Friday 06 November 2020 11:56 AM IST

'10 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാന്‍ പറ്റുമോ' ? 85 ല്‍ നിന്ന് 64 ല്‍ എത്തിയ കഥ: മഞ്ജു പിള്ള പറയുന്നു

V.G. Nakul

Sub- Editor

manju-1

മലയാളത്തിന്റെ പ്രിയനടിയാണ് മഞ്ജു പിള്ള. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ സമയം നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍, അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞതിങ്ങനെ - 'മഞ്ജുവിന് ആകെ ഒരു മേക്കോവര്‍ ഫീല്‍'. 

ആരാധകരുടെ ഈ സംശയത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ മഞ്ജു ചിരിയോടെ പറഞ്ഞു -

'മേക്കോവര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, ഞാനിപ്പോള്‍ ശരീരഭാരം 64 കിലോ ആക്കി കുറച്ചിട്ടുണ്ട്. ആ ചിത്രം അതിനു ശേഷം എടുത്തതാണ്'. 

എങ്കില്‍ പിന്നെ മഞ്ജുവിന്റെ ഈ മേക്കോവറിനു പിന്നിലെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കും കൗതുകമുണ്ടാകുമല്ലോ. അതേക്കുറിച്ച് മഞ്ജു 'വനിത ഓണ്‍ലൈനി'ല്‍ മനസ്സ് തുറക്കുന്നു.

'ഡയറ്റിലൂടെയാണ് ഞാന്‍ ശരീരഭാരം ഇത്രയും കുറച്ചത്. ഒരു വര്‍ഷത്തിലേറെയായി ഡയറ്റ് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ചെയ്യും. വിടും. വീണ്ടും തടി കൂടി എന്നു തോന്നുമ്പോള്‍ ചെയ്യും. വിടും. ഇതാണ് എന്റെ രീതി. തിരുവനന്തപുരത്തെ ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ഡയറ്റ് ആണ് ചെയ്യുന്നത്. നേരത്തേ ഞാന്‍ 85 കിലോ ആയിരുന്നു. അതില്‍ നിന്നാണ് പടി പടിയായി കുറച്ചു കൊണ്ടു വന്നത്. എന്റെ ബോഡി വെയിറ്റ് എപ്പോഴും ഒരു പരിധിക്കപ്പുറം കുറയ്ക്കാന്‍ ലക്ഷ്മി സമ്മതിക്കാറില്ല. 

ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ഇണങ്ങുന്ന തരം ഡയറ്റാണ് ലക്ഷ്മി തരുക. ഡയറ്റ് തുടങ്ങും മുമ്പ് ഹെല്‍ത്ത് ചെക്കപ്പ് നടത്തി, ഭക്ഷണ ശീലങ്ങള്‍ മനസ്സിലാക്കി, ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യത്തിനും യോജിക്കുന്ന ഡയറ്റ് സ്‌റ്റൈല്‍ നിര്‍ദേശിക്കും. ഞാന്‍ നോന്‍ വെജിനോട് വലിയ താല്‍പര്യമുള്ള ആളല്ലാത്തതിനാല്‍ എനിക്ക് പ്രോട്ടീന്‍ ടൈപ്പ് ഡയറ്റ് ആണ് തന്നത്. സോയ, കടല, പയര്‍ എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങള്‍. അത് പാചകം ചെയ്തും കഴിക്കാം. വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ഞാന്‍ നല്ല മടിയുള്ള ആളാണ്. തുടര്‍ച്ചയായി ചെയ്യാറില്ല. അതിനാല്‍ ഡയറ്റ് മാത്രമാണ് കൃത്യമായി പിന്തുടരുന്നത്. 

manju-2

പെട്ടെന്ന് ശരീര ഭാരം കുറയുന്ന തരം ഡയറ്റ് ലക്ഷ്മി നിര്‍ദേശിക്കാറില്ല. 5 ദിവസം കൊണ്ട് 5 കിലോ കുറയ്ക്കുന്ന തരം പരിപാടി ഇല്ല. 2 ആഴ്ച കൊണ്ട് 4 മുതല്‍ 5 കിലോ വരെ കുറയ്ക്കുന്ന തരത്തിലാണ് പ്ലാന്‍ ചെയ്യുക. ലക്ഷ്മി എന്റെ അടുത്ത  സുഹൃത്ത് കൂടിയാണ്. ഒരു ദിവസം 10 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കണം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, ഒറ്റ ചവിട്ടിട്ടു തന്നാല്‍ എവിടെ പോയി കിടക്കാമോന്നറിയാമോ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. അത്തരത്തില്‍ നമ്മളുടെ ആരോഗ്യം പരിഗണിച്ചു കൊണ്ടുള്ള രീതിയാണ് ലക്ഷ്മിയുടെത്. സിനിമയിലുള്‍പ്പടെയുള്ള ഒരുപാട് പേര്‍ ലക്ഷ്മിയുടെ ഡയറ്റ് പ്ലാന്‍സ് ഫോളോ ചെയ്യുന്നവരാണ്. 

ഞാന്‍ ഇടയ്ക്കിടെ 70, 72, 73 വരെ കൂടും. വീണ്ടും കുറച്ച് 69, 68, 67 ല്‍ എത്തിക്കും. അതിനു ശേഷം കുറച്ചു കൂടി കുറഞ്ഞാല്‍ കൊള്ളാം എന്ന എന്റെ ആഗ്രഹത്തിലാണ്, ലക്ഷ്മിയുടെ കയ്യും കാലും പിടിച്ച് 64 ല്‍ എത്തിച്ചത്. ഇനി അല്‍പ്പം കൂടിയാലും അനായാസം നിയന്ത്രിക്കാമല്ലോ....' - മഞ്ജു പറയുന്നു.