരോഗ്യം ശ്രദ്ധിക്കാറുണ്ട്.

manju-5

ലക്ഷ്യം ഫാം ടൂറിസം

ലോക്ക് ഡൗണിനും കൊറോണയുടെ വരവിനും മുമ്പേ പ്ലാൻ ചെയ്ത ആശയമാണ്. ലോക്ക് ഡൗൺ വന്നപ്പോൾ കൂടുതൽ സമയം കിട്ടി. ഷൂട്ട് ഇല്ലാത്തതിനാൽ തിരക്ക് കുറവായിരുന്നു. അതേ പോലെ കഷ്ടപ്പെട്ടു. അഭിനയിക്കുന്നതാണ് ഏറ്റവും എളുപ്പമെന്നും മനസ്സിലായി. ഇനി ആട് കൃഷിയും പച്ചക്കറി കൃഷിയുമൊക്കെ സജീവമാക്കണം. ഒരു ഫാം ടൂറിസമാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. അതിനു വേണ്ടി ഹട്ടുകൾ നിർമിക്കുന്നതാണ് അടുത്ത പടി.

50 ലക്ഷം ചെലവ്

50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 18 ലക്ഷം മുടക്കി. സത്യത്തിൽ മകളെ പഠിപ്പിക്കാൻ വേണ്ടി മാറ്റി വച്ചിരുന്ന പണമാണ് ഫാമിന് വേണ്ടി മുടക്കിയിരിക്കുന്നത്. സുജിത്തിന്റെയും എന്റെയും ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കാം എന്ന ആശയത്തിലാണ് ഫാമിന്റെ തുടക്കം. അങ്ങനെയാണ് മോൾക്ക് വേണ്ടി മാറ്റി വച്ചിരുന്ന 25 ലക്ഷം രൂപയോളം എടുത്ത് ചെലവാക്കിയത്. അതോടെ കയ്യിലുള്ള കാശ് മൊത്തം തീർന്നു.

കാണുന്നവർക്ക് തോന്നും ഞങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ടെന്ന്. പലരും പറയുന്നത് കാശുള്ളവർക്ക് എന്തും ആകാമല്ലോ എന്നാണ്. സത്യത്തിൽ അതു കേൾക്കുമ്പോൾ ചിരി വരും. എനിക്കല്ലേ എന്റെ അവസ്ഥ അറിയൂ.

ഭാവിയിൽ വരുന്ന വർക്കുകളിൽ നിന്നുള്ള വരുമാനവും ഇതിന്റെ ലാഭവും വച്ച് മുന്നോട്ടു കൊണ്ടു പോകാം എന്നു കരുതിയിരുന്നപ്പോഴാണ് കോവിഡും ലോക്ക് ഡൗണും വന്നത്. ഇപ്പോൾ വർക്ക് ഇല്ല. ഒപ്പം ഫ്ലാറ്റിന്റെ ബാധ്യതയും മോളുടെ പഠന ചെലവും ഇതിന്റെ ചെലവും എല്ലാം കൂടി ആകെ ടൈറ്റായി. ഇപ്പോൾ ലോണും മറ്റും ആണ് ആശ്രയം. എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷ.– മഞ്ജുവിന്റെ വാക്കുകളിൽ പ്രതീക്ഷ.